ലക്ഷ്മി സനൽ
സിനിമ,സീരിയൽ,നാടക അഭിനേത്രി സേതുലക്ഷ്മിയുടെയും, പരേതനായ നാടക അഭിനേതാവ് അർജ്ജുനന്റെയും മകളായി കൊല്ലം ജില്ലയിലാണ് ലക്ഷ്മി ജനിച്ചത്. അച്ഛനും അമ്മയും നാടക അഭിനേതാക്കളായിരുന്നതിനാൽ സ്ക്കൂൾ പഠനകാലത്തുതന്നെ ലക്ഷ്മിയ്ക്ക് അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു. പത്താംക്ലാസിൽ പഠിയ്ക്കുമ്പോളാണ് ലക്ഷ്മി ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. ഹരിശ്രീ തിയ്യേറ്ററിന്റെ പ്രതിയോഗി എന്ന നാടകത്തിലായിരുന്നു ആദ്യാഭിനയം. നാടകരംഗത്ത് സജീവമായതിനുശേഷം ലക്ഷ്മി ഒരു വർഷം 16 - 17 നാടകങ്ങൾ വരെ ചെയ്തിട്ടുണ്ട്.
നാടകരംഗത്തുനിന്നും സീരിയൽ അഭിനയരംഗത്തേയ്ക്കെത്തിയ ലക്ഷ്മി ആദ്യമായി അഭിനയിച്ച സീരിയൽ കെ കെ രാജീവ് സംവിധാനം ചെയ്ത "ഓർമ്മ" ആയിരുന്നു. തുടർന്ന് അമ്മ, കടമറ്റത്തച്ചൻ, ദേവീമഹാത്മ്യം,സ്വാമി അയ്യപ്പൻ..എന്നിവയടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചു. 2009 -ൽ ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് ലക്ഷ്മി സിനിമാഭിനയരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. തുടർന്ന് നമ്പർ 66 മധുര ബസ്സ് , പാവാട, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ലക്ഷ്മി സനൽ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ സഹോദരൻ കിഷോർ നാടക, ടെലിവിഷൻ അഭിനേതാവാണ്..