ഐ എം വിജയൻ
പരേതരായ അയനിവളപ്പിൽ മണിയുടേയും കൊച്ചമ്മുവിന്റേയും മകനായി തൃശ്ശൂരിൽ ജനിച്ചു. ചർച്ച് മിഷൻ സൊസൈറ്റി ഹൈസ്കൂളിലായിരുന്നു വിജയന്റെ വിദ്യാഭ്യാസം. ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച വിജയൻ തൃശ്ശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സമയത്ത് സോഡ വിറ്റ് പൈസ സമ്പാദിച്ച് തന്റെ വീട്ടുകാരെ സഹായിച്ചിരുന്നു. സ്റ്റേഡിയത്തിൽ സോഡ വിറ്റിരുന്ന സമയത്ത് കണ്ട ഫുട്ബോൾ മത്സരങ്ങൾ വിജയന് ഫുട്ബോൾ കളിയോട് താത്പര്യമുണ്ടാക്കി. സ്കൂൾ വിദ്യാഭ്യാസം ഇടക്ക് വെച്ച് നിർത്തി ഫുട്ബോൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിജയൻ താമസിയാതെ മികച്ച കളിക്കാരനായി മാറി.
ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീമിൽ അംഗമായി. പോലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വലിയ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെസിടി, മിൽസ് ഫഗ്വാര, എഫ് സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്.1992 -ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ ഐ എം വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിക്കുകയും 39 ഗോളുകൾ നേടുകയും ചെയ്തു. 2003 -ലെ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി. 1993, 1997,1999 വർഷങ്ങളിൽ ഇന്ത്യൻ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഐ എം വിജയൻ ഒന്നിലധികം തവണ ഇത് നേടിയ ആദ്യ ഇന്ത്യക്കാരനാണ്. 2003 -ൽ ഐ.എം.വിജയന് അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 2010 -ൽ അദ്ദേഹം തൃശ്ശൂരിൽ സ്വന്തമായി ഒരു ഫുട്ബോൾ സ്കൂൾ ആരംഭിച്ചു. 2017 മാർച്ചിൽ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ യുവജനകാര്യ കായിക മന്ത്രാലയം അദ്ദേഹത്തെ ഫുട്ബോൾ ദേശീയ നിരീക്ഷകനായി നിയമിച്ചു.
ഐ എം വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരൺ (काला हिरण्) ഇതിനുശേഷം ചലച്ചിത്രാഭിനയരംഗത്തേക്കും വിജയൻ പ്രവേശിച്ചു. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന സിനിമയിലൂടെ ഐ എം വിജയൻ മുഖ്യധാരാ സിനിമയിലേയ്ക്ക് പ്രവേശിച്ചു. തുടർന്ന് ആകാശത്തിലെ പറവകൾ,മഹാസമുദ്രം, അബ്രഹാമിന്റെ സന്തതികൾ, പൊറിഞ്ചു മറിയം ജോസ്, ശേഷം മൈക്കിൽ ഫാത്തിമ എന്നിവയുൾപ്പെടെ മുപ്പതിലധികം മലയാള സിനിമകളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.