ബഹദൂർ
മലയാള സിനിമയിലെ ആദ്യകാലനടൻ - പടിയത്ത് ബ്ലാങ്ങാച്ചാലിൽ കൊച്ചുമൊയ്തീൻ സാഹിബിന്റെയും കോട്ടപ്പുറത്ത് നമ്പൂരിമഠത്തിൽ കൊച്ചു കദീജയും 9 മക്കളിൽ മൂന്നാമനായി ജനനം.കുഞ്ഞാലു എന്ന ബഹദൂർ എറിയാട് കേരളവർമ്മ ഹൈ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ആദ്യമായി മുഖത്ത് ചായം തേയ്ക്കുന്നത്. “കല്യാണ കണ്ട്രോൾ ഇൻസ്പെക്ടർ” എന്ന നാടകത്തിലെ പ്യൂണീന്റെ വേഷമായിരുന്നു ആദ്യത്തേത്. എന്നാൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവതരിപ്പിച്ച പൊൻകുന്നം വർക്കിയുടെ “പൂജ” എന്ന നാടകത്തിലെ വേലു എന്ന കഥാപാത്രം ബഹദൂർ എന്ന നടനെ സ്കൂളിനു മാത്രമല്ലാ, നാടിനും പ്രിയങ്കരനാക്കി.
എസ് എസ് എൽ സി നല്ല മാർക്കോടെ പാസ്സായതിനു ശേഷം ഫറൂഖ് കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും കുടുംബ പ്രാരാബ്ധം മൂലം പഠിത്തം ഉപേക്ഷിച്ച് ബസ് കണ്ടക്ടറായി ജോലി ചെയ്യാൻ തുടങ്ങി.എന്നാൽ അഭിനയം മനസ്സിനെ അവേശിച്ച കുഞ്ഞാലു ചുറ്റിത്തിരിഞ്ഞെത്തിയത് തിരുവനന്തപുരത്തായിരുന്നു. അവിടെ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്ന ആത്മസുഹൃത്ത് ഡോ.സിദ്ദിഖിന്റെ വീട്ടിലായിരുന്നു അഭയം. തിരുവനന്തപുരത്തെത്തിയ ആദ്യകാലങ്ങളിൽ ചില അമെച്വർ നാടകങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ കിട്ടിയിരുന്നു. അങ്ങനെയിരിക്കെ ഒരു ബന്ധു വഴിയാണ് തിക്കുറിശ്ശിയെ പരിചയപ്പെടുന്നത്.
അതിനിടയിൽ നീലായുടെ “അവകാശി” (1953) എന്ന ചിത്രത്തിൽ ആയിരങ്ങൾക്കിടയിൽ ഒരാളായി തല കാണിക്കാൻ ഒരവസരം ലഭിച്ചു. പ്രതിഫലമായി കിട്ടിയത് ഒരു കപ്പ് ചായയായിരുന്നു. ഫിലിംകോ പ്രൊഡക്ഷൻസിന്റെ “പുത്രധർമ്മം” എന്ന ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്ന കാലം.സംവിധാനം വിമൽകുമാറും നിർമ്മാണം കെ വി കോശിയുമാണ്.ചിത്രത്തിന്റെ പൊതുവെയുള്ള മേൽനോട്ടമാകട്ടെ തിക്കുറിശ്ശിയ്ക്കും. ‘പുത്രധർമ്മ’ത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ബുദ്ദു എന്ന ബുദ്ധിശൂന്യനായ വേലക്കാരന്റെ കഥാപാത്രം ആദ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് അന്നത്തെ ഹാസ്യസാമ്രാട്ടായിരുന്ന എസ് പി പിള്ളയായിരുന്നു. എന്നാൽ ചില പ്രത്യേകസാഹചര്യങ്ങളിൽ ആ വേഷം ചെയ്യാൻ കുഞ്ഞാലു നിയുക്തനാവുകയായിരുന്നു. തിക്കുറിശ്ശിയാണ് കുഞ്ഞാലുവിനെ ബഹദൂറാക്കി പുത്രധർമ്മത്തിലൂടെ അവതരിപ്പിച്ചത്.
തുടർന്ന് വലുതും ചെറുതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി. ഇതിനിടയിൽ ബഹദൂറിന്റെ നേതൃത്വത്തിൽ നാഷണൽ തിയെറ്റേഴ്സ് എന്ന പേരിൽ ഒരു നാടക കമ്പനിയും തുടങ്ങി.’ബല്ലാത്ത പഹയൻ’, ‘മാണിക്യക്കൊട്ടാരം’, ‘ബർമ്മാബോറൻ’, ‘അടിയന്തരാവസ്ഥ’ തുടങ്ങിയ നാടകങ്ങൾ നാഷണൽ തിയെറ്റേഴ്സ് അവതരിപ്പിക്കുകയുണ്ടായി.
ആദ്യകാലങ്ങളിൽ എസ് പി പിള്ളയോടും പിന്നീട് അടൂർ ഭാസിയോടുമൊപ്പം ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കൂട്ട് മലയാള സിനിമയിലെ ഒരു അവശ്യഘടകമായി ഹാസ്യത്തെ ഉയർത്തി.ബഹദൂറിന്റെ ചലച്ചിത്രപ്രവർത്തനങ്ങൾ അഭിനയത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. ഒരു ഹാസ്യനടൻ എന്നതിലുപരി നല്ല സിനിമയെ സ്നേഹിച്ചിരുന്ന അദ്ദേഹം സിനിമയുടെ വിവിധ മേഖലകളിലും പ്രവർത്തിച്ചു. 1970-ൽ എറണാകുളത്ത് ഇതിഹാസ് പിക്ചേഴ്സ് എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണ സ്ഥാപനം തുടങ്ങി.യൂസഫലി കെച്ചേരിയുടെ സിന്ദൂരച്ചെപ്പ്, മരം എന്നീ ചിത്രങ്ങൾക്കും അസീസിന്റെ മാൻപേട എന്ന ചിത്രത്തിനും സാമ്പത്തിക സഹായം നൽകിയതോടൊപ്പം അമിതാബ് ബച്ചനും മധുവും അഭിനയിച്ച സാത് ഹിന്ദുസ്ഥാനി എന്ന ചിത്രം തിയെറ്ററുകളിൽ എത്തിച്ചു. പക്ഷേ ഇതിഹാസ് പിക്ചേഴ്സ് നഷ്ടത്തിൽ കലാശിച്ചു.
പിന്നീട് ചലച്ചിത്ര നിർമ്മാണരംഗത്തേയ്ക്കിറങ്ങിയ ഇദ്ദേഹം ഭരതന്റെ ആരവം,പി.എ ബക്കറിന്റെ മാൻപേട എന്നീ ചിത്രങ്ങൾ നിർമ്മിച്ചു.
കെ കരുണാകരനെക്കുറിച്ച് “നേതാ കീ കഹാനി” എന്നൊരു ചിത്രവും അദ്ദേഹം നിർമ്മിച്ചു. എന്നാൽ ഈ സംരംഭവും സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം തിരുവനന്തപുരം നേമത്ത് ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയും ലാബും തുടങ്ങി. എന്നാൽ പണിയെല്ലാം കഴിഞ്ഞു വന്നപ്പോഴേയ്ക്കും മലയാള സിനിമ കളറിലാവുകയും ബ്ലാക് ആന്റ് വൈറ്റ് ലാബിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തതോടെ അതും പൊളിഞ്ഞു.400 ചിത്രങ്ങൾ പൂർത്തിയാക്കിയതിന് കൊടുങ്ങല്ലൂരിലെ പൗരാവലി 1977 ഫെബ്രുവരി 2ആം തിയതി കൊടുങ്ങല്ലൂരിൽ ഒരു ഗംഭീര സ്വീകരണമൊരുക്കിയിരുന്നു.അര നൂറ്റാണ്ടിനുള്ളിൽ എണ്ണൂറിലധികം ചിത്രങ്ങളിലഭിനയിച്ച ഈ മഹാനടൻ 2000 മെയ് 22 നു തലച്ചോറിലെ അമിത രക്തസ്രാവം മൂലം മരണമടഞ്ഞു.
ഭാര്യ: ജമീല
മക്കൾ: സിദ്ദിഖ്,മുഹമ്മദ്, റുക്കിയ
സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ്, ബീക്കുഞ്ഞി, ഉമ്പാത്തു, റുക്കിയ, ആരിഫ, സുഹറ, ആസിഫ