കെ പി എ സി സണ്ണി

KPAC Sunny
Date of Birth: 
Wednesday, 18 April, 1934
Date of Death: 
ചൊവ്വ, 18 April, 2006
സണ്ണി

മലയാള ചലച്ചിത്രനടൻ. ജേക്കബിന്റെ മകനായി 1934 കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. സണ്ണി ഡിക്രൂസ് എന്നാണ് ശരിയായപേര്. സണ്ണിയുടെ പ്രാഥമിക വിദ്യാഭ്യാസം ചവറ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലായിരുന്നു. അതിനുശേഷം അദ്ദേഹം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽനിന്ന് ബിരുദവും കരസ്ഥമാക്കി. സ്കൂൾ പഠനകാലത്തുതന്നെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. സ്നേഹം അനശ്വരമാണ് എന്ന പേരിൽ ഒരു നാടകമെഴുതിക്കൊണ്ട് സ്കൂളിൽ പ്രശസ്തനായ സണ്ണി ഗായകനായും ശ്രദ്ധേയനായി.

കോളേജ് പഠനകാലത്ത് അവിടെ അദ്ദേഹം ആർട്സ്ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പഠനശേഷം കലാനിലയത്തിൽ ചേർന്ന സണ്ണിക്ക് 1964- ൽ സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപ്പറേഷനിൽ അക്കൗണ്ടൻറ് ആയി ജോലി ലഭിച്ചു. അപ്പോഴും അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയിരുന്നു. ആറ്റിങ്ങൾ ദേശാഭിമാനി, കെ പി എ സി, നാഷണൽ, നളന്ദ, വയലാർ നാടകവേദി തുടങ്ങിയ സമിതികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെ പിഎ സി നാടക സമിതിയിൽ ചേർന്നതിനു ശേഷം അദ്ദേഹം തന്റെ പേരിന്റെകൂടെ കെ പി എ സി എന്ന പേരുകൂടിച്ചേർത്ത് കെ പി എ സി സണ്ണി എന്നറിയപ്പെടാൻ തുടങ്ങി. 1970-ൽ ഇറങ്ങിയ മധുവിധു എന്ന ചിത്രത്തിലൂടെയാണ് കെ പി എ സി സണ്ണി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. നാനൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. പലതവണ ഫിലിം ക്രിട്ടിക്സ് അവാർഡും 2005-ൽ ഇ പി ടി എ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2006 ഏപ്രിൽ 18-ന് ഹൃദയാഘാതം മൂലം കെ പി എ സി സണ്ണി അന്തരിച്ചു.

കെ പി എ സി സണ്ണിയുടെ ഭാര്യ മേരി ഡിക്രൂസ്. രണ്ട് കുട്ടികൾ ദീപ,രൂപ.