നയൻതാര ചക്രവർത്തി
മണിനാഥിന്റെയും ബിന്ദുവിന്റെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലായിരുന്നു രണ്ടാംക്ലാസ് വരെ നയൻതാര പഠിച്ചത്. അതിനുശേഷം നയൻതാരയുടെ ഫാമിലി കൊച്ചിയിലേക്ക് താമസം മാറ്റുകയും തുടർപഠനം ചോയ്സ് സ്കൂളിലാവുകയും ചെയ്തു. തുടർന്ന് എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളജിൽ ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ - ജേർണലിസത്തിൽ ബിരുദം നേടി.
കുട്ടികളുടെ ഫോട്ടോകൾ കാണിക്കുന്ന സെൻസേഷൻസ് എന്ന ടെലിവിഷൻ പ്രോഗ്രാമിലേക്ക് ഒരു വയസ്സു പ്രായമുള്ള നയൻതാരയുടെ ഫോട്ടോ അമ്മ അയച്ചുകൊടുക്കുകയും അത് ചാനലിൽ വരികയും ചെയ്തിരുന്നു. ആ ഫോട്ടോകളാണ് സിനിമകളിലേക്ക് നയൻതാരക്ക് അവസരം ലഭിക്കാൻ കാരണമായത്. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ബേബി നയൻതാര തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. തുടർന്ന് കനകസിംഹാസനം, അച്ഛനുറങ്ങാത്ത വീട്,ചെസ്സ്, അതിശയൻ, ഈ പട്ടണത്തിൽ ഭൂതം, ലൗഡ് സ്പീക്കർ... എന്നിവയുൾപ്പെടെ ഇരുപതോളം മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. രജനീകാന്ത് നായകനായ കുസേലൻ എന്ന തമിഴ് ചിത്രത്തിലും നയൻതാര അഭിനയിച്ചിട്ടുണ്ട്.
2016 -ൽ മറുപടി എന്ന സിനിമയിൽ അഭിനയിച്ചതിനുശേഷം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു വേണ്ടി സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത നയൻതാര 2023 -ൽ ജന്റിൽമാൻ 2 എന്ന തമിഴ് ചിത്രത്തിൽ നായികയായിക്കൊണ്ട് ചലച്ചിത്രലോകത്തിലേക്ക് തിരിച്ചുവന്നു.