എൻ കെ ശ്രീകുമാർ

N K Sreekumar

മലയാള ചലച്ചിത്ര നടൻ. 1960 മെയ് 27 ന് കൊല്ലം ജില്ലയിലെ ചാത്തനൂരിൽ എൻ കൃഷ്ണപ്പിള്ളയുടെയും ടി അമ്മിണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ചാത്തനൂർ എൻ എസ് എസ് ഹൈസ്ക്കൂളിലായിരുന്നു ശ്രീകുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കൊല്ലം എസ് എൻ കോളേജിൽ നിന്നും ബി എ എക്കണോമിക്സ് കഴിഞ്ഞു. സ്പോർട്സ്, അത്ലറ്റിക്സ് ഇനങ്ങളിൽ പഠിയ്ക്കുന്ന കാലം മുതൽക്കുതന്നെ പങ്കെടുത്തിരുന്നു. അത്ലറ്റിക്സിൽ 6 തവണ കേരള ടീമിന് വേണ്ടി നാഷണൽ ലെവലിൽ പ്രതിനിധീകരിച്ചു മെഡൽ നേടിയിട്ടുണ്ട്. ബോക്സിംഗ്, കരാട്ടെ, എന്നിവയിലെല്ലാം അദ്ദേഹം പരിശീലനം നേടിയിരുന്നു. നല്ലൊരു ഗായകൻ കൂടിയാണ് എൻ കെ ശ്രീകുമാർ.

കരാട്ടെ ബ്ലാക്ക്ബെൽറ്റ് ഉള്ളതാണ് എൻ കെ ശ്രീകുമാറിന് സിനിമയിലേയ്ക്കുള്ള വഴിതുറന്നത്. 1983 ൽ ഭൂകമ്പം എന്ന സിനിമയിൽ ചെറിയൊരുവേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. എന്റെ ഉപാസന, പാവം ക്രൂരൻ, ഗീതം, സുഖമോ ദേവി, സ്നേഹമുള്ള സിംഹം, മൂന്നാം മുറ, ഓ ഫാബി എന്നിവയുൾപ്പെടെ ഇരുപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ചില സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1994 നു ശേഷം അദ്ദേഹം സിനിമകളിൽ നിന്നു പിൻമാറി. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്നും അസിസ്റ്റന്റ് ട്രാഫിക് മാനേജരായി അദ്ദേഹം 2020 ൽ വിരമിച്ചു.

Contact Details: 29/1510F,Indraprastham House, Thykoodam, Vyttila, Kochi, Email: sreekumar27@gmail(doesn't check frequently)