കോട്ടയം നസീർ
മലയാള ചലച്ചിത്ര നടൻ, മിമിക്രി കലാകാരൻ. 1973- ൽ കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പി എസ് അസീസിന്റെയും സി വി ഫാത്തിമയുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസത്തിനു ശേഷം മിമിക്രി രംഗത്തേയ്ക്ക് തിരിഞ്ഞ കോട്ടയം നസീർ കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മിമിക്രി താരമായി മാറി. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ കോട്ടയം നസീർ മിമിക്സ് പരേഡുകൾ അവതരിപ്പിച്ചിട്ടുണ്ട്.
1993-ൽ ഓ ഫാബി എന്നചിത്രത്തിൽ ഒരു ചെറിയവേഷം ചെയ്തുകൊണ്ടാണ് കോട്ടയം നസീറിന്റെ സിനിമാപ്രവേശം. 1995-ൽ ഇറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്. കഥ പറയുമ്പോൾ, ലോകനാഥൻ ഐ എ എസ്, മാണിക്യക്കല്ല് എന്നീ സിനിമകളിലും കോട്ടയം നസീർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കായംകുളം കണാരൻ എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥ, സംഭാഷണം എന്നിവ നസീർ രചിച്ചിട്ടുണ്ട്. ഗാന്ധിനഗറിൽ ഉണ്ണിയാർച്ച എന്ന സിനിമയ്ക്കുവേണ്ടി ഒരു ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിൽ മിമിക്രി ഷോകളിലും വിവിധ കോമഡി റിയാലിറ്റിഷോകളിൽ ജഡ്ജായും സജീവമാണ് അദ്ദേഹം ചിത്രരചന,പെയിന്റിങ് മേഖലകളിലും സമീപകാലത്തായി കോട്ടയം നസീർ ശ്രദ്ധ നേടിയിട്ടുണ്ട്.
കോട്ടയം നസീറിന്റെ ഭാര്യയുടെ പേര് ഹസീന നസീർ. മുഹമ്മദ്, നിഹാൽ എന്നീ രണ്ടുമക്കളാണ് അവർക്കുള്ളത്.