ഹക്കീം
ജയരാജ് സം വിധാനം ചെയ്ത' ആകാശക്കോട്ടയിലെ സുല്‍ത്താന്‍' എന്ന സിനിമയില്‍(1991) ചെറിയ വേഷം ചെയ്തുകൊണ്ടാണു ഹക്കീം എന്ന ഹക്കീം റാവുത്തര്‍ നടനായി സിനിമയിലെത്തുന്നത്. സംവിധായകന്‍ ജയരാജിന്റെ അസിസ്റ്റന്റും പിന്നീട് അസോസിയേറ്റ് ഡയറക്ടറുമായ ഹക്കീം ജയരാജിന്റെ ഒട്ടുമിക്ക സിനിമകളിലും മറ്റു സംവിധായകരുടെ സിനിമകളിലും ചെറുവേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മന്ത്രമോതിരം, തിളക്കം, പട്ടണത്തില്‍ സുന്ദരന്‍, വെട്ടം എന്നിവ ഹക്കീമിന്റെ ശ്രദ്ധേയങ്ങളായ വേഷങ്ങളാണു.
ഹക്കീമിന്റെ ആദ്യ സംവിധാന സംരംഭം 2001ല്‍ റിലീസായ 'ദി ഗാര്‍ഡ്' എന്ന സിനിമയാണ്. കലാഭവന്‍ മണി നായകനായി അഭിനയിച്ച 'ദി ഗാര്‍ഡ്' എന്ന സിനിമ, ഒരേയൊരു നടന്‍ (വ്യക്തി) മാത്രം അഭിനയിച്ച ലോകത്തിലെ ഒരേയൊരു സിനിമയായി വിശേഷിപ്പിക്കപ്പെടുന്നു.
മലയാള സിനിമയില്‍ നടന്‍, സഹ സംവിധായകന്‍ , സംവിധായകന്‍ എന്നീ നിലകളില്‍ സാന്നിദ്ധ്യമറിയിച്ച ഹക്കീം എന്ന ഹക്കീം റാവുത്തര്‍ കേരളത്തിലെ ആദ്യകാല മിമിക്രി കലാകാരനാണ്. കൊച്ചിന്‍ കലാഭവനിലെ ആദ്യകാല മിമിക്രി കലാകാരന്മാരില്‍ ഒരാള്‍. 90കളുടെ തുടക്കത്തില്‍ കേരളത്തിലെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യത്തെ 'മിമിക്രി വര്‍ക്ക് ഷോപ്പ്' , കോട്ടയം ജവഹര്‍ ബാലഭവനില്‍ വെച്ച് കണ്ടക്റ്റ് ചെയ്തത് ഹക്കീമായിരുന്നു. തരംഗിണി മ്യൂസിക്സ് പുറത്തിറക്കിയ ഓണപ്പാട്ടുകളില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച "മാമാങ്കം പലകുറി.." എന്ന ഗാനത്തിന്റെ തുടക്കത്തിലുള്ള പശ്ചാത്തല സംഗീതത്തിലെ കുതിരക്കുളമ്പടികളൂടെ ശബ്ദം ഹക്കീമിന്റെ കൂടി അനുകരണ വൈദഗ്ദ്യമായിരുന്നു.
കോട്ടയം കരാപ്പുഴ സ്വദേശിയായിരുന്നു. ഗസല്‍ എഴുത്തുകാരിയും ഗായികയുമായ ദേവി മേനോനായിരുന്നു ഭാര്യ. 2013 സെപ്റ്റംബര്‍ 5നു സ്വദേശമായ കോട്ടയത്തുവെച്ച് Cerebral hemorrhage മൂലം ഹക്കീം അന്തരിച്ചു.
തരംഗിണിയുടെ(വോള്യം ഒന്ന്: ബിച്ചു തിരുമല - ആലപ്പി രംഗനാഥ് ) ചിൽഡ്റൻസ് സോങ്ങ്സിലെ പക്ഷിമൃഗാദികളുടെ ശബ്ദമായും 'ദി ഗാർഡ്' എന്ന സിനിമയിലൂടെയും മറ്റു സിനിമകളിലെ ചെറു വേഷങ്ങളിലൂടെയും ഹക്കീം നമുക്കിടയിൽ തന്റെ സാന്നിദ്ധ്യമറിയിച്ചു കൊണ്ടിരിക്കുന്നു.