ബ്രഹ്മചാരി
ഒരു പെണ്ണ് വിചാരിച്ചാൽ, അതും സുന്ദരിയായ ഒരു പെണ്ണ് വിചാരിച്ചാൽ, എന്തും സാധിച്ചെടുക്കാം എന്ന വാക്ക് അന്വർത്ഥമാക്കുന്നുവോ, ഇല്ലയോ? ഉത്തരം "ബ്രഹ്മചാരി" നൽകുന്നു.
Actors & Characters
Actors | Character |
---|---|
ജയചന്ദ്രൻ | |
വാസന്തി / ശ്രീദേവി (ഡബിൾ റോൾ) | |
സുവർണ്ണ | |
വിമല | |
വേണുഗോപാൽ | |
വീരമാർത്താണ്ഡപ്പിള്ള | |
സോമൻ | |
വാസന്തി / ശ്രീദേവിയുടെ അച്ഛൻ | |
ഭാഗീരഥിയമ്മ | |
ഉണ്ണിത്താൻ | |
Main Crew
കഥ സംഗ്രഹം
ബാലമുരുകന്റെ കഥയെ ആസ്പദമാക്കി ഈ ചിത്രം ആദ്യ തിരശ്ശീലയിൽ എത്തിയത് തമിഴിലാണ് - 1967 -ൽ "പെണ്ണേ നീ വാഴ്ക" എന്ന പേരിൽ. ആ ചിത്രം പിന്നീട് തെലുങ്കിൽ 1968 -ൽ "ബ്രഹ്മചാരി" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടു. അതിനുശേഷം 1971 -ൽ ഹിന്ദിയിൽ "Ek Naari Ek Brahmachaari" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടു. പിന്നീട്, 1972 -ൽ മലയാളത്തിൽ "ബ്രഹ്മചാരി" എന്ന പേരിലും റീമേക് ചെയ്യപ്പെട്ടു.
ധനികനായ വീരമാർത്താണ്ഡപ്പിള്ളയുടെയും (അടൂർഭാസി) ഭാഗീരഥിയമ്മയുടെയും (ടി.ആർ.ഓമന) ഇളയ മകനാണ് കോളേജ് വിദ്യാർത്ഥിയായ ജയചന്ദ്രൻ (പ്രേംനസീർ). സ്ത്രീയെന്ന് പറഞ്ഞാൽ വഞ്ചനയാണെന്ന് വിശ്വസിക്കുന്ന ജയചന്ദ്രൻ ആജീവനാന്തം ബ്രഹ്മചാരിയായി കഴിയാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ വീരമാർത്താണ്ഡപ്പിള്ളയാവട്ടെ ജയചന്ദ്രന്റെക്കൊണ്ട് വിവാഹം കഴിപ്പിച്ചേ അടങ്ങു എന്ന തീരുമാനത്തിലാണ്. അതിനാൽ, ജയചന്ദ്രൻ അവധിക്ക് വീട്ടിൽ വന്ന സമയത്ത് തന്റെ സുഹൃത്തായ ഉണ്ണിത്താന്റെ (ശങ്കരാടി) മകൾ സുവർണ്ണയെ (സുജാത) പെണ്ണുകാണാൻ നിശ്ചയിക്കുന്നു. ഇതറിയുന്ന ജയചന്ദ്രൻ രാത്രിയിൽ ആരുമറിയാതെ സുഹൃത്ത് സോമന്റെ (ബഹദൂർ) സഹായത്തോടെ വീടുവിട്ടിറങ്ങി ഹോസ്റ്റലിലേക്ക് പോകാൻ തീരുമാനിക്കുന്നു. എന്നാൽ വീരമാർത്താണ്ഡപ്പിള്ള ജയചന്ദ്രനെ കൈയ്യോടെ പിടികൂടുകയും, കൈയ്യും കാലും കെട്ടി മുറിക്കകത്തിട്ട് പൂട്ടി, മുറിയിൽ കാവലിന് വീട്ടുജോലിക്കാരൻ കുട്ടപ്പനെ (കുഞ്ചൻ) കാവൽ നിർത്തുകയും ചെയ്യുന്നു. എന്നാൽ ജയചന്ദ്രനാവട്ടെ, കുട്ടപ്പന്റെ കൈയ്യും കാലും കെട്ടി, വായിൽ തുണിയും കുത്തിക്കയറ്റി സ്ഥലം വിടുന്നു.
ജയചന്ദ്രൻ, സോമൻ, സുവർണ്ണ, അവളുടെ കൂട്ടുകാരി ശ്രീദേവി (ശാരദ) എല്ലാവരും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്. അവധി കഴിഞ്ഞ് കോളേജ് തുടങ്ങുന്ന ദിവസം സോമനും മറ്റു ചില കൂട്ടുകാരും ക്ലാസ്സിൽ പടക്കം പൊട്ടിച്ച് ശ്രീദേവിയെ പേടിപ്പിക്കുന്നത് പ്രൊഫസറുടെ ശ്രദ്ധയിൽപ്പെട്ട്, അത് ചെയ്തതാരാണെന്ന് ചോദിക്കുമ്പോൾ ജയചന്ദ്രൻ സോമനാണെന്ന് പറയുന്നു. പ്രൊഫസർ സോമനെയും കൂട്ടുകാരെയും ക്ലാസ്സിൽ നിന്നും പുറത്താക്കുന്നു. പെൺകുട്ടികളെ തിരിഞ്ഞുപോലും നോക്കാത്ത ജയചന്ദ്രൻ ശ്രീദേവിക്ക് വേണ്ടി പ്രൊഫസറോട് സത്യം പറഞ്ഞതിന്റെ പേരിൽ, സുവർണ്ണയും കൂട്ടുകാരികളും ശ്രീദേവിയെ കളിയാക്കുന്നു.
ശ്രീദേവിയും കൂട്ടുകാരികളും കടൽപ്പുറത്ത് ഉല്ലസിച്ചിരിക്കുമ്പോൾ ഒരു ചട്ടമ്പി ശ്രീദേവിയോട് അപമര്യാദയായി പെരുമാറുന്നത് കാണാനിടയാകുന്ന ജയചന്ദ്രൻ ചട്ടമ്പിയുമായി മല്ലിട്ട് ശ്രീദേവിയെ രക്ഷിക്കുന്നു. ചട്ടമ്പിയെ കീഴ്പ്പെടുത്തുന്നതിനിടയിൽ ജയചന്ദ്രന്റെ പേന വീണുപോവുകയും, അത് ശ്രീദേവി കണ്ടെത്തുകയും ചെയ്യുന്നു. സുവർണ്ണയോട് പേന ജയചന്ദ്രനെ ഏൽപ്പിക്കാമോ എന്ന് ശ്രീദേവി ചോദിക്കുമ്പോൾ, നീ തന്നെ ഏൽപ്പിച്ചാൽ മതിയെന്ന് സുവർണ്ണ പറയുന്നു. ജയചന്ദ്രന്റെ പേന ശ്രീദേവിയുടെ പക്കൽ ഉണ്ടെന്നും, അതവൾ ജയചന്ദ്രന് തിരിച്ചേൽപ്പിക്കാൻ പോവുന്ന വിവരവും സുവർണ്ണ സോമനെ അറിയിക്കുന്നു. ശ്രീദേവി പേന ജയചന്ദ്രനെ ഏൽപ്പിക്കുന്നത് സോമൻ അവരറിയാതെ ഫോട്ടോ എടുക്കുന്നു.
പെണ്ണ് കാണാൻ വരാമെന്ന് പറഞ്ഞ് പോകാത്തതിനാൽ ഉണ്ണിത്താൻ വീരമാർത്താണ്ഡപിള്ളയെ കാണാനെത്തുന്നു. ചെറുക്കന് കല്യാണം ഉടനെ തന്നെ നടത്തണം എന്ന് നിർബന്ധിച്ചത് കൊണ്ടാണ് വരാമെന്ന് പറഞ്ഞ് വരാതിരുന്നതെന്ന് പിള്ള കള്ളം പറയുന്നു. അതുകേട്ട്, ഉടനെ വേണമെങ്കിൽ ഉടനെ നടത്തിത്തരാൻ തനിക്ക് വിരോധമൊന്നുമില്ലെന്നും, എന്നാൽ പെണ്ണിനെ കാണേണ്ടത് ഒരു സമ്പ്രദായമല്ലേ എന്നും ഉണ്ണിത്താൻ പറയുമ്പോൾ, നാളെ മകനെക്കാണാൻ താൻ കോളേജിലേക്ക് പോവുന്നുണ്ടെന്നും, അതേ കോളേജിലല്ലേ നിങ്ങളുടെ മകളും പഠിക്കുന്നത്, അതോണ്ട് അവളെയും കണ്ടേക്കാമെന്ന് പിള്ള പറയുന്നു.
വീരമാർത്താണ്ഡപിള്ള സുവർണ്ണയെ അന്വേഷിച്ച് അവളുടെ മുറിയിൽ ചെല്ലുമ്പോൾ അവിടെയിരുന്ന് പഠിച്ചുകൊണ്ടിരിക്കുന്ന ശ്രീദേവിയെ സുവർണ്ണയെന്ന് തെറ്റിദ്ധരിക്കുകയും, അവളുടെ ശാലീനതയും കുലീനതയും ഒരുപാടിഷ്ടപ്പെടുകയും ചെയ്യുന്നു. ആ നേരത്ത് മോഡേൺ ഡ്രസ്സിൽ വന്ന് ധിക്കാരത്തോടെ സംസാരിക്കുന്ന സുവർണ്ണയെക്കണ്ട് ഉണ്ണിത്താന് വാക്കു കൊടുത്തുപോയല്ലോ, മകൻ പെട്ടുപോയല്ലോ എന്ന് ആത്മഗതം പറയുകയും ചെയ്യുന്നു. നിങ്ങൾ ആരാണെന്ന് സുവർണ്ണ ചോദിക്കുമ്പോൾ, ജയചന്ദ്രന്റെ അച്ഛനാണെന്നും, നിന്നെ ജയചന്ദ്രന് വിവാഹം ചെയ്തുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും പിള്ള പറഞ്ഞ് പുറത്തേക്ക് പോകുന്നു. അപ്പോൾ, സുവർണ്ണയെ ശ്രീദേവി അഭിനന്ദിക്കുമ്പോൾ, തനിക്ക് ജയചന്ദ്രനെ ഒട്ടും ഇഷ്ടമല്ലെന്നും, സോമനെയാണ് തനിക്കിഷ്ടമെന്നും സുവർണ്ണ പറയുന്നു.
സോമൻ, ജയചന്ദ്രനും ശ്രീദേവിയും ഒന്നിച്ചുള്ള ഫോട്ടോ കോളേജിൽ പലർക്കും വിനിയോഗിക്കുന്നതിനിടയിൽ അവിടേക്ക് കയറി വരുന്ന വീരമാർത്താണ്ഡപിള്ളയുടെ പക്കലും ഏൽപ്പിക്കുന്നു. ആ ഫോട്ടോ കണ്ട് ഞെട്ടി നിൽക്കുന്ന പിള്ളയോട്, ജയചന്ദ്രന് ആ പെൺകുട്ടിയെ തന്നെ വിവാഹം ചെയ്തുകൊടുക്കു എന്ന് സോമൻ പറയുമ്പോൾ, അതൊക്കെ തനിക്കറിയാം എന്ന് പറഞ്ഞ് പിള്ള ജയചന്ദ്രനെ കാണാൻ ചെല്ലുമ്പോൾ സോമനും കൂട്ടരും പിന്തുടരുന്നു. അപ്രതീക്ഷിതമായി അച്ഛനെക്കണ്ട് ജയചന്ദ്രൻ പരിഭ്രമിച്ചു നിൽക്കുന്നു. തന്റെ മുന്നിൽ സ്ത്രീവിദ്വേഷം നടിച്ച്, വിവാഹം വേണ്ടെന്ന് പറഞ്ഞ് നടക്കുകയും, ഇവിടെ പ്രേമിച്ച് ഉല്ലസിച്ചു നടക്കുകയും ചെയ്യുന്ന നിന്റെ ആഗ്രഹങ്ങളൊന്നും നടക്കില്ലെന്നും, പരീക്ഷ കഴിഞ്ഞാലുടൻ നിന്റെയും സുവർണ്ണയുടെയും വിവാഹം നടന്നിരിക്കുമെന്നും പിള്ള ഉറപ്പിച്ചു പറയുന്നു. പ്രേമമോ, തനിക്കോ എന്ന് പരിഭ്രമിക്കുന്ന ജയചന്ദ്രനെ പിള്ള ജയചന്ദ്രനും ശ്രീദേവിയും ഒന്നിച്ചുള്ള ഫോട്ടോ കാണിക്കുന്നു. ഇതാരാടുത്തു, എപ്പോഴെടുത്തു, എന്തിനെടുത്തു എന്ന് തുരു തുരാ ജയചന്ദ്രൻ ചോദിക്കുമ്പോൾ, അതൊന്നും തനിക്കറിയില്ലെന്നും, സുവർണ്ണയുമായുള്ള നിന്റെ വിവാഹം താൻ നടത്തിയിരിക്കും എന്നും പറഞ്ഞ് പിള്ള തിരിച്ചു പോവുന്നു.
മുറിക്ക് പുറത്ത് കാത്തുനിൽക്കുന്ന സോമൻ പിള്ളയോട് വീണ്ടും പറയുന്നു - ജയചന്ദ്രന് ആ ഫോട്ടോവിലുള്ള പെണ്ണിനെ തന്നെ വിവാഹം ചെയ്തു കൊടുക്കു എന്ന്. അതിന്, എന്ത് വന്നാലും ജയചന്ദ്രന് സുവർണ്ണ തന്നെയെന്ന് പറഞ്ഞ് പിള്ള സോമൻ പിള്ളയെ ഏൽപ്പിച്ച ഫോട്ടോ കീറിക്കളയുന്നു. തന്റെ പ്ലാനെല്ലാം പൊളിഞ്ഞല്ലോ, തനിക്ക് സുവർണ്ണ നഷ്ടപ്പെടുമല്ലോ എന്ന് വ്യാകുലപ്പെട്ടിരിക്കുന്ന സോമനെ കൂട്ടുകാർ ആശ്വസിപ്പിക്കുന്നു - ജയചന്ദ്രനേയും ശ്രീദേവിയെയും തമ്മിൽ അടുപ്പിക്കണം എന്നും, അടുത്തു തന്നെ വരുന്ന എക്സ്കർഷനിൽ അതിനുള്ള വഴിയൊരുക്കാമെന്നും. ആ നേരത്ത് ജയചന്ദ്രൻ വന്ന് ഫോട്ടോ എടുത്തത് ആരാണെന്ന് ചോദിക്കുന്നു. അവരാരും മറുപടി പറയുന്നില്ലെന്ന് വരുമ്പോൾ, താൻ തന്നെ അന്വേഷിച്ച് കണ്ടുപിടിച്ചോളാമെന്ന് പറഞ്ഞ് ജയചന്ദ്രൻ പോകുന്നു.
എക്സ്കർഷന് പോകാനുള്ള പണമൊന്നും കൈയ്യിലില്ലാത്തത് കൊണ്ട് ശ്രീദേവി എക്സ്കർഷന് പോവേണ്ടെന്ന് തീരുമാനിക്കുന്നുണ്ടെങ്കിലും, സുവർണ്ണ ശ്രീദേവിക്ക് വേണ്ടി പണമടയ്ക്കുകയും, പുതിയ സാരികൾ വാങ്ങിക്കൊടുക്കയും ചെയ്യുന്നു. എക്സ്കർഷന് പോയ സ്ഥലത്ത് സോമൻ സുവർണ്ണയെക്കൊണ്ട് ശ്രീദേവിയുടെ ഹാൻഡ്ബാഗ് എടുത്തുകൊണ്ടു വരാൻ പറയുകയും, അതവൾ അനുസരിക്കുകയും ചെയ്യുന്നു. എന്തിനാണ് ബാഗ് എടുത്തുകൊണ്ടുവരാൻ പറഞ്ഞതെന്ന് സുവർണ്ണ ചോദിക്കുമ്പോൾ, ഇതുവെച്ച് വേണം ജയചന്ദ്രനേയും ശ്രീദേവിയെയും ഒന്നിപ്പിക്കാനെന്ന് പറഞ്ഞ് സോമൻ ആ ബാഗ് ജയചന്ദ്രന്റെ കിടക്കയിൽ തലയിണക്കടിയിൽ ഒളിച്ചു വെക്കുന്നു. ജയചന്ദ്രൻ കിടക്കുമ്പോൾ എന്തോ അസ്വസ്ഥത തോന്നുന്നത് കൊണ്ട് തലയിണ പരിശോധിക്കുമ്പോൾ ബാഗ് കണ്ടെത്തുകയും അതെടുത്ത് ആറ്റിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. ആറ്റിനരികിലിരിക്കുന്ന ഒരാൾ അതെടുത്ത് ഓടുകയും ചെയ്യുന്നു.
തന്റെ ബാഗ് കാണാനില്ലെന്നും, അതിൽ അഞ്ച് പവന്റെ സ്വർണ്ണമാലയുണ്ടായിരുന്നുവെന്നും ശ്രീദേവി പരാതിപ്പെടുമ്പോൾ, ആരെങ്കിലും അതെടുത്തിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുക്കണം എന്ന് അദ്ധ്യാപകൻ എല്ലാ വിദ്യാർത്ഥികളോടും പറയുന്നു. സോമൻ ജയചന്ദ്രന്റെ തലയിണയ്ക്കടിയിൽ പരത്തുന്നത് കാണുന്ന ജയചന്ദ്രൻ കാര്യമന്വേഷിക്കുമ്പോൾ, സോമൻ സത്യം പറയുന്നു. ഉടൻ തന്നെ രണ്ടുപേരും ആറ്റിൽച്ചെന്ന് പരതുന്നുവെങ്കിലും, അവർക്കത് കണ്ടെത്താൻ കഴിയുന്നില്ല. ജയചന്ദ്രൻ ശ്രീദേവിയോട് എല്ലാം വിശദമായി പറയുകയും, ആ ബാഗ് ശ്രീദേവിയുടേതാണെന്നറിയാതെയാണ് ആറ്റിലേക്ക് വീശിയതെന്നും, ഇനി താനെന്താണ് ചെയ്യേണ്ടതെന്നും ചോദിക്കുമ്പോൾ, അതാലോചിച്ച് വിഷമിക്കേണ്ടെന്നും, വീട്ടുകാർ അന്വേഷിക്കുമ്പോൾ എന്തെങ്കിലും സമാധാനം പറഞ്ഞോളാമെന്നും ശ്രീദേവി പറയുന്നു. അത് പറ്റില്ലെന്നും, ആ മാലയുടെ സാമ്പിൾ പറഞ്ഞാൽ അതുപോലൊരെണ്ണം താൻ വാങ്ങിച്ചു തരാമെന്നു ജയചന്ദ്രൻ പറയുമ്പോൾ, ജയചന്ദ്രന്റെ കഴുത്തിൽ കിടക്കുന്ന മാല കാണിച്ച് ഇതുപോലിരിക്കും എന്ന് ശ്രീദേവി പറയുമ്പോൾ, ഇതുപോലെ വേറൊരെണ്ണം വാങ്ങുന്നത് വരെ നിന്റെ പക്കലിരിക്കട്ടെയെന്ന് പറഞ്ഞ് ജയചന്ദ്രൻ തന്റെ കഴുത്തിലെ മാല ശ്രീദേവിയെ ഏൽപ്പിക്കുന്നു. ശ്രീദേവി അത് സ്വന്തം കഴുത്തിലണിയുകയും ചെയ്യുന്നു.
എക്സ്കർഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം, നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അതിനെക്കുറിച്ച് വിശദമായി സംസാരിക്കണമെന്നും പറഞ്ഞ് ജയചന്ദ്രൻ എഴുതിയത് പോലെ ഒരു പ്രേമലേഖനം എഴുതി സോമൻ അത് ശ്രീദേവിക്ക് അയക്കുന്നു. ശ്രീദേവി അത് സത്യമെന്ന് കരുതി സന്തോഷിക്കുകയും ചെയ്യുന്നു. സോമൻ ജയചന്ദ്രനോട്, നിന്റെ സ്ത്രീവിദ്വേഷത്തിന്റെ കാരണമെന്താണെന്നും, ഏതെങ്കിലും പെണ്ണിനെ പ്രേമിച്ച് അവൾ വഞ്ചിച്ചുവോയെന്നും, ഏതാണെങ്കിലും പറയു താൻ പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞ് ശല്യപ്പെടുത്തുമ്പോൾ, ജയചന്ദ്രൻ സോമനെ മുറിക്ക് പുറത്താക്കി കതക് ചാരി കുറ്റിയിടുന്നു. അല്പം കഴിഞ്ഞ് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് അത് സോമനായിരിക്കും എന്ന് കരുതി വാതിൽ തുറന്ന് ആരാണെന്ന് പോലും നോക്കാതെ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്ത് മുഖത്തേക്ക് ഒഴിക്കുന്നു. അവിടെ സോമന് പകരം ശ്രീദേവി നിൽക്കുന്നത് കാണുന്ന ജയചന്ദ്രൻ പകച്ചുപോയ് നിന്ന ശേഷം മാപ്പ് ചോദിക്കുന്നു. പിന്നീട്, മാലയുടെ കാര്യം ചോദിക്കാനും ശ്രീദേവി വന്നതെന്ന് കരുതി, എത്രയും പെട്ടെന്ന് തന്നെ വേറൊരു മാല പണിയിച്ചു തരാമെന്ന് പറയുന്നു. അതിന്, അതൊക്കെ സമാധാനമായി ചെയ്തോളു എന്ന് ശ്രീദേവി പറയുന്നു. മുഖം തുടയ്ക്കാനുള്ള തുണി എടുക്കാനായി ജയചന്ദ്രൻ അകത്തേക്ക് പോവുമ്പോൾ, മേശയിൽ വെച്ചിരിക്കുന്ന ജയദേവന്റെ ഫാമിലി ഫോട്ടോ കണ്ട് പകച്ചു നിൽക്കുന്നു. തുണിയുമായി വരുന്ന ജയചന്ദ്രനോട് ഫോട്ടോയെക്കുറിച്ച് ചോദിക്കുമ്പോൾ, അതിൽ താനും തന്റെ അച്ഛനും, അമ്മയും, ചേട്ടനുമാണെന്ന് പറയുന്നു. ചേട്ടൻ എന്തു ചെയ്യുന്നു എന്ന് ശ്രീദേവി ചോദിക്കുമ്പോൾ, ചേട്ടൻ ഡൽഹിലാണെന്നും, ഭാര്യയും ഒരു കുഞ്ഞുമൊത്ത് സുഖമായി കഴിയുന്നുവെന്നും പറയുന്നത് കേട്ട് ശ്രീദേവി വിഷമത്തോടെയും, സംശയത്തോടെയും എന്തോ ആലോചിക്കുന്നു. പിന്നീട് ശ്രീദേവി ഇറങ്ങാനൊരുങ്ങുമ്പോൾ, മാലയുടെ കാര്യത്തിനായി ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ടെന്നും, ഉടൻ തന്നെ വാങ്ങിച്ചു തരാമെന്നും ജയചന്ദ്രൻ പറയുമ്പോൾ, സാരമില്ലെന്ന് പറഞ്ഞ് ശ്രീദേവി പോവുന്നു.
മുറിയിലെത്തിയ ശ്രീദേവിയുടെ ഓർമ്മകൾ പിന്നിലേക്ക് ചലിക്കുന്നു - പുറത്തു പോയിവരുന്ന ശ്രീദേവി തന്റെ ചേച്ചി വാസന്തി (ശാരദ - ഡബിൾ റോൾ) ഏതോ പുരുഷന്റെകൂടെ സംസാരിക്കുന്നത് കേൾക്കുമ്പോൾ വാതിലിൽ മുട്ടാതെ പുറത്തു തന്നെ നിൽക്കുന്നു - അത് ജയചന്ദ്രന്റെ ചേട്ടൻ വേണുഗോപലാണ് (ജോസ്പ്രകാശ്). വാസന്തി താൻ ഗർഭിണിയാണെന്നും, വീട്ടുകാരും നാട്ടുകാരും അറിഞ്ഞാൽ തന്റെ ഗതി എന്തായിരിക്കും എന്ന് കരഞ്ഞുകൊണ്ട് പറയുമ്പോൾ, വേണുഗോപാൽ താൻ ഉടൻ തന്നെ വീട്ടിൽപ്പോയി മാതാപിതാക്കളുടെ അനുവാദം വാങ്ങിച്ച്, ഇവിടെ തിരിച്ചെത്തി നിന്റെ അച്ഛന്റെയും അനുവാദത്തോടെ നിന്നെ വിവാഹം കഴിക്കാമെന്ന് ആശ്വസിപ്പിക്കുന്നു. അതുകേട്ട്, തന്റെ അച്ഛനെക്കണ്ട ശേഷം നാട്ടിൽ പോയാൽപ്പോരെയെന്ന് വാസന്തി ചോദിക്കുമ്പോൾ, നിന്റെ അച്ഛൻ എപ്പോൾ വരുമെന്ന് നിശ്ചയമില്ലല്ലോ, അതുകൊണ്ട് ഇപ്പോൾ തന്നെ താൻ നാട്ടിൽപ്പോയി വന്നേക്കാമെന്ന് വേണോഗോപാൽ പറഞ്ഞ് ഇറങ്ങിപ്പോവുന്നു.
വേണുഗോപാൽ ഇറങ്ങിപ്പോയതും ശ്രീദേവി അകത്തേക്ക് പ്രവേശിക്കുന്നു. ശ്രീദേവി എല്ലാം അറിഞ്ഞുവെന്നറിയുമ്പോൾ വാസന്തി വിതുമ്പുന്നു. വേണുഗോപാലിനെ വിശ്വസിക്കാമോ, അദ്ദേഹം വിവാഹം കഴിക്കുമോ എന്ന് ശ്രീദേവി സംശയത്തോടെ ചോദിക്കുമ്പോൾ, താൻ ഗർഭിണിയാണെന്നറിഞ്ഞതും ആരെതിർത്താലും തീർച്ചയായും തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് തന്നിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോയത് എന്ന് വാസന്തി പറയുന്നു. ഇതെല്ലാം കേട്ടുകൊണ്ട് വരുന്ന അവരുടെ അച്ഛൻ (ടി.എസ്.മുത്തയ്യ) വാസന്തിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച്, വാസന്തിയെ വീടിന് പുറത്തേക്ക് തള്ളുകയും, മകളുടെ ഈ ഗതികണ്ട് വിലപിച്ചുകൊണ്ട് ഹൃദയംപൊട്ടി മരിക്കുകയും ചെയ്യുന്നു.
സുവർണ്ണ മുറിയുടെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ശ്രീദേവി ഗതകാല ഓർമ്മകളിൽ നിന്നും തിരിച്ചെത്തുന്നു. കണ്ണീരോടെ നിൽക്കുന്ന ശ്രീദേവിയോട് സുവർണ്ണ കാര്യം തിരക്കുമ്പോൾ, തനിക്ക് ഉടൻ തന്നെ നാട്ടിലേക്ക് പോകേണ്ടതുണ്ടെന്ന് ശ്രീദേവി പറയുന്നു. പരീക്ഷ അടുത്ത സമയത്താണോ നാട്ടിലേക്ക് പോവണം എന്ന് പറയുന്നത് എന്ന് സുവർണ്ണ ചോദിക്കുമ്പോൾ, പരീക്ഷയെക്കാൾ വലിയ ചില കാര്യങ്ങളുണ്ടെന്നും, തനിക്ക് നാട്ടിലേക്ക് പോയേ പറ്റുവെന്നും പറഞ്ഞ് ശ്രീദേവി നാട്ടിലേക്ക് പോവുന്നു.
കുഞ്ഞിനെ തൊട്ടിലിലിട്ടാട്ടിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി കയറിവരുന്ന ശ്രീദേവിയെക്കണ്ട്, നിന്റെ പരീക്ഷ കഴിഞ്ഞോവെന്ന് വാസന്തി ചോദിക്കുമ്പോൾ, പരീക്ഷ വരുന്നതേയുള്ളുവെന്ന് ചുടു നിശ്വാസത്തോടെ ശ്രീദേവി പറയുന്നു. പിന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നതെന്തിനെന്ന് വാസന്തി ചോദിക്കുമ്പോൾ, വരേണ്ടി വന്നുവെന്ന് ശ്രീദേവി പറയുന്നു. തുടർന്ന്, കുഞ്ഞിന്റെ അച്ഛൻ എന്നെങ്കിലുമൊരിക്കൽ വരുമെന്നല്ലേ ചേച്ചി കാത്തിരിക്കുന്നത്, അദ്ദേഹം ഒരിക്കലും തിരിച്ചുവരില്ലെന്നും, അദ്ദേഹത്തിന്റെ മറ്റൊരുവളെ വിവാഹം കഴിച്ച് ഡൽഹിയിൽ സുഖമായി കഴിയുന്നുവെന്നും ശ്രീദേവി പറയുമ്പോൾ, അദ്ദേഹം അങ്ങിനെ ചെയ്യില്ലെന്നും, നീ മറ്റൊരുടെയോ കാര്യമാണ് പറയുന്നതെന്നും വാസന്തി പറയുന്നു. അതിന്, അദ്ദേഹത്തിനെ തനിക്കറിയില്ലേ, അദ്ദേഹം തന്റെ സഹപാഠിയായ ജയചന്ദ്രന്റെ സഹോദരനാണെന്നും, ജയചന്ദ്രൻ പറഞ്ഞാണ് താനീ വിവരങ്ങളെല്ലാം അറിഞ്ഞതെന്നും ശ്രീദേവി പറയുമ്പോൾ, അച്ഛന്റെ കൂടെ താനും മരിക്കേണ്ടതായിരുന്നുവെന്നു എന്നുപറഞ്ഞ് വാസന്തി വിലപിക്കുന്നു. അതുകേട്ട്, ഈശ്വരൻ ഇനിയും നമ്മളെ ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ് സോമൻ ജയചന്ദ്രനെഴുതിയത് പോലെ എഴുതിയ പ്രേമലേഖനം എടുത്ത് ശ്രീദേവി ചേച്ചിക്ക് കൊടുത്ത് വായിക്കാൻ പറയുന്നു. അത് വായിച്ച് എന്റെ അനുഭവം നിനക്കുമുണ്ടായിക്കൂടെന്ന് വാസന്തി പറയുമ്പോൾ, ആ അനുഭവം തനിക്കുണ്ടാവില്ലെന്നും, ചേട്ടനെപ്പോലെയല്ല അനുജൻ എന്നും ശ്രീദേവി പറയുന്നു. അപ്പോൾ, നീയെല്ലാം തീരുമാനിച്ചു കഴിഞ്ഞുവോ, നീ ചതിക്കപ്പെടുമെന്ന് വാസന്തി പറയുമ്പോൾ, ജയചന്ദ്രൻ തന്നെ ഒരിക്കലും ചതിക്കില്ലെന്ന് ശ്രീദേവി പറയുന്നു. വാസന്തി തുടർന്നും വേണ്ടെന്ന് വിലക്കുമ്പോൾ, താൻ തീർച്ചയായും ജയചന്ദ്രന്റെ ഭാര്യയാവുമെന്നും, അത് തനിക്കുവേണ്ടി മാത്രമല്ല, ചേച്ചിയുടെ ഈ കുഞ്ഞിന് വേണ്ടിയാണെന്നും, ഈ കുഞ്ഞ് ആ വീട്ടിൽ വളരുമെന്നും, തന്റെ പരീക്ഷ തുടങ്ങാൻ പോവുന്നുവെന്നും ശ്രീദേവി ദൃഢനിശ്ചയത്തോടെ പറയുന്നു.
പരീക്ഷയെല്ലാം കഴിഞ്ഞ് ഓരോരുത്തരായി സോമനോട് വിടപറഞ്ഞ് പോവുന്നു. സുവർണ്ണയും സോമനോട് വിടപറയാൻ വരുമ്പോൾ, ഇനിയെന്താണ് പരിപാടി എന്ന് സോമൻ ചോദിക്കുമ്പോൾ, എന്റെ വീട്ടിൽ വന്ന് ധൈര്യത്തോടെ തന്നെ വിളിച്ചാൽ താൻ ഇറങ്ങിവരാൻ തയ്യാറാണെന്ന് സുവർണ്ണ പറയുന്നു. അതുകേട്ട്, താൻ ജയചന്ദ്രനെക്കണ്ട് ഒരു കാര്യം ഒപ്പിച്ചേച്ച് വരാമെന്നും പറഞ്ഞ് സോമൻ ജയചന്ദ്രനെ കാണാൻ പോവുന്നു. സോമൻ ജയചന്ദ്രനോട് നീ സുവർണ്ണയെ വിവാഹം കഴിക്കാൻ പോവുന്നുവല്ലേയെന്ന് ചോദിക്കുമ്പോൾ, ജയചന്ദ്രൻ അത് നിഷേധിക്കുകയും, തന്റെ ബ്രഹ്മചര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും പറയുന്നു. അതുകേട്ട്, നിന്റെ അച്ഛൻ നിർബന്ധിച്ചാൽ നീയെന്ത് ചെയ്യുമെന്ന് സോമൻ ചോദിക്കുമ്പോൾ, പരീക്ഷ നീട്ടിവെച്ചിരിക്കുന്നുവെന്ന് പറഞ്ഞ് താൻ അച്ഛന് കത്തെഴുതിയിട്ടുണ്ടെന്നും, റിസൾട്ട് വരുന്നത് വരെ ഒരു ഹോട്ടലിൽ താമസിക്കുമെന്നും, റിസൾട്ട് വന്ന ശേഷം ഡൽഹിയിലുള്ള ചേട്ടന്റെ പക്കലേക്ക് പൊയ്ക്കളയുമെന്നും ജയചന്ദ്രൻ പറയുന്നു. അപ്പോൾ, സുവർണ്ണയെ നീ വിവാഹം കഴിക്കില്ലെന്ന് സത്യം ചെയ്തുതാ എന്ന് സോമൻ പറയുമ്പോൾ, ജയചന്ദ്രൻ സത്യം ചെയ്തു കൊടുക്കുന്നു, സോമൻ സന്തോഷത്തോടെ സ്ഥലം വിടുകയും ചെയ്യുന്നു.
ഉണ്ണിത്താൻ വീരമാർത്താണ്ഡപിള്ളയെക്കണ്ട്, പരീക്ഷ കഴിഞ്ഞു ഉടനെ വരുന്നുണ്ടെന്ന് കാണിച്ച് സുവർണ്ണയുടെ കത്ത് വന്നിട്ടുണ്ടെന്നും, വിവാഹക്കാര്യം ആലോചിക്കാമെന്നും പറയുമ്പോൾ, പരീക്ഷ നീട്ടിവെച്ചുവെന്ന് പറഞ്ഞ് ജയചന്ദ്രന്റെ കത്ത് വന്നിട്ടുണ്ടെന്ന് വീരമാർത്താണ്ഡപ്പിള്ള മറുപടി പറയുമ്പോൾ, മകൾക്ക് മാത്രം എങ്ങിനെ പരീക്ഷ നടന്നുവെന്ന് ഉണ്ണിത്താൻ അതിശയിക്കുന്നു. അപ്പോൾ, എന്തായാലും ജയചന്ദ്രൻ മടങ്ങിവന്ന ശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കാം എന്ന് ഭാഗീരഥിയമ്മ പറയുന്നു.
ജയചന്ദ്രൻ തന്റെ സാധനങ്ങളെല്ലാം പാക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ശ്രീദേവി അവിടേക്ക് കയറി വരുന്നത് കണ്ട് ജയചന്ദ്രൻ പരിഭ്രമിച്ചു നിന്ന ശേഷം, എന്തുവേണമെന്ന് ചോദിക്കുമ്പോൾ, എന്തവേണമെന്ന് നിങ്ങളാണ് പറയേണ്ടതെന്ന് ശ്രീദേവി പറയുന്നു. അപ്പോൾ, ശ്രീദേവിയുടെ അഡ്രസ്സ് തന്നാൽ മാല താൻ വീട്ടിലേക്ക് അയച്ചു തരാമെന്നും, അതുവരെ തന്റെ മാല ശ്രീദേവിയുടെ പക്കൽ തന്നെയിരിക്കട്ടെയെന്നും ജയചന്ദ്രൻ പറയുന്നു. അതുകേട്ട്, തന്നെ അത്രയ്ക്കും വില കുറച്ച് കാണരുതെന്നും, നിങ്ങളെക്കാൾ ആ മാല തനിക്കത്ര വലുതല്ലെന്നും ശ്രീദേവി പറയുന്നു. അപ്പോൾ, ശ്രീദേവി തന്റെ മുറിയിൽ നിൽക്കുന്നത് ആരെങ്കിലും കാണാനിടവന്നാൽ ......... എന്ന് ജയചന്ദ്രൻ പൂർണ്ണമാക്കുന്നതിന് മുൻപ് ശ്രീദേവി ഇടയ്ക്ക് കയറി, അങ്ങിനെ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നിരിക്കും, അതിൽ തനിക്ക് വിഷമമില്ലെന്നും, നിങ്ങൾക്ക് വിഷമമുണ്ടോ എന്ന് ചോദിക്കുന്നു. അതുകേട്ട്, ഇങ്ങിനെ ചോദിച്ചാൽ വിഷമിച്ചു പോവുമെന്നും, ശ്രീദേവി എന്തിനാണ് തന്നെ കാണാൻ വരുന്നതെന്ന് ആളുകൾ അറിഞ്ഞെന്ന് വരില്ലെന്ന് അല്പം അരിശത്തോടെ ജയചന്ദ്രൻ പറയുന്നു. അപ്പോൾ, ആളുകൾ അറിഞ്ഞിട്ട് കാര്യമില്ലെന്നും, ഇത് നമ്മുടെ മാത്രം പ്രശ്നമാണെന്നും ശ്രീദേവി പറയുന്നു. അന്നേരം, മാല താൻ ഉടൻ തന്നെ അയച്ചു തരാമെന്നും, അത് കഴിഞ്ഞ് തന്റെ മാല തിരിച്ചു തന്നാൽമതിയെന്നും ജയചന്ദ്രൻ വീണ്ടും പറയുന്നു. അതുകേട്ട്, വീണ്ടും നിങ്ങൾ അതുതന്നെ പറയുകയാണോ, തന്റെ ജീവിതം തന്നെ നിങ്ങളുടെ പാദങ്ങളിലാണെന്നും, അതുകൊണ്ട് ഈ മാല തനിക്കൊരു പ്രശ്നമാണോയെന്നും ശ്രീദേവി പറയുന്നത് കേട്ട് ജയചന്ദ്രൻ പരുങ്ങുന്നു. തുടർന്ന് അല്പം പരിഭ്രമത്തോടെ, തനിക്ക് മനസ്സിലാവാത്ത മറ്റെന്തോവാണ് ശ്രീദേവി പറഞ്ഞുവരുന്നതെന്ന് ജയചന്ദ്രൻ പറയുമ്പോൾ, എല്ലാം താൻ തുറന്നു പറയാമെന്ന് ശ്രീദേവി പറയുന്നു.
കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നപ്പോൾ തനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ലെന്നും, ഇപ്പോൾ പരീക്ഷ കഴിഞ്ഞ സ്ഥിതിക്ക് ഇനിയും പറയാതിരിക്കാൻ കഴിയില്ലെന്നും, താൻ എന്താണ് ചെയ്യേണ്ടതെന്നും, നിങ്ങൾ പറയുന്നത് പോലെ ചെയ്യാമെന്നും ശ്രീദേവി പറയുമ്പോൾ, മാല ഇല്ലാതെ പോയാൽ വീട്ടിൽ കയറ്റില്ലേയെന്ന് ജയചന്ദ്രൻ ചോദിക്കുന്നു. അതുകേട്ട്, മാലയുടെ കാര്യം ഇനിയെങ്കിലും പറയാതിരിക്കുവെന്ന് അല്പം അരിശത്തോടെ പറഞ്ഞ്, തന്റെ ഭാവിയെക്കുറിച്ചാണെന്ന് ശ്രീദേവി പറയുന്നു. അതുകേട്ട്, പരിഭ്രാന്തനായ ജയചന്ദ്രൻ, നിന്റെ ഭാവിയെക്കുറിച്ച് താനെന്ത് പറയാനാണെന്ന് ചോദിക്കുന്നു. അപ്പോൾ, നിങ്ങളാണ് അത് പറയേണ്ടതെന്നും, അതു കേൾക്കാനാണ് താൻ വന്നതെന്നും ശ്രീദേവി പറയുമ്പോൾ, തനിക്കെന്താ ഭ്രാന്തുണ്ടോയെന്ന് ജയചന്ദ്രൻ ചോദിക്കുന്നു. അതിന്, തന്നെ ഭ്രാന്തിയാക്കാതിരുന്നാൽ മതിയെന്നും, എല്ലാം ആലോചിച്ചുറച്ചിട്ടാണ് താൻ വന്നിട്ടുള്ളതെന്നും ശ്രീദേവി പറയുന്നു. തുടർന്ന്, നിങ്ങളുടെ കത്ത് കിട്ടിയ ശേഷം എന്നും അതേക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നതെന്നും ശ്രീദേവി പറയുമ്പോൾ, തന്റെ കത്തോ എന്ന് ജയചന്ദ്രൻ ചോദിക്കുന്നു. അതിന്, അതെയെന്നും, ആ കത്തിൽ പറഞ്ഞ എല്ലാം അക്ഷരംപ്രതി അനുസരിക്കാൻ താൻ ഒരുക്കമാണെന്നും ശ്രീദേവി പറയുമ്പോൾ, നിനക്ക് മാത്രമെന്നല്ല, ഒരൊറ്റ പെണ്ണിന് പോലും താൻ കത്തെഴുതിയിട്ടില്ല, പിന്നെന്തിനാണ് നീ ഒരുങ്ങുന്നതെന്ന് ജയചന്ദ്രൻ ദേഷ്യത്തോടെ ചോദിക്കുന്നു. അപ്പോൾ, അങ്ങിനൊന്നും പറയരുതെന്നും, ആരെതിർത്താലും, എന്തുപേക്ഷിക്കേണ്ടി വന്നാലും താൻ കൂടെ വരാമെന്ന് ശ്രീദേവി പറയുമ്പോൾ, ഒരുങ്ങിത്തന്നെയാണല്ലേ വന്നിരിക്കുന്നതെന്നും, നിന്റെ പുറകിൽ ആരൊക്കെയുണ്ടെന്നും ജയചന്ദ്രൻ ആക്രോശത്തോടെ ചോദിക്കുന്നു. അതിന്, ഈശ്വരനും മനഃസ്സാക്ഷിയുമാണെന്ന് ശ്രീദേവി പറയുന്നു. അപ്പോൾ, ഈശ്വരവിശ്വാസവും മനഃസ്സാക്ഷിയുമുള്ള ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പുരുഷന്റെ മുറിയിലേക്ക് കയറിവന്ന് ഇത്രയും ധിക്കാരം കാണിക്കുമോ എന്ന് ജയചന്ദ്രൻ ചോദിക്കുന്നു. തുടർന്ന്, ആരൊക്കെയാണ് നിന്ന് പ്രേരിപ്പിച്ചതെന്ന് ചോദിക്കുമ്പോൾ, നിങ്ങളും, നിങ്ങളുടെ സ്നേഹവും, നിങ്ങളുടെ കത്തുമാണ് തന്നെ പ്രേരിപ്പിച്ചതെന്ന് ശ്രീദേവി മറുപടി പറയുന്നു. അതുകേട്ട് അരിശം മൂത്ത ജയചന്ദ്രൻ, താനാരെയും പ്രേമിച്ചിട്ടില്ലെന്നും, ആർക്കും കത്തുമയച്ചിട്ടില്ലെന്നും പറഞ്ഞ്, ശ്രീദേവിയോട് പുറത്തേക്ക് കടക്കാൻ പറയുന്നു. നിങ്ങളിത് കാര്യമായിട്ട് തന്നെയാണോ പറയുന്നതെന്ന് അവൾ ചോദിക്കുമ്പോൾ, പെണ്ണുങ്ങളെ കളിപ്പിക്കുന്ന ശീലം തനിക്കില്ലെന്ന് ജയചന്ദ്രൻ പറയുന്നു. അതുകേട്ട്, വഞ്ചന നിങ്ങളുടെ പാരമ്പര്യമാണല്ലേ എന്ന് ശ്രീദേവി ചോദിക്കുമ്പോൾ, അനാവശ്യം പറയരുതെന്ന് ജയചന്ദ്രൻ പറയുന്നു. ഒന്നുമറിയാതിരുന്ന തന്നിൽ മോഹങ്ങൾ ജനിപ്പിച്ച് ഇപ്പോൾ അതെല്ലാം തകർത്തു കളയാനാണ് നിങ്ങളുടെ ഭാവമെങ്കിൽ അത് താൻ സമ്മതിക്കില്ലെന്ന് രോഷത്തോടെ ശ്രീദേവി പറയുന്നു. നീയെന്താണ് ചെയ്യാൻ പോവുന്നതെന്ന് ജയചന്ദ്രൻ ചോദിക്കുമ്പോൾ, തന്റെ ഹൃദയം ജയചന്ദ്രന് നല്കിക്കഴിഞ്ഞെന്നും, അതിനി തിരിച്ചെടുക്കാൻ കഴിയില്ലെന്നും അവൾ മറുപടി പറയുന്നു. അപ്പോൾ, സ്വീകരിച്ചു കഴിഞ്ഞുവോ എന്ന് അല്പം പരിഹാസത്തോടെ ചോദിക്കുന്ന ജയചന്ദ്രനോട്, സ്വീകരിച്ചെന്ന് മാത്രമല്ല, നിങ്ങളുടെ ഭാര്യയായി നിന്ന്, നിങ്ങളെ ശുശ്രുഷിച്ച്, നിങ്ങളുടെ ഒരു കുഞ്ഞിനെ പ്രസവിച്ച്, ആ കുഞ്ഞിനെ നിങ്ങൾ താരാട്ടു പാടിയുറക്കുന്നത് കണ്ട് ആനന്ദിച്ചില്ലെങ്കിൽ താനൊരു സ്ത്രീയല്ലെന്ന് ശ്രീദേവി പറയുന്നു. അതിന്, ഇതെന്താ പാഞ്ചാലിയുടെ ശപഥമാണോയെന്ന് ജയചന്ദ്രൻ ചോദിക്കുമ്പോൾ, ശ്രീദേവിയുടെ ശപഥമാണെന്നും, ഓർമ്മയിരിക്കട്ടെയെന്നും പറഞ്ഞ് അവൾ പോവുന്നു.
സുവർണ്ണ വീട്ടിലെത്തി ഉണ്ണിത്താനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒന്നുമറിയാത്തത് പോലെ സോമൻ അവിടേക്ക് കയറിവരികയും, താൻ മാർത്താണ്ഡപ്പിള്ളയുടെ മകൻ ജയചന്ദ്രനാണെന്നും, വീട്ടിലേക്ക് പോവുന്നതിന് മുൻപ് ഇവിടെയൊന്നും കയറിക്കളയാമെന്ന് വന്നതാണെന്നും പറയുന്നു. ഉണ്ണിത്താൻ ജയചന്ദ്രനെ നേരിൽ കണ്ടിട്ടില്ലാത്തത് കൊണ്ട് അത് വിശ്വസിക്കുകയും, മകളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
അന്ന് യാത്ര പറഞ്ഞ് പിരിഞ്ഞതിന് ശേഷം ജയചന്ദ്രനെക്കുറിച്ചുള്ള മധുരസ്മരണകളുമായി കഴിയുകയാണെന്നും, ഇനിയെന്നാണ് കാണാൻ കഴിയുക എന്നും, താൻ ഗർഭിണിയാണെന്നുള്ള ഒരു സന്തോഷ വാർത്തയുണ്ടെന്നും പറഞ്ഞുള്ള ഒരു കത്ത് ശ്രീദേവി ജയചന്ദ്രന് അയക്കുന്നു. ജയചന്ദ്രൻ അത് വായിച്ച്, ആക്രമണം തുടങ്ങിക്കഴിഞ്ഞല്ലേ എന്ന് പറഞ്ഞ് ആ കത്ത് കീറിക്കളയുന്നു.
കല്യാണം കഴിയുന്നതിന് മുൻപേ തന്നെ ജയചന്ദ്രൻ ഞങ്ങളുടെ വീട്ടിൽ വന്ന് താമസം തുടങ്ങിയെന്ന് കാണിച്ച് ഉണ്ണിത്താൻ അയച്ച കത്ത് വായിക്കുന്ന വീരമാർത്താണ്ഡപ്പിള്ള, അരിശത്തോടെ ഉണ്ണിത്താന്റെ വീട്ടിലേക്ക് ചെല്ലുന്നു. സോമനും സുവർണ്ണയും കൊഞ്ചിക്കൊണ്ടിരിക്കുന്നതാണ് വീരമാർത്താണ്ഡപ്പിള്ള അവിടെ ചെല്ലുമ്പോൾ കാണുന്നത്. ഇത് തന്റെ മകനല്ലെന്നും, ഇവൻ സോമനാണെന്നും, ഇനി തന്റെ മകളെ തന്റെ മകന് വേണ്ടെന്നും പറഞ്ഞ് പിള്ള പോവുന്നു. ഉണ്ണിത്താൻ സോമനെ പുറത്താക്കാൻ നോക്കുമ്പോൾ, തന്റെ മകൾ രണ്ടു മാസം ഗർഭിണിയാണെന്ന് സോമൻ നുണ പറയുമ്പോൾ, സുവർണ്ണ അത് ശരിയാണെന്ന് പറയുമ്പോൾ, മറ്റു മാർഗ്ഗമില്ലാതെ സോമനെ ഉണ്ണിത്താൻ വീട്ടിൽ തന്നെ പാർപ്പിക്കുന്നു.
ശ്രീദേവി ആർക്കോ കത്തെഴുതിക്കൊണ്ടിരിക്കുമ്പോൾ, അസുഖം ബാധിച്ചു കിടക്കുന്ന വാസന്തി ഇങ്ങിനൊരു കത്ത് വേണോ എന്ന് ചോദിക്കുന്നു. അതിന്, വേണമെന്നും, ഇതൊരാവശ്യമാണെന്നും ശ്രീദേവി പറയുന്നു. അപ്പോൾ, വേണ്ടെന്നും, ഇതാവശ്യമില്ലാത്ത മത്സരമാണെന്നും വാസന്തി പറയുമ്പോൾ, ചേച്ചി അങ്ങിനെ പറയരുതെന്നും, നിരപരാധിയായ ഈ പിഞ്ചു കുഞ്ഞിന് വേണ്ടിയാണെന്നും, ഈ മത്സരം കൂടിയേ തീരു എന്നും ശ്രീദേവി പറയുമ്പോൾ, നിന്റെ ഇഷ്ടമെന്ന് മാത്രം വാസന്തി പറയുന്നു.
ആ കത്ത് മറ്റാർക്കുമല്ലാ, ജയചന്ദ്രനായിരുന്നു ശ്രീദേവി എഴുതിയത്. താൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചുവെന്നും, അവൻ തനി ജയചന്ദ്രന്റെ ഛായയാണെന്നും കാണിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. ആ കത്തും വായിച്ച് ജയചന്ദ്രൻ അരിശത്തോടെ കീറിക്കളയുന്നു.
ഉണ്ണിത്താൻ സുവർണ്ണയുടെയും സോമന്റെയും വിവാഹം കാലണ ചിലവില്ലാതെ വീട്ടിൽവെച്ച് തന്നെ നടത്തുകയും, അടുത്ത നിമിഷം അവരെ വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്യുന്നു. അവർ ഇറങ്ങുന്നതിന് മുൻപ്, തന്റെ സ്വത്തിന്റെ അവകാശം നിങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞിനാണ് എന്ന് പറയുന്നു.
വാസന്തിയുടെ കുഞ്ഞിനേയും കൊണ്ട് ശ്രീദേവി ജയചന്ദ്രന്റെ വീട്ടിലെത്തി വീരമാർത്താണ്ഡപ്പിള്ളയുടെയും, ഭാഗീരഥിയമ്മയുടെയും കാൽതൊട്ട് വന്ദിച്ച് കുഞ്ഞിനെ ഭാഗീരഥിയമ്മയുടെ കൈയ്യിൽ കൊടുക്കുന്നു. വീരമാർത്താണ്ഡപ്പിള്ളയും, ഭാഗീരഥിയമ്മയും എന്താ സംഭവം എന്ന് ഒന്നും പിടികിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു. തുടർന്ന്, ഈ പെണ്ണിനെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ, അന്ന് ഹോസ്റ്റലിൽ വെച്ച് കണ്ട ആ പെണ്ണല്ലേ എന്ന് വീരമാർത്താണ്ഡപ്പിള്ള ചോദിക്കുമ്പോൾ, അതെയെന്ന് ശ്രീദേവി പറയുമ്പോൾ, ഇവിടെ എന്തിന് വന്നെന്ന് പിള്ള ചോദിക്കുമ്പോൾ, വരാൻ പറഞ്ഞിട്ട് വന്നതാണെന്ന് ശ്രീദേവി പറയുന്നു. അതാരാണ് വരാൻ പറഞ്ഞതെന്ന് ഭാഗീരഥിയമ്മ ചോദിക്കുമ്പോൾ, കുഞ്ഞിന്റെ അച്ഛനാണെന്ന് ശ്രീദേവി പറയുന്നു. അപ്പോൾ, കുഞ്ഞിന്റെ അച്ഛനോ, ഈ കുഞ്ഞേതാണെന്ന് വീണ്ടും ഭാഗീരഥിയമ്മ ചോദിക്കുമ്പോൾ, ഇവിടുത്തെ കുഞ്ഞാണെന്ന് ശ്രീദേവി പറയുന്നു. ചിന്താക്കുഴപ്പത്തിലാവുന്ന ഭാഗീരഥിയമ്മ, ഈ കുഞ്ഞേതാണെന്ന് സത്യം പറ എന്ന് ദേഷ്യത്തോടെ ചോദിക്കുമ്പോൾ, നിങ്ങളുടെ മകന്റെ കുഞ്ഞാണെന്ന് ശ്രീദേവി പറയുന്നു. അന്നേരം, ഞങ്ങൾക്ക് വേണുഗോപാൽ, ജയചന്ദ്രൻ എന്നീ പേരുകളിൽ രണ്ടു ആണ്മക്കളാണുള്ളതെന്നും, ഇവരിൽ ആരുടേതാണെന്ന് പിള്ള ചോദിക്കുമ്പോൾ, ശ്രീദേവി പേര് പറയാതെ തലമാത്രം കുലുക്കുമ്പോൾ, രണ്ടാൾക്കും ചേർന്ന് ഒരു കുഞ്ഞോ, അതെങ്ങിനെ ശരിയാവാനാ, എന്ന് വീണ്ടും ചോദിക്കുമ്പോൾ, ജയചന്ദ്രന്റേതാണെന്ന് ശ്രീദേവി തലകുലുക്കുന്നു. ഇവൾ പറയുന്നത് കള്ളമാണെന്ന് ഭാഗീരഥിയമ്മ പറയുമ്പോൾ, കള്ളമല്ലെന്നും, രണ്ടുപേരും ചേർന്നുള്ള ഫോട്ടോ കണ്ടപ്പോഴേ തനിക്ക് തോന്നിയതാണെന്നും, ഇത് ജയചന്ദ്രന്റെ ഭാര്യയും കുഞ്ഞും തന്നെയാണെന്നും പിള്ള പറയുന്നു. ഇനിയിപ്പോ എന്ത് ചെയ്യണം എന്ന് ഭാഗീരഥിയമ്മ ചോദിക്കുമ്പോൾ, രണ്ടുപേരെയും അകത്ത് കൊണ്ടുപോ, അവരിവിടെ സുഖമായി താമസിക്കട്ടെയെന്ന് പിള്ള പറയുന്നു. എന്നിട്ട്, ജയചന്ദ്രൻ എവിടെയെന്ന് ചോദിക്കുമ്പോൾ, ഹോട്ടലിലാണെന്ന് ശ്രീദേവി പറയുന്നു.
വേണുഗോപാൽ കമ്പിയടിച്ച് വിളിക്കുന്നത് പോലെ ജയചന്ദ്രനെ കമ്പിയടിച്ച് ഇവിടേക്ക് വിളിക്കണമെന്നും, വേണുഗോപാലിനെയും വിവരമറിയിച്ച് ഇവിടേക്ക് വരുത്തണം എന്നും വീരമാർത്താണ്ഡപ്പിള്ളയും, ഭാഗീരഥിയമ്മയും തീരുമാനിക്കുന്നു.
ജയചന്ദ്രൻ വീട്ടിലെത്തി ചേട്ടനെവിടെയെന്ന് അന്വേഷിക്കുമ്പോൾ, ചേട്ടൻ ഡൽഹിലാണെന്നും, നീ അയച്ച മറ്റു ചിലർ ഇവിടെ എത്തിയിട്ടുണ്ടെന്നും പിള്ള പറയുമ്പോൾ, അതാര് എന്ന് ജയചന്ദ്രൻ ചോദിക്കുന്നു. ഒന്നുമറിയാത്തപോലെ നടിക്കുന്നല്ലോ എന്നു പിള്ളയും ഭാഗീരഥിയമ്മയും പറഞ്ഞ്, ശ്രീദേവിയെ വിളിക്കുന്നു. ശ്രീദേവിയെക്കണ്ട് നീയോ, നീയെന്തിനിവിടെ വന്നെന്ന് പരിഭ്രാന്തനായി ചോദിക്കുമ്പോൾ, അങ്ങിനെ വരട്ടെ, അപ്പോ നീയിവളെ അറിയും അല്ലേ, ഞാൻ കരുതി നീയിവളെ കണ്ടിട്ടേയില്ലെന്ന് പറയും എന്നാണ് കരുതിയത് എന്ന് പിള്ള പറയുന്നു. അപ്പോൾ, ഇവളെങ്ങിനെ ഇവിടെ വന്നുവെന്ന് ജയചന്ദ്രൻ ചോദിക്കുമ്പോൾ, നീ വിളിച്ചിട്ടാണ് അവൾ വന്നതെന്ന് ഭാഗീരഥിയമ്മ പറയുന്നു. അതുകേട്ട്, ഞാൻ നിന്നോട് ഇവിടെ വരാൻ പറഞ്ഞുവോയെന്ന് ജയചന്ദ്രൻ ചോദിക്കുമ്പോൾ, അങ്ങിനെയൊന്നും പറയരുത്, നിങ്ങൾ കുഞ്ഞിനേയും കൊണ്ട് ഇവിടെ വരാൻ പറഞ്ഞത് കൊണ്ടല്ലേ താൻ വന്നതെന്ന് ശ്രീദേവി പറയുന്നു. അപ്പോൾ, ജയചന്ദ്രൻ ദേഷ്യത്തോടെ അവളെ അടിക്കാൻ പോവുമ്പോൾ, പിള്ള തടുത്തു നിർത്തുന്നു. അന്നേരം, നീ നിന്റെ ശപഥം നിറവേറ്റാൻ വന്നതാണല്ലേ, വെറും കത്തിലൊതുങ്ങും എന്ന് കരുതിയതാണ്, പക്ഷേ ഇപ്പോൾ കാര്യത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ജയചന്ദ്രൻ പറയുന്നു. തുടർന്ന്, ഇവൾ ഭയങ്കരിയാണെന്നും, തന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് ഒരിക്കൽ ഇവൾ തന്റെ ഹോസ്റ്റൽ മുറിയിലേക്ക് കടന്നുവന്നുവെന്ന് ജയചന്ദ്രൻ അമ്മയോട് പറയുമ്പോൾ, എന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് നിങ്ങൾ എനിക്ക് കത്ത് തന്നതുകൊണ്ടാണ് താൻ മുറിയിലേക്ക് കയറിവന്നതെന്ന് ശ്രീദേവി ഇടയ്ക്ക് കയറി പറയുന്നു. അതുകേട്ട്, ഞാൻ നിനക്ക് എപ്പോൾ കത്ത് തന്നുവെന്ന് ചോദിക്കുമ്പോൾ, ശ്രീദേവി ബ്ലൗസിനുള്ളിൽ നിന്നും കത്തെടുത്ത്, ഇത് നിങ്ങൾ തന്നതല്ലേയെന്ന് കാണിക്കുമ്പോൾ, പിള്ള അത് വാങ്ങിച്ച് ജയചന്ദ്രനെ കാണിച്ച് ഇത് നിന്റെ കൈയ്യക്ഷരമല്ലേയെന്ന് ചോദിക്കുമ്പോൾ, ജയചന്ദ്രൻ അതെയെന്ന് സമ്മതിക്കുകയും, എന്നാൽ താൻ കത്തെഴുതിയിട്ടില്ലെന്നും, ഏതോ പിള്ളേർ പണി ഒപ്പിച്ചതാണെന്നും പറയുന്നു. അതുകേട്ട്, ഇത് നിങ്ങൾ എഴുതിയ കത്തല്ലെന്ന് കുഞ്ഞിന്റെ മേൽ സത്യം ചെയ്തു പറയാമോ എന്ന് ശ്രീദേവി ചോദിക്കുന്നു. അപ്പോൾ, ജയചന്ദ്രൻ ഭീഷണി ധ്വനിയിൽ, ഈ കുഞ്ഞേതാണെന്ന് സത്യം പറയണമെന്ന് ചോദിക്കുമ്പോൾ, അഗ്നിസാക്ഷിയായി അമ്പലത്തിൽ വെച്ച് താലി ചാർത്തിയ നിങ്ങൾ ഇങ്ങിനെ ചോദിക്കാമോയെന്ന് ശ്രീദേവി തിരികെ ചോദിക്കുന്നു. ശ്രീദേവി നിന്ന് പരുങ്ങുമ്പോൾ, പിള്ളയും ചോദിക്കുന്നു, താലി കെട്ടിയെങ്കിൽ കഴുത്തിൽ താലി കാണണ്ടേ, എവിടെ കാണിക്ക് എന്ന്. അപ്പോൾ, അവൾ കള്ളം പറയുകയാണെന്നും, പോലീസിൽ ഏൽപ്പിക്കണമെന്നും ജയചന്ദ്രൻ പറയുമ്പോൾ, ഇതാ നിങ്ങൾ അണിയിച്ച താലി എന്ന് പറഞ്ഞ്, ശ്രീദേവി ജയചന്ദ്രൻ അവൾക്ക് നൽകിയ മാല കാണിക്കുന്നു. അതുകണ്ട് ജയചന്ദ്രൻ പരുങ്ങുകയും, സത്യം പറയാൻ കഴിയാതെ എന്തോ പറഞ്ഞ് തടി തപ്പാനും ശ്രമിക്കുന്നു. ശ്രീദേവിയുടെ കഴുത്തിൽ കിടക്കുന്നത് അവർ ജയചന്ദ്രന് അണിയിച്ച മാലയാണെന്ന് ബോധ്യം വരുന്ന പിള്ളയും, ഭാഗീരഥിയമ്മയും, ശ്രീദേവി ജയചന്ദ്രന്റെ ഭാര്യയാണെന്നും, ആ കുഞ്ഞ് ജയചന്ദ്രന്റേതാണെന്നും വിശ്വസിക്കുന്നു.
ജയചന്ദ്രൻ സോമനെക്കണ്ട് നിങ്ങളെല്ലാവരും ചേർന്ന് വരുത്തിവെച്ചതാണ് ഈ വിന, അതുകൊണ്ട് നിങ്ങൾ തന്നെ ഇതിന് സമാധാനമുണ്ടാക്കണമെന്ന് പറയുമ്പോൾ, കത്ത് താനാണ് എഴുതിയതെന്നും, അതിന് സാക്ഷികളുണ്ടെന്നും, മാലയുടെ കാര്യത്തിനും സാക്ഷികളുണ്ട്, ആയതിനാൽ നാളെ നിന്റെ വീട്ടിൽ വന്ന് നിന്റെ മാതാപിതാക്കളോട് എല്ലാം വിശദമായി പറയുകയും ചെയ്യും, നീ വിഷമിക്കേണ്ടെന്ന് സോമൻ പറയുന്നു. ഇതെല്ലാം അകത്ത് നിന്നുകൊണ്ട് കേൾക്കുന്ന സുവർണ്ണ ഓടിച്ചെന്ന് ശ്രീദേവിയെ കാണുകയും, ജയചന്ദ്രനും സോമനും തമ്മിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രീദേവിയോട് പറയുകയും, സോമനും സുഹൃത്തുക്കളും ഇവിടെ വരുമ്പോൾ പതറരുതെന്നും, നിന്റെ പെരുമാറ്റത്തിൽ ആർക്കും സംശയം തോന്നരുതെന്നും, ബാക്കി കാര്യങ്ങളെല്ലാം താനേറ്റുവെന്നും പറഞ്ഞ് സുവർണ്ണ തിരികെ പോവുന്നു. സുവർണ്ണ പിന്നീട് അവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടുടമസ്ഥനെക്കണ്ട് പോലീസ് ഇൻസ്പെക്ടർ ആണെന്ന് അഭിനയിക്കാൻ പറയുകയും, താങ്കൾ ചെയ്യുന്ന ഈ ഉപകാരം കാരണം ഒരു പാവപ്പെട്ട പെണ്ണിന്റെ ജീവിതം രക്ഷപ്പെടുമെന്നും പറയുമ്പോൾ അദ്ദേഹം ശരിയെന്ന് സമ്മതിക്കുന്നു.
പറഞ്ഞത് പോലെ സോമനും കൂട്ടുകാരും ജയചന്ദ്രന്റെ വീട്ടിലെത്തുമ്പോൾ ശ്രീദേവി അവരെയെല്ലാം സ്വീകരിച്ചിരുത്തുന്നു. അപ്പോഴേക്കും പിള്ളയും അവിടേക്ക് വരികയും എല്ലാവരെയും കണ്ട് എന്താ കാര്യമെന്ന് ചോദിക്കുകയും ചെയ്യുമ്പോൾ, ജയചന്ദ്രനെ കാണണമെന്നും, ചിലത് പറയാനെന്നുണ്ടെന്നും സോമൻ പറയുന്നു. പിള്ള ജയചന്ദ്രനെ വിളിക്കുമ്പോൾ അയാളും അവിടേക്ക് വന്നു ചേരുന്നു. സോമൻ കാര്യം പറയാൻ തുടങ്ങുമ്പോൾ, സോമന്റെ വീട്ടുടമസ്ഥൻ പോലീസ് ഇൻസ്പെക്ടർ ആണെന്നും പറഞ്ഞ് പിള്ളയ്ക്ക് ഫോൺ ചെയ്യുകയും, സോമന്റെയും കൂട്ടുകാരുടെയും പേരിൽ ആൾമാറാട്ട കേസുണ്ടെന്നും, അവർ വീട്ടിലുണ്ടെങ്കിൽ അവരെ വിടരുതെന്നും, താനുടനെ വരുന്നുണ്ടെന്നും പറയുന്നു. എല്ലാം കേട്ട് നിൽക്കുന്ന സോമനും കൂട്ടരും ഒന്നും പറയാനില്ലെന്നും പറഞ്ഞ് അവിടെ ഓടി രക്ഷപ്പെടുന്നു.
ജയചന്ദ്രൻ ശ്രീദേവി അറിയാതെ കുഞ്ഞിനേയും കൊണ്ട് സോമന്റെ വീട്ടിലേക്ക് പോവുന്നു. ശ്രീദേവി അറിയാതെ കുഞ്ഞിന്റെയും തന്റെയും രക്തം പരിശോധിച്ച് ഒന്നാണോ എന്ന് കണ്ടെത്താൻ വേണ്ടിയാണ് കുഞ്ഞിനെ കൊണ്ടുവന്നിരിക്കുന്നത്. രണ്ടുപേരുടെയും രക്തത്തിന്റെ ഗ്രൂപ് ഒന്നല്ലെങ്കിൽ ശ്രീദേവിയെ പറഞ്ഞുവിടാമല്ലോ എന്നാണ് ജയചന്ദ്രന്റെ കണക്കുകൂട്ടൽ. ഡോക്ടർ രക്തം പരിശോധിക്കാൻ വരുമ്പോൾ, ഇവരുടെ സംഭാഷണങ്ങളെല്ലാം കേട്ടുനിൽക്കുന്ന സുവർണ്ണ എന്തോ തീരുമാനിച്ചുറച്ച് പുറത്തേക്ക് ഓടുന്നു.
ജയചന്ദ്രൻ രക്തം പരിശോധിക്കാൻ പോവുന്ന വിവരം ഭാഗീരഥിയമ്മ അറിയുകയും, ഇന്നത്തോടെ എല്ലാറ്റിനും ഒരു തീരുമാനമുണ്ടാവും എന്നവർ പിള്ളയോട് പറയുന്നു. എന്നിട്ട് ശ്രീദേവിയെ വിളിച്ച് പൂജാമുറിയിൽ വെച്ച് കുഞ്ഞ് അവരുടെ മകന്റേത് തന്നെയാണോ എന്ന് ശ്രീദേവിയോട് സത്യം ചെയ്യാൻ പറയുന്നു. ശ്രീദേവി സത്യം ചെയ്യുമ്പോൾ, തന്നോട് ക്ഷമിക്കാനും, തന്റെ സംശയങ്ങളെല്ലാം തീർന്നുവെന്നും ഭാഗീരഥിയമ്മ പറയുന്നു. എന്നിട്ട്, പിള്ളയോട് ചെന്ന്, ഇനിയാരെന്ത് പറഞ്ഞാലും താൻ വിശ്വസിക്കില്ലെന്നും, ഇത് നമ്മുടെ പേരക്കുഞ്ഞ് തന്നെയാണെന്നും പറയുന്നു. അന്നേരം ജയചന്ദ്രൻ ഡോക്ടറെയും കൂട്ടി അവിടെ വരികയും, തന്റെയും കുഞ്ഞിന്റെയും രക്തം പരിശോധിച്ചുവെന്നും, ബാക്കി ഡോക്ടർ പറയുമെന്നും പറയുന്നു. രണ്ടു പേരുടെയും രക്തം പരിശോധിച്ചുവെന്നും, രണ്ടും ഒന്നാണെന്ന് ഡോക്ടർ പറയുന്നത് കേട്ട് ജയചന്ദ്രൻ സ്തംഭിച്ചു നിൽക്കുന്നു. ഡോക്ടറെക്കൊണ്ട് അങ്ങിനെ പറയാൻ നിർബന്ധിച്ചത് സുവർണ്ണയാണ്. ഈ വിവരം സുവർണ്ണ ശ്രീദേവിയോട് പറയുകയും, മുൻപ് താൻ ശ്രീദേവിയോട് ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായിട്ടാണ് ഇതെല്ലാം ചെയ്യുന്നതെന്നും പറയുന്നു.
കുഞ്ഞിനെ തന്റെ കൂടെ കിടത്താമെന്നും, നീ ജയചന്ദ്രന്റെ മുറിയിൽ കിടന്നോളു എന്നും പറഞ്ഞ് ഭാഗീരഥിയമ്മ ശ്രീദേവിയെ ജയചന്ദ്രന്റെ മുറിയിലേക്ക് പറഞ്ഞുവിടുന്നു. തന്നെയെന്തിനാണ് ഇങ്ങിനെ തീ തീറ്റിക്കുന്നതെന്നും, കുഞ്ഞിന്റെ യഥാർത്ഥ അച്ഛൻ ആരാണെന്നും, ആരാണ് നിന്നെ വഞ്ചിച്ചതെന്ന് ഇനിയെങ്കിലും പറയു, താൻ അയാളെക്കണ്ടുപിടിച്ചു കൊണ്ടുവന്ന് നിന്നെ സ്വീകരിക്കാൻ പറയാമെന്നും ജയചന്ദ്രൻ പറയുമ്പോൾ, ശ്രീദേവി ഒന്നും പറയാൻ കഴിയാതെ വിഷമിച്ചു നിൽക്കുന്നു.
പിള്ള വേണുഗോപാലിന് അയച്ച കമ്പിയനുസരിച്ച് വേണുഗോപാലും, വിമലയും (റാണിചന്ദ്ര) അവധിയെടുത്ത് നാട്ടിലെത്തുന്നു. രണ്ടുപേരും ജയചന്ദ്രനെ കളിയാക്കുമ്പോൾ ജയചന്ദ്രന് അത് അസഹ്യമായി അനുഭവപ്പെടുന്നു. ഭാഗീരഥിയമ്മ ശ്രീദേവിയെ വേണുഗോപാലിന് പരിചയപ്പെടുത്തുമ്പോൾ, വേണുഗോപാൽ നിന്ന് പരുങ്ങുന്നു. വേണുഗോപാൽ ജയചന്ദ്രനേയും വിളിച്ച് ജയചന്ദ്രന്റെ മുറിയിലേക്ക് പോവുന്നു. ജയചന്ദ്രൻ വേണുഗോപാലിനോട് എല്ലാം തുറന്നു പറയുന്നു. തന്നെ ആരോ കരുതിക്കൂട്ടി വഞ്ചിക്കുകയാണെന്നും, ചേട്ടൻ തന്നെ സഹായിക്കണമെന്നും പറയുമ്പോൾ, താൻ അച്ഛനോട് സംസാരിക്കാമെന്ന് വേണുഗോപാൽ പറയുന്നു. ജയചന്ദ്രൻ ശ്രീദേവിയെയും കുഞ്ഞിനേയും അവഗണിക്കുന്നതിൽ വിഷമം പ്രകടിപ്പിക്കുന്ന ഭാഗീരഥിയമ്മയെ വിമല എല്ലാറ്റിനും പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു. വേണുഗോപാൽ അച്ഛനോട് ജയചന്ദ്രൻ നിഷ്ക്കളങ്കനാണെന്നും, ആ കുഞ്ഞ് അവന്റേതല്ലെന്നും പറയുമ്പോൾ, എന്നാൽ നിന്റേതാണോന്ന് അച്ഛൻ ചോദിക്കുമ്പോൾ വേണുഗോപാൽ പരുങ്ങുന്നു. എല്ലാം തനിക്കറിയാമെന്നും, ഇനിയും ജയചന്ദ്രൻ ഉരുണ്ടു കളിച്ചാൽ തന്റെ സ്വഭാവം മാറുമെന്ന് പിള്ള പറയുന്നു.
വേണുഗോപാലും, വിമലയും എന്തോ ആലോചിച്ചുറച്ച് ശ്രീദേവിയെ അണിയിച്ചൊരുക്കി, ഗുണദോഷിച്ച് ജയചന്ദ്രന്റെ മുറിയിലേക്ക് പറഞ്ഞു വിടുന്നു. നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി തന്റെ മുറിയിലെത്തിയ ശ്രീദേവിയെക്കണ്ട്, ചെയ്യാത്ത തെറ്റിന് താൻ ക്രൂശിക്കപ്പെടുകയാണെന്നും, ഇനി തനിക്ക് സഹിക്കാൻ കഴിയില്ലെന്നും, തന്റെ ഭാര്യയാണെന്ന് നുണ പറഞ്ഞല്ലേ വീട്ടിൽ കയറിയത്, ഇന്ന് നിന്നെ ഭാര്യയാകും എന്ന് പറഞ്ഞ് ശ്രീദേവിയെ ബലപ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോൾ ശ്രീദേവി ജയചന്ദ്രനെ തള്ളിമാറ്റി മുറിയിൽ നിന്നും പുറത്തേക്ക് ഓടുന്നു. ഇവരുടെ ബഹളം കേട്ട് പുറത്തു നിൽക്കുന്ന വിമല ശ്രീദേവി മുറിയിൽ നിന്നും പുറത്തേക്ക് വരുന്നത് കാണുകയും, വേണുഗോപാലിനോട് ജയചന്ദ്രൻ പറയുന്നത് സത്യമാണെന്നും, ഇതിലെന്തോ ചതി നടക്കുന്നുണ്ടെന്നും പറയുമ്പോൾ, താൻ ശ്രീദേവിയോട് സംസാരിക്കാമെന്നും, തൽക്കാലം ഇത് മറ്റാരും അറിയരുതെന്നും പറയുന്നു.