പുനർജന്മം
ഇഡീപസ് കോമ്പ്ലെക്സിൽപെട്ടുഴലുന്ന നായകൻ. ദാമ്പത്യ ജീവിതത്തിനായി വെമ്പുന്ന അവന്റെ ചെറുപ്പക്കാരിയായ ഭാര്യ. നായകൻ ഈ പ്രതിസന്ധിയിൽ നിന്നും മറികടക്കുന്നുണ്ടോ? ഭാര്യയുമായി അവന് ആരോഗ്യകരമായ ദാമ്പത്യ ജീവിതം നയിക്കാൻ കഴിയുമോ? അതിനുള്ള ഉത്തരം നൽകുന്നു "പുനർജ്ജന്മം".
Actors & Characters
Actors | Character |
---|---|
അരവിന്ദൻ | |
രാധ | |
പണിക്കർ | |
കുറുപ്പ് | |
വെളിച്ചപ്പാട് | |
മന്ത്രവാദി | |
ശങ്കരിയമ്മ | |
ജാനു | |
Jr.അരവിന്ദൻ | |
മനശ്ശാസ്ത്രജ്ഞൻ |
കഥ സംഗ്രഹം
ഈ ചിത്രം പിന്നീട് തമിഴിൽ "മറുപിറവി" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടു - മുത്തുരാമൻ, മഞ്ജുള എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. പിന്നീട് തെലുങ്കിലും "വിന്ത കഥ" എന്ന പേരിലും റീമേക് ചെയ്യപ്പെട്ടു. കൃഷ്ണ, വാണിശ്രീ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
രാധ ഡിഗ്രിക്ക് പഠിക്കുന്ന സുന്ദരിയും, സുശീലയുമായ കോളേജ് കുമാരി. രാധ ധനികനും, വിഭാര്യനുമായ പണിക്കരുടെ (അടൂർ ഭാസി) ഏക സന്തതിയാണ്. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട അവളെ പണിക്കർ പൊന്നുപോലെ വളർത്തിവരുന്നു, അവളുടെ ഏതു ആഗ്രഹവും സാധിച്ചു കൊടുക്കുന്നു. ഡിഗ്രി പഠനം കഴിഞ്ഞതും അവളെ അനന്തിരവനു തന്നെ വിവാഹം കഴിച്ചു കൊടുക്കണം എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
നല്ലൊരു കവിയും, ഗാനരചയിതാവും, കലാകാരനും, വാഗ്മിയുമായ അരവിന്ദൻ (പ്രേം നസീർ) രാധ പഠിക്കുന്ന കോളേജിലേക്ക് ലക്ച്ചററായി സ്ഥലം മാറ്റമായി വരുന്നു. ആ കോളേജിൽ അരവിന്ദന് നൽകുന്ന സ്വീകരണച്ചടങ്ങിൽ അദ്ദേഹത്തിന്റെ തന്നെ ഒരു കവിത ആലപിക്കുന്ന രാധയെക്കണ്ട് അരവിന്ദൻ പകച്ചുപോവുന്നു, പലതരം വികാരങ്ങൾ അരവിന്ദന്റെ മുഖത്തിൽ മിന്നിമായുന്നു (അതിന്റെ പൊരുൾ ക്ളൈമാക്സിൽ ആണ് വിശദീകരിക്കപ്പെടുന്നത്). അരവിന്ദനും നല്ല തറവാടിത്തമുള്ള വീട്ടിലെ അംഗമാണ്. ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട അവനെ വളർത്തി ഈ നിലയിലെത്തിച്ചത് അമ്മയാണ്. അവന് ലോകം തന്നെ അമ്മയാണ്. അമ്മയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല എന്ന സ്ഥിതിയാണ് അവന്റേത്. അരവിന്ദന് സ്ഥലം മാറ്റം ലഭിക്കുന്നതിന് ആറുമാസം മുൻപ് അമ്മയും മരിച്ചു പോവുന്നു. ആ ദുഃഖം സഹിക്കാൻ വയ്യാതെയാണ് അവൻ തന്റെ ജന്മനാട്ടിൽ നിന്നും സ്ഥലം മാറ്റം വാങ്ങി ഈ കോളേജിലേക്ക് വരുന്നത്.
പഠിത്തത്തിൽ അല്പം മോശമായ രാധയ്ക്ക് അരവിന്ദൻ കോളേജിൽ വെച്ചുതന്നെ അവളുടെ പ്രധാന വിഷയമായ മലയാളത്തിൽ സ്പെഷ്യൽ ട്യൂഷൻ എടുക്കുന്നു. അരവിന്ദന് രാധയോടുള്ള ഈ "സ്പെഷ്യൽ" മമത കോളേജിൽ പാട്ടാവുന്നു, കുട്ടികൾ അപവാദം പറഞ്ഞു പരത്തുന്നു. അത് കണ്ട പ്രൊഫെസ്സർ (പറവൂർ ഭരതൻ) അരവിന്ദനെ രാധയ്ക്ക് ട്യൂഷൻ എടുക്കുന്നതിൽ നിന്നും വിലക്കുന്നു. അതിനാൽ അരവിന്ദൻ രാധയുടെ വീട്ടിൽ ചെന്ന് അവൾക്ക് ട്യൂഷൻ എടുക്കുന്നു. അരവിന്ദന് രാധയെ കണ്ടമാത്രയിൽ തന്നെ പ്രേമം തോന്നിയിരുന്നു. ദിവസങ്ങൾ കഴിയുംതോറും അത് കൂടിക്കൂടി വരുന്നു. ഒരു ദിവസം അരവിന്ദൻ ധൈര്യം സംഭരിച്ച് രാധ വീട്ടിൽ ഇല്ലാത്ത നേരം നോക്കി അവളുടെ അച്ഛനോട് തനിക്ക് രാധയെ ഇഷ്ടമാണെന്നും, അവളെ തനിക്ക് വിവാഹം കഴിച്ചു തരണമെന്നും അഭ്യർത്ഥിക്കുന്നു. എന്നാൽ അവളുടെ അച്ഛൻ ആ അഭ്യർത്ഥന നിരസിക്കുന്നു, കാരണം, അവളുടെ വിവാഹം നേരത്തെതന്നെ അനന്തിരവനുമായി നിശ്ചയിച്ചിട്ടുള്ളത് കൊണ്ട്. മാത്രവുമല്ല, അരവിന്ദന്റെ മനസ്സിൽ ഇങ്ങിനൊരു വിചാരം ഉള്ളതുകൊണ്ട് ഇനി ട്യൂഷൻ എടുക്കാൻ വീട്ടിൽ വരേണ്ട എന്നും പറഞ്ഞ് മടക്കി അയക്കുന്നു.
അരവിന്ദൻ ആകെ തളർന്നു പോവുന്നു. രാധയെ കാണാനും, സംസാരിക്കാനും അയാളുടെ മനസ്സ് വെമ്പൽ കൊള്ളുന്നു. ഒരു ദിവസം രാത്രി അവളെത്തേടി അവളുടെ വീട്ടുമുറ്റത്തു വരെ എത്തുന്ന അരവിന്ദനെക്കാണുന്ന രാധ ആരുമറിയാതെ അവനെക്കാണാൻ പുറത്തേക്കോടുന്നു. രാധ അവിടെ എത്തുമ്പോഴേക്കും അരവിന്ദൻ തിരിച്ചുപോവുന്നു. ഈ കാഴ്ച കാണാനിടയാകുന്ന രാധയുടെ അച്ഛൻ മകൾക്കും അവനോട് ഇഷ്ടമുണ്ടെന്നു മനസ്സിലാക്കുന്നു. മകളുടെ ഒരു ആഗ്രഹത്തിനും എതിരു നിൽക്കാത്ത അദ്ദേഹം അവർ തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കുന്നു. വിവാഹം കഴിഞ്ഞതിനാൽ അരവിന്ദൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെ അവളൊരു വിദ്യാർത്ഥിയായി തുടരുന്നത് ശരിയാവില്ല എന്നതിനാൽ അവളുടെ പഠനം നിർത്തപ്പെടുന്നു.
യൗവനത്തിലേക്ക് കാലെടുത്തു വെക്കുന്ന ഏതൊരു കന്യകയെയുംപോലെ, വൈവാഹിക ജീവിതത്തെക്കുറിച്ച് രാധയ്ക്കുമുണ്ടായിരുന്നു ഒരായിരം സ്വപ്നങ്ങൾ. ആ സ്വപ്നങ്ങളും പേറി ആദ്യരാത്രിയിലേക്ക് പ്രവേശിക്കുന്ന അവളെ കാത്തിരുന്നത് പക്ഷെ കടുത്ത നിരാശയും, ഞെട്ടലുമായിരുന്നു. അരവിന്ദന് അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നില്ല എന്ന സത്യമായിരുന്നു അവളുടെ ഞെട്ടലിനും, നിരാശക്കും കാരണം. വരും ദിവസങ്ങളിൽ എല്ലാം ശരിയാവും എന്നവൾ കാത്തിരുന്നു, പക്ഷെ അത് വെറും കാത്തിരുപ്പു മാത്രമായി മാറുന്നു. അരവിന്ദന് അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ മാത്രമേ ബുദ്ധിമുട്ടുള്ളുവെങ്കിലും, അവൻ അവളെ അളവറ്റു സ്നേഹിക്കുന്നു, അവളെ പിരിഞ്ഞ് ഒരു നിമിഷം പോലും കഴിയാൻ അവനു ബുദ്ധിമുട്ടാണ്. അവൾ അരികിൽ കിടന്നാൽ മാത്രമേ അവന് ഉറക്കം വരികയുള്ളു. രാധയും ആ സ്നേഹം തിരിച്ചറിയുന്നു.
ഭർത്താവുമായി ബന്ധത്തിലേർപ്പെടാൻ കഴിയാത്തതിന്റെ ദുഃഖവും, വ്യഥയും അവൾ ആരോടും പറയാൻ കഴിയാതെ നീറിപ്പുകയുന്നു. പേരക്കുട്ടിയുടെ കുഞ്ഞിക്കാല് കാണാൻ വേണ്ടി കാത്തിരിക്കുന്ന രാധയുടെ അച്ഛൻ അവൾക്ക് കുഞ്ഞുണ്ടാവാത്തതിൽ അതിയായി ദുഃഖിക്കുന്നു. ജാതകത്തിലെ വല്ല ദോഷവുമായിരിക്കും എന്ന് കരുതി പ്രശ്നം വെച്ചുനോക്കി അതിനുള്ള പരിഹാരങ്ങൾ ചെയ്യുന്നു. മന്ത്രവാദിയിൽ (ശങ്കരാടി) നിന്നും നെയ്യ് വാങ്ങി കഴിപ്പിച്ചും, ഏലസ്സ് അണിയിപ്പിച്ചും കുഞ്ഞുണ്ടാവാൻ ശ്രമങ്ങൾ നടത്തുന്നു. അതിലൊന്നും കാര്യമില്ലെന്ന് രാധ തന്റെ കുഞ്ഞമ്മ ശങ്കരിയമ്മയോട് (പ്രേമ) പറയുന്നു. അതിന്റെ അർത്ഥം എന്തെന്നറിയാതെ കുഴങ്ങുന്ന അവർ അവളോട് കാര്യം തെളിച്ചു പറയാൻ പറയുന്നു. നാണം മറച്ചവൾ കുഞ്ഞമ്മയോട് കാര്യം വെളിപ്പെടുത്തുന്നു. ശങ്കരിയമ്മ വഴി വിവരങ്ങൾ അറിയുന്ന രാധയുടെ അച്ഛൻ അവളെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നു. ദാമ്പത്യ സുഖം ലഭിച്ചില്ലെങ്കിലും തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിനെ പിരിഞ്ഞു വരാൻ രാധ തയാറാവുന്നില്ല.