അഭിരാമി
മലയാള ചലച്ചിത്ര താരം. 1983 ജൂലൈയിൽ തിരുവനന്തപുരത്ത് ഒരു തമിഴ് കുടുംബത്തിൽ ഗോപകുമാറിന്റെയും പുഷ്പയുടെയും മകളായി ജനിച്ചു. ദിവ്യ ഗോപകുമാർ എന്നായിരുന്നു യഥാർത്ഥ നാമം. അച്ഛന് എറണാംകുളത്തേയ്ക്ക് ജോലിമാറ്റം കിട്ടിയതിനാൽ എറണാംകുളത്തായിരുന്നു അഭിരാമിയുടെ വിദ്യാഭ്യാസം. ക്രൈസ്റ്റ് നഗർ ഹൈസ്ക്കൂൾ, ഭാരതീയ വിദ്യാഭവൻ എന്നിവിടങ്ങളിലായിരുന്നു അഭിരാമിയുടെ സ്കൂൾ വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞു.
അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലനടിയായിട്ട് 1995-ലായിരുന്നു അഭിരാമിയുടെ തുടക്കം. പഠിയ്ക്കുന്ന സമയത്ത് ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പ്രോഗ്രാമിന്റെ അവതാരികയായിരുന്നു അഭിരാമി. ആ പ്രോഗ്രാം അഭിരാമിയെ പ്രശസ്തയാക്കിയിരുന്നു. അതിനു ശേഷം ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത അക്ഷയപാത്രം എന്ന സീരിയലിൽ അഭിനയിച്ചു. ടി എൻ ഗോപകുമാർ സംവിധാനം ചെയ്ത വേരുകൾ, ശിവൻ സംവിധാനം ചെയ്ത ഒരു യാത്ര എന്നീ സീരിയലുകളിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം പത്രം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു. പിന്നീട് മെർക്കാറ എന്ന ചിത്രത്തിലും അഭിനയിച്ചു. മെർക്കാറയുടെ സംവിധായകനായ ജൂഡ് അട്ടിപ്പേറ്റിയാണ് അഭിരാമിയെ പ്രേം പ്രകാശ് നിർമ്മിച്ച് രാജസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്ക് നായികയായി നിർദ്ദേശിയ്ക്കുന്നത്. അങ്ങിനെ 1998- ൽ രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലാണ് അഭിരാമി ആദ്യമായി നായികയാകുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് ദിവ്യ എന്ന് പേര് അഭിരാമി എന്നാക്കി മാറ്റിയത്. തുടർന്ന് മില്ലേനിയം സ്റ്റാർസ്, ശ്രദ്ധ, മേഘസന്ദേശം, മേലേ വാര്യത്തെ മാലാഖ കുട്ടികൾ എന്നീ ചിത്രങ്ങളിലും നായികയായി അഭിനയിച്ചു. തമിഴിൽ Vaanavil, Samudhiram,Charlie Chaplin, Karmegham എന്നിവയുൾപ്പെടെ ഏഴ് ചിത്രങ്ങളിൽ അഭിരാമി അഭിനയിച്ചു.
രണ്ട് തെലുങ്കു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രങ്ങളിലും അഭിരാമി അഭിനയിച്ചു. മലയാളത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെ നായികയായും തമിഴിൽ പ്രഭു, ശരത്കുമാർ, അർജ്ജുൻ എന്നിവരുടെയും നായികയായി അഭിനയിച്ചു. 2004-ൽ കമലഹാസന്റെ Virumaandi യിൽ അഭിരാമി ശ്രദ്ധേയമായ വേഷം ചെയ്തു. 2004- ൽ സിനിമയിൽ നിന്നും പിൻ വാങ്ങിയ അഭിരാമി കുടംബത്തോടൊപ്പം അമേരിക്കയിലേയ്ക്ക് താമസം മാറ്റി. അമേരിക്കയിലെ ഒഹിയൊയിലെ College of Wooster -ൽ നിന്നും സൈക്കോളജി ആൻഡ് കംമ്യൂണിക്കേഷനിൽ ബിരുദം നേടി. അതിനുശേഷം ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നേടി. Vishwaroopam എന്ന കമലഹാസൻ ചിത്രത്തിലെ നായിക പൂജ കുമാറിന് ശബ്ദം കൊടുത്തുകൊണ്ട് 2013-ൽ അഭിരാമി ചലച്ചിത്രലോകത്തേയ്ക്ക് തിരിച്ചുവന്നു. 2014- ൽ അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിൽ നായികയായിക്കൊണ്ട് വീണ്ടും അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. തുടർന്ന് മലയാളം,തെലുങ്ക്,തമിഴ്,കന്നഡ ചിത്രങ്ങളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചുവരുന്നു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ സീന ആന്റണിയ്ക്ക് ശബ്ദം കൊടുത്ത അഭിരാമി Vishwaroopam, Uttama Villain, Vishwaroopam II എന്നീ സിനിമകളിലും നായികയായ പൂജ കുമാറിന് ശബ്ദം പകർന്നു.
സാഹിത്യകാരനും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന പവനന്റെ മകൻ രാഹുൽ പവനനെയാണ് അഭിരാമി വിവാഹം ചെയ്തിരിക്കുന്നത്.