ജയൻ വന്നേരി

Jayan Vannery
Date of Birth: 
Sunday, 11 October, 1981
സംവിധാനം: 2
സംഭാഷണം: 1
തിരക്കഥ: 1

 

1981 ഒക്റ്റോബർ 11 -ന് തെക്കഞ്ചേരി ഭാസ്ക്കരന്റെയും ജാനകിയുടെയും മകനായി മലപ്പുറം ജില്ലയിലെ വന്നേരിയിൽ ജനിച്ചു. വന്നേരി ഹൈസ്‌കൂളിലായിരുന്നു ജയന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി തൃശൂർ മലയാള പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. സ്കൂൾ, കോളേജ് കാലഘട്ടത്തിൽ അമേച്വർ നാടകങ്ങൾ കഥ എഴുതി സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിരുന്നു. സ്കൂൾ സബ് ജില്ല, ജില്ലാ കലോത്സവത്തിൽ സംസ്കൃത നാടകത്തിൽ ജയൻ രണ്ടു തവണ മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.   

2005 -ൽ  കലാധരന്റെ സംവിധാനത്തിൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കാവ്യാഞ്ജലി എന്ന മെഗാ പരമ്പരയുടെ പോസ്റ്റ് പ്രൊഡക്ഷൻ അസിസ്റ്റന്റായിക്കൊണ്ടാണ് ജയൻ വന്നേരി പ്രൊഫഷണലായി പ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ഇരുപതിലേറെ മെഗാ പരമ്പരകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ, അസ്സോസിയേറ്റ് ഡയറക്ടർ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. പവിത്രബന്ധം, കളിപ്പാട്ടങ്ങൾ, അമ്മത്തൊട്ടിൽ, സ്വർണമയൂരം, എന്റെ സൂര്യപുത്രി, തോമാശ്ലീഹ, പകൽ മഴ, മിഥുനം, ഓട്ടോഗ്രാഫ്.. എന്നിവ ജയൻ വന്നേരി പ്രവർത്തിച്ചിട്ടുള്ള പ്രശസ്തമായ ടെലിവിഷൻ പരമ്പരകളാണ്. ഈ പ്രവർത്തനകാലയളവിൽ തന്നെ ജയൻ വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോഡിങ് എന്നിവ പഠിയ്ക്കുകയും ചെയ്തു. 15 ഷോർട്ട് ഫിലിമുകൾ തിരക്കഥ എഴുതുകയും, അവയിൽ പലതിലും എഡിറ്റർ, റെക്കോർഡിസ്റ്റ്, പ്രൊഡ്യൂസർ, അഭിനേതാവ് എന്നിങ്ങനെ പല മേഖലകളിൽ പ്രവ്ർത്തിയ്ക്കുകയും ചെയ്ത ജയൻ വന്നേരി 3 ഷോർട്ട് ഫിലിമുകൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മീൽസ് റെഡി, ഗാന്ധി, പെൺകുട്ടി, ഹാബിറ്റ്, മേയ്ക് അപ്, ശലഭം, റൈറ്റ്സ്, റിംഗ് ടോൺ, കടങ്കഥ എന്നിവ ജയൻ വന്നേരിയുടെ ശ്രദ്ധേയമായ ഷോർട്ട് ഫിലിമുകളാണ്.

2014- 2015 -ൽ മ ചു ക (മഞ്ഞ, ചുവപ്പ്, കറുപ്പ്) എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തുകൊണ്ടാണ് ജയൻ ചലച്ചിത്രമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. പശുപതി, ജനനി അയ്യർ എന്നിവർ കഥാപാത്രങ്ങൾ ആയ ഈ ചിത്രം ഒരൊറ്റ ലൊക്കേഷനിൽ വെറും രണ്ടേ രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള ഒരു എക്സ്‌പിരിമെന്റ് മൂവി ആയിരുന്നു. 2017 -ൽ തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം അതേ വർഷം തന്നെ നെറ്റ്‌ഫ്ലിക്‌സ് പ്ലാറ്റ്‌ ഫോമിലും റിലീസ് ആയി. 2017 -ൽ ഒറ്റക്കൊരു കാമുകൻ  എന്ന ആന്തോളജി മൂവിയിൽ  ജോജു ജോർജ്, അഭിരാമി എന്നിവർ നായിക - നായകൻമാരായ ഒരു ചിത്രവും, ലിജോമോൾ, ഷാലു റഹിം, വിജയ രാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ മറ്റൊരു ചിത്രവും സംവിധാനം ചെയ്തു. 2018 -ൽ റിലീസ് ചെയ്ത ഒറ്റക്കൊരു കാമുകൻ അതേ വർഷം ആമസോൺ പ്രൈമിലും റിലീസ് ചെയ്തു. ജയൻ വന്നേരി  തിരക്കഥ എഴുതിയ പല ഷോർട്ട് ഫിലിമുകളും പല മേഖലകളിലായി കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ഉൾപ്പടെ നാൽപ്പതിലധികം നാഷണൽ- ഇന്റർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

 

വിലാസം -

ജയൻ വന്നേരി
തേക്കഞ്ചേരി ഹൗസ്
പെരുമ്പടപ്പ് പോസ്റ്റ്
മലപ്പുറം, കേരളം 679580

  Gmail,  Facebook