മ ചു ക
മഞ്ഞ പ്രണയത്തിന്റെയും ചുവപ്പ് പ്രതികാരത്തിന്റെയും കറുപ്പ് മരണത്തിന്റെയും നിറങ്ങളാണ്. മഞ്ഞ പകലാണ്, ചുവപ്പ് സന്ധ്യയാണ് രാത്രി കറുപ്പാണ്. ഇങ്ങനെ നിരവധി അർത്‌ഥങ്ങൾ .
റിട്ടയേർഡ് പോലീസ് സൂപ്രണ്ടാണ് അലക്സാണ്ടർ കോശി. അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനായി നിവേദിത എന്ന മാധ്യമ പ്രവർത്തക അലക്സാണ്ടർ കോശിയുടെ വീട്ടിൽ എത്തുന്നു. എന്നാൽ അതേ സമയത്ത് തന്നെ തന്റെ മകനും ഭാര്യയും ദില്ലിയിൽ നിന്നും കൊച്ചിയിലെത്തുന്നു എന്നറിഞ്ഞ് അലക്സാണ്ടർ കോശിയും ഭാര്യയും അവരെ കൂട്ടാനായി എയർപോർട്ടിലേയ്ക്ക് പുറപ്പെട്ടിരുന്നു. നിവേദിതയ്ക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടാണ് അവർ പോകുന്നത്. അവിടെ വച്ച് അഡ്വ അറിവഴികിനെ നിവേദിത പരിചയപ്പെടുന്നു. ആ പരിചയം രണ്ടുപേരിലുമുണ്ടാക്കുന്ന സൗഹൃദവും സ്നേഹവും ഒപ്പം ചില സത്യങ്ങളുടെ വെളിപ്പെടുത്തലിലേയ്ക്കും ചെന്നെത്തുന്നു. ഈ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് 'മ ചു ക'
നവാഗതനായ ജയൻ വന്നേരി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'മ ചു ക' മഞ്ഞ ചുവപ്പ് കറുപ്പ്. സസ്പെൻസുകളെ മറച്ചുവൈക്കാൻ കെൽപ്പുള്ള മഞ്ഞുകാലത്തിന്റെ പശ്ചാത്തലത്തിലാണ് 'മ ചു ക' ഒരുക്കുന്നത്. മഞ്ഞ ചുവപ്പ് കറുപ്പ് എന്നീ മൂന്നു നിറങ്ങളുടെ ചുരുക്കെഴുത്താണ് 'മ ചു ക'. രജീഷ് കുളിർമയാണ് ചിത്രത്തിന്റെ നിർമ്മാണം. പശുപതി, പ്രതാപ് പോത്തൻ, ജനനി ഐയ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.