വിവേക് ഗോപൻ
1983 ഏപ്രിൽ 3 -ന് ഗോപകുമാറിന്റെയും മംഗളാദേവിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. 2011 -ൽ അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് വിവേക് ഗോപൻ അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് തൽസമയം ഒരു പെൺകുട്ടി, കരിങ്കുന്നം 6s, പുള്ളിക്കാരൻ സ്റ്റാറാ, വൺ എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു.
ടെലിവിഷൻ സീരിയലുകളിലെ വേഷങ്ങളാണ് വിവേക് ഗോപന് ശ്രദ്ധനേടിക്കൊടുത്തത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ സൂരജ് എന്ന നായക കഥാപാത്രം വിവേകിനെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാക്കി. തുടർന്ന് നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു.
2021 -ൽ രാഷ്ട്രീയത്തിൽ ഇറങ്ങിയ വിവേക് ഗോപൻ ഭാരതീയ ജനതാപാർട്ടിയിൽ അംഗത്വമെടുക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. വിവേക് ഗോപന്റെ ഭാര്യയുടെ പേര് സുമി. ഒരു മകനുണ്ട് സിദ്ധാർത്ഥ്.