ടി കെ ചന്ദ്രശേഖരൻ
സംഗീതത്തിന്റെ ബാലപാഠങ്ങൾ അമ്മ ശ്രീദേവിയമ്മയിൽ നിന്നും അഭ്യസിച്ച, കോട്ടക്കലിനടുത്ത് പുത്തൂർ സ്വദേശിയായ ചന്ദ്രശേഖരൻ എട്ടു വർഷത്തോളം ശാസ്ത്രീയ സംഗീതം പരിശീലിച്ചിട്ടുണ്ട്. മങ്കട ദാമോദരൻ ,പരേതനായ കെ.ജി മാരാർ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ.പിന്നീട് പാലാ സി.കെ. രാമചന്ദ്രന്റെ ശിഷ്യത്വം സ്വീകരിച്ചു. സംഗീതാചാര്യനായ ശെമ്മങ്കുടി സ്വാമിയുടെ കീഴിൽ കുറച്ചുകാലം പഠിക്കുവാനും അവസരമുണ്ടായി. ശാസ്ത്രീയ സംഗീതകച്ചേരി സ്വതന്ത്രമായി അവതരിപ്പിക്കാറുള്ള ചന്ദ്രശേഖരന്റെ ക്രെഡിറ്റിൽ നിരവധി ഓഡിയോ കാസറ്റുകളുണ്ട്. ശ്രീതിലകം (ഗിരീഷ് പുത്തഞ്ചേരി-സഞ്ജീവ് ലാൽ), പാശുപതാസ്ത്രം (ശരത്) എന്നിവയാണ് അവയിൽ ശ്രദ്ധേയമായത്. 1979ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ ലളിതഗാന മത്സരവിജയിയായ ചന്ദ്രശേഖരൻ 1989ലെ സംസ്ഥാന യുവജനമേളയിലും ആ വിജയം ആവർത്തിച്ചിരുന്നു.
"സ്ഥലത്തെ പ്രധാന പയ്യൻസി"ൽ ഉണ്ണിമേനോന്റെ കൂടെ തമ്പുരാട്ടി തമ്പുരാട്ടി എന്ന ഗാനമാലപിച്ചായിരുന്നു ചന്ദ്രശേഖരന്റെ തുടക്കം. പക്ഷേ ചിത്രത്തിന്റെ ഓഡിയോ കാസറ്റിൽ ചന്ദ്രശേഖരന്റെ പേരുണ്ടായിരുന്നില്ല. ഫാസിലിന്റെ “നമ്പർ വൺ സ്നേഹതീരം നോർത്ത്" എന്ന ചിത്രത്തിൽ "കൊക്കുരസുമെൻ ഇക്കിളികളെ" എന്ന ഹിറ്റ് ഗാനമാലപിച്ചത് ചന്ദ്രശേഖരൻ, പക്ഷേ കാസറ്റിന്റെ കാർഡിൽ ക്രെഡിറ്റ് നല്ലപ്പെട്ടത് ചിത്രയ്ക്കായിരുന്നു. രാജു ജോസഫിന്റെ" നിയോഗം" എന്ന ചിത്രത്തിൽ രണ്ട് സോളോകൾ. ഇവയിൽ ചന്ദ്രശേഖരൻ പാടിയ "അറിയാതെ" എന്ന ഗാനത്തിന്റെ ക്രെഡിറ്റ്, കാസറ്റിന്റെ ഇൻലേ കവറിൽ നൽകിയത് വേണുഗോപാലിനാണ് എന്നതൊക്കെ ക്രെഡിറ്റ് കിട്ടാതെ പോയ കൗതുകങ്ങളാണ്.
നിയോഗത്തിലെ ഗാനങ്ങളും മംഗല്യപ്പല്ലക്കെന്ന ചിത്രത്തിൽ സംഗീതപ്രതിഭാസമായ ബാലഭാസ്ക്കർ ഈണം പകർന്ന വെണ്ണിലാ ചിറകുമായ' എന്ന സോളോയും ശ്രദ്ധിക്കപ്പെട്ടു. ഫാസിലിന്റെ മാനത്തെ വെള്ളിത്തേ അന്തിമാനച്ചോപ്പു മാഞ്ഞു എന്ന ശ്രദ്ധേയമായ ഗാനം ആലപിച്ച ചന്ദ്രശേഖരൻ തമിഴിലും അരങ്ങേറ്റം കുറിച്ചു. ഇളയരാജയുടെ ഈണത്തിൽ രാസാമകൻ എന്ന ചിത്രത്തിനുവേണ്ടി “കാത്തിരുന്തേൻ കനിയേ” എന്ന യുഗ്മഗാനമാണ് ചന്ദ്രശേഖരൻ പാടിയത്. ഇളയരാജയുടെ സംഗീതസംവിധാനത്തിൽത്തന്നെ കേരളവർമ്മ പഴശ്ശിരാജയിലേയും ഗാനങ്ങൾ പാടിയിരുന്നു.
അവലംബം : ചിത്രഭൂമി - കതിരവൻ കളക്ഷൻ