സോന നായർ

Sona Nair
Sona Nair-Actress
Date of Birth: 
ചൊവ്വ, 4 March, 1975
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര - സീരിയൽ നടി.  1975-ൽ സുധാകരന്റെയും വസുന്ധരയുടെയും മകളായി ജനിച്ചു. കഴക്കുട്ടം ഉത്തം ഹയർ സെക്കന്ററി സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ഗവണ്മെന്റ് വുമൺസ് കോളേജിൽ നിന്നു ബിരുദവും നേടി. . 1986-ൽ ടി പി ബാല ഗോപാലൻ എം എ എന്ന സിനിമയിൽ ബാല നടിയായാണ് സോന തുടക്കം കുറിയ്ക്കുന്നത്.

പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് വീണ്ടുമെത്തിയ സോനയുടെ രണ്ടാമത്തെ സിനിമ  1996-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരമായിരുന്നു . തുടർന്ന് കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ, പേരറിയാത്തവർ എന്നിവയുൾപ്പെടെ എൺപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  സിനിമയിൽ സജീവമാകുന്നതിനു മുൻപ് തന്നെ സോന നായർ ദൂരദർശൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു. 1991-ൽ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിലാണ് സോന നായർ ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമകളിൽ അഭിനയിയ്ക്കുന്നതിനോടൊപ്പം തന്നെ അവർ വിവിധ ചാനലുകളിലായി നിരവധി സീരിയലുകളും ചെയ്തിരുന്നു.  രാച്ചിയമ്മ, കടമറ്റത്തു കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ്..എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിലധികം സീരിയലുകളിൽ സോന നായർ അഭിനയിച്ചിട്ടുണ്ട്. 2006-ൽ മികച്ച സഹനടിയ്ക്കുള്ള കേരള സംസ്ഥന ടെലിവിഷൻ അവാർഡ് സമസ്യ എന്ന സീരിയലിലെ അഭിനയത്തിന്  സോന നായർ കരസ്ഥമാക്കി.  

സിനിമാ ഛായാഗ്രാഹകനായ ഉദയൻ അമ്പാടിയാണ് സോന നായരുടെ ഭർത്താവ്.