എസ് കെ മിനി

SK Mini

തിരുവനന്തപുരം സ്വദേശി. സ്ത്രീനാടകവേദിയുമായി സഹകരിച്ച്  നാടകങ്ങളിൽ അഭിനയിക്കുകയും നാടക രചനകൾ നിർവഹിക്കുകയും ചെയ്ത മിനി S K സ്ക്രിപ്റ്റ് റൈറ്റർ, അവതാരക, ന്യൂസ് റീഡർ, അഭിമുഖകാരി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ തിരുവനന്തപുരം ദൂരദർശനുമായി ബന്ധപ്പെട്ട് 20 വർഷത്തോളം ദൃശ്യമാധ്യമ രംഗത്ത് സജീവമായിരുന്നു. ആകാശ വാണിക്കും പത്രമാസികകൾക്കും വേണ്ടി നിരവധി ഫീച്ചറുകളും, കഥ-കവിത തുടങ്ങിയവയും മിനി രചിച്ചിട്ടുണ്ട് . രാജീവ് രവിയുടെ 'ഞാൻ സ്റ്റീവ് ലോപ്പസി'ൽ അഭിനയിച്ചുകൊണ്ടു സിനിമയിലെത്തിയ മിനി തൊണ്ടി മുതലും ദൃക്‌സാക്ഷിയും, പടയോട്ടം, തീവണ്ടി, ഒരാഴ്ച, അള്ളു രാമേന്ദ്രൻ, മാംഗല്യം തന്തുനാനേന, വൃത്താകൃതിയിലുള്ള ചതുരം, സ്ലീപ്‌ലെസ്സ്‌ലി യുവേർസ് തുടങ്ങിയ സിനിമകളിലും ചില ഹ്രസ്വ ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. ഏറ്റവും ഒടുവിൽ അർച്ചന31 നോട്ടൗട്ട് എന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മിയുടെ അമ്മയായി വേഷമിട്ടു. 

കരുനാഗപ്പള്ളി തഴവ സ്വദേശി  ഡോക്ടർ ജി ആർ സന്തോഷ്‌കുമാറാണ്, സിനിമയോടൊപ്പം എഴുത്തും മുന്നോട്ടു കൊണ്ടുപോകുന്ന മിനിയുടെ ഭർത്താവ്. എഴുതുകയും പാടുകയും കാർട്ടൂൺ വരക്കുകയും ചെയ്യുന്ന Dr.ജി ആർ സന്തോഷ്‌കുമാർ മാതൃഭൂമി ആരോഗ്യ മാസികയിൽ സ്വസ്ഥവൃത്തം എന്നൊരു കോളം ചെയ്യുന്നുണ്ട്.

മകൻ ശ്യാമ പ്രകാശ് നടനും ഛായാഗ്രഹകനുമാണ്. മകൾ മാളവിക, ജർമനിയിൽ ഗോട്ടിങൻ യൂണിവേഴ്സിറ്റിയിൽ MSC ക്ക് പഠിക്കുന്നു.

നിരവധി ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റുകളിൽ പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ട 'ഒരാഴ്ച്ച'എന്ന സിനിമ (2016) സംവിധാനം ചെയ്തത് തിരുവനന്തപുരം സ്വദേശി അനില എസ്.കെ ആണ്. സോഷ്യൽ മീഡിയയിലോ, തിയേറ്ററിലോ ഈ ചിത്രമിത് വരെ റിലീസ് ചെയ്യപ്പെട്ടില്ല, പ്രധാനമായും ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി കൗതുകങ്ങളുണ്ട്. ഛായാഗ്രഹണം നിർവ്വഹിച്ചത് സംവിധായകയുടെ സഹോദരിയും അഭിനേത്രിയുമായ മിനി എസ് കെ യുടെ മകൻ ശ്യാമപ്രകാശാണ്. ശ്യാമ പ്രകാശ് മികച്ച അഭിനേതാവ് കൂടിയാണ്. മിനിയുടെയും അനിലയുടെയും പിതാവ് അന്ന് 79 വയസ്സുണ്ടായിരുന്ന ശ്രീ കെ സദാശിവൻ ആയിരുന്നു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ ചെയ്ത ഈ സിനിമയിൽ മിനിയും അമ്മയും അഭിനയിച്ചിരുന്നു.

പ്രൊഫൈൽ തയ്യാറാക്കിയത് : അഭിനേതാവും ഛായാഗ്രാഹകനും സംവിധായകനുമായ  സഹീർ മുഹമ്മദ്