ശശാങ്കൻ കാവറ
കാവറ ശശാങ്കൻ
വെഞ്ഞാറമൂടുകാരനായ ആദ്യ സിനിമാനടനെക്കുറിച്ചാണ്. സിനിമയെ ഭ്രാന്തമായി സ്നേഹിക്കുകയും സിനിമാക്കാരനായി ജീവിക്കുകയും ചെയ്ത "കാവറ ശശാങ്കൻ" എന്ന ആ വെഞ്ഞാറമൂടുകാരൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 2021 ഫെബ്രുവരി 18ന് ഏഴുവർഷങ്ങൾ പൂർത്തിയായി.
കലാഗ്രാമമായും നാടകഗ്രാമമായും ശ്രദ്ധേയമാണെന്നതിനും മേലെ പ്രശസ്തരായ ഒട്ടനവധി സിനിമാക്കാരുടെ ഗ്രാമം കൂടിയാണ് വെഞ്ഞാറമൂട്. ലോകത്തെവിടെയും മലയാളസിനിമയെ അറിയുന്ന മലയാളികളോട് "വെഞ്ഞാറമൂട്" എന്ന് പറഞ്ഞാലേ ആദ്യം ചോദിക്കുക സുരാജിന്റെ കാര്യമാകും. എന്നാൽ പലർക്കും അറിയാത്ത, വെഞ്ഞാറമൂടുകാരുടെ ആദ്യ "സിനിമാനടനെ"ക്കുറിച്ചാണ് എഴുതുന്നത്. ഒരുകാലത്ത് വെഞ്ഞാറമൂട്ടിലെ ധനികപ്രമാണിമാരിൽ ഒരാളായിരുന്ന കാവറ ശങ്കു മുതലാളി(ശങ്കരപ്പണിക്കർ)യുടെ മകനായിരുന്നു ശ്രീ. ശശാങ്കൻ. സഹോദരന്മാരായ ആനന്ദനും സതീശനും സിനിമയുടെ മായാവലയത്തിൽ തന്നെ ചേക്കേറിയിരുന്നു. അവരും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വെഞ്ഞാറമൂട്ടിലെ ആദ്യകാല സിനിമാ തിയറ്ററുകളിലൊന്നായിരുന്ന ആനന്ദ് സിനി ഹൗസ്(ഇന്നില്ല) ആരംഭിച്ചതുപോലും അവരുടെ അദമ്യമായ സിനിമാപ്രേമം കാരണമായിരുന്നു.
കാവറ ശശാങ്കൻ വെഞ്ഞാറമൂട്ടിലെ പ്രമുഖ പ്രൊഫഷണൽ നാടക ട്രൂപ്പായ സൗപര്‍ണികയുടെ 'അമ്പ്' എന്ന നാടകത്തിലൂടെയാണ് ആദ്യമായി അഭിനയവേദിയിലെത്തുന്നത്. ആരാധന തിയേറ്റേഴ്സിന്റെ 'ബന്ധനം', 'ശരത്' തുടങ്ങിയ അമ്പതോളം നാടകങ്ങളിലും അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചു. പിന്നീട് സിനിമാ-സീരിയല്‍ രംഗത്തെത്തി.
കാട്ടരുവി,പാവം ക്രൂരൻ, കരിയിലക്കാറ്റുപോലെ, ഭീകരൻ, വാസവദത്ത, ചുവപ്പുനാട, രഥചക്രം, ഒരുതരം രണ്ടുതരം മൂന്നുതരം, നിന്നെയും തേടി,നദി, വംശം, മായപ്പൊന്മാന്, നിന്നിഷ്ടം എന്നിഷ്ടം, മലപ്പുറം ഹാജി മഹാനായ ജോജി, റയ്ഡ്,ഉരുക്കുമുഷ്ടികൾ തുടങ്ങി നാൽപതിലധികം സിനിമകളിൽ ചെറു വേഷങ്ങൾ ചെയ്തു.
മലയാളത്തിലെ ആദ്യത്തെ മെഗാസീരിയലായ "വംശം", 'ജ്വാലയായി', 'അയ്യപ്പന്', 'മാണിക്യചെമ്പഴുക്ക' തുടങ്ങിയ സീരിയലുകളിലും 'കൃഷ്ണന്‍കുട്ടിയുടെ വിശേഷങ്ങള്‍' എന്ന ടെലിഫിലിമിലും വേഷമിട്ടിട്ടുണ്ട്.
2001-ൽ രാഷ്ട്രീയ പ്രചാരണാർത്ഥം സിപിഎമ്മിനായി ശ്രീജിത്ത് പലേരി സംവിധാനം ചെയ്ത "ഭൂമിയുടെ സ്വന്തം" എന്ന ടെലിഫിലിമിലും കാവറ ശശാങ്കന് അഭിനയിച്ചിരുന്നു.
2011-ൽ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കപ്പെട്ട ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടന്ന "താരരാഗോത്സവ സന്ധ്യ" എന്ന സ്റ്റേജ് ഷോയിലും കാവറ ശശാങ്കൻ ഭാഗമായി.
കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് രണ്ടുമാസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നെങ്കിലും ഒടുവില്‍ 2014 ഫെബ്രുവരി 18-ന് കാവറ ശശാങ്കൻ(63) എന്ന വെഞ്ഞാറമൂടുകാരുടെ ആദ്യ സിനിമാനടൻ മരണത്തിന് കീഴടങ്ങി.
2018-ൽ വെഞ്ഞാറമൂടിന്റെ പ്രാദേശികോത്സവമായ കാവറ ഉത്സവത്തിൽ "കാവറ ശശാങ്കൻ സ്മാരക പുരസ്കാരം" പ്രശസ്ത സിനിമാതാരമായ ശ്രീ. ഇന്ദ്രൻസിന് സമ്മാനിച്ചിരുന്നു.