സജിത ബേട്ടി

Sajitha Betti

മലയാള സിനിമ, സീരിയൽ താരം.  ഹൈദരാബാദിലെ ഉറുദു സംസാരിയ്ക്കുന്ന മുസ്ലീം കുടുംബത്തിലാണ് സജിത ബേട്ടി ജനിച്ചത്. എന്നാൽ സജിത പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു. 1992-ൽ മിസ്റ്റർ & മിസിസ്സ് എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് കുറച്ചു ചിത്രങ്ങളിൽ കൂടി ബാലതാരമായി അഭിനയിച്ചു. 2000-ൽ മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിലാണ് ആദ്യമായി നായികാപ്രാധാന്യമുള്ള ഒരുവേഷം സജിത ബേട്ടി ചെയ്യുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ഭൂരിഭാഗവും സപ്പോർട്ടിംഗ് റോളുകളായിരുന്നു.

 2000- മുതലാണ് സജിത ബേട്ടി സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങുന്നത്. "സ്ത്രീ" സീരിയലിലായിരുന്നു തുടക്കം. മുപ്പതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ കൂടുതലും നെഗറ്റീവ് റോളുകളായിരുന്നു ചെയ്തിരുന്നത്. സീരിയലുകൾ കൂടാതെ ധാരാളം ടെലിവിഷൻ ഷോകളും ചെയ്തിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിലും,പരസ്യ ചിത്രങ്ങളിലും സജിത ബേട്ടി അഭിനയിച്ചിട്ടുണ്ട്.

സജിത ബേട്ടിയുടെ വിവാഹം 20012-ലായിരുന്നു. ബിസിനസ്സുകാരനായ ഷമാസ് ആയിരുന്നു വരൻ. സജിത - ഷമാസ് ദമ്പതികൾക്ക് ഒരു മകളാണുള്ളത്, പേര് ഇസ ഫാത്തിമ.