രഞ്ജൻ പ്രമോദ്
ചലച്ചിത്ര സംവിധായകൻ, തിരക്കഥാ കൃത്ത്. 2001 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം എന്ന സുരേഷ്ഗോപി ചിത്രത്തിന് കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ചുകൊണ്ടാണ് രഞ്ജൻ പ്രമോദ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് 2002 ൽ രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മീശ മാധവൻ വലിയ വിജയം നേടി. അതിനുശേഷം മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ.. എന്നിവയെല്ലാം അദ്ദേഹത്തിന്റെ തിരക്കഥയിൽ വലിയ വിജയം കൈവരിച്ച ചിത്രങ്ങളാണ്.
രഞ്ജൻ പ്രമോദ് 2006 ൽ മോഹൻലാലിനെ നായകനാക്കി ഫോട്ടോഗ്രാഫർ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. ഫോട്ടോഗ്രാഫറുടെ തിരക്കഥയും അദ്ദേഹമായിരുന്നു. തുടർന്ന് റോസ് ഗിറ്റാറിനാൽ, എന്നും എപ്പോഴും, രക്ഷാധികാരി ബൈജു എന്നീ ചിത്രങ്ങൾക്ക് തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചു. 2017 ലെ മികച്ച കലാമേന്മയുള്ള ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം രക്ഷാധികാരി ബൈജു സ്വന്തമാക്കി. റോസ് ഗിറ്റാറിനാൽ എന്ന സിനിമയിൽ ഗാനരചന നടത്തുകയും ഒരു ഗാനം ആലപിയ്ക്കുകയും ചെയ്ത രഞ്ജൻ പ്രമോദ് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിനുവേണ്ടി എഡിറ്റിംങ്ങും ചെയ്തിട്ടുണ്ട്.