സുഗതകുമാരി

Sugathakumari
Date of Birth: 
തിങ്കൾ, 22 January, 1934
Date of Death: 
Wednesday, 23 December, 2020
AttachmentSize
Image icon M3db_sugathakumari.jpg0 bytes
എഴുതിയ ഗാനങ്ങൾ: 8

M3DB_Sugathakumari

സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്ന പരേതനായ ബോധേശ്വരന്റെയും തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ സംസ്‌കൃതം അധ്യാപികയായിരുന്ന പരേതയായ വി.കെ കാര്‍ത്ത്യാനിയുടെയും മകളായി ജനിച്ചു. തത്ത്വശാസ്ത്രത്തില്‍ എം. എ. ബിരുദം നേടിയതിനുശേഷം.തിരുവനന്തപുരം ജവാഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, കുട്ടികള്‍ക്കുള്ള 'തളിര്' മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 

കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള ഒരു ജീവിതം മുഴുവൻ മലയാളികൾക്കുവേണ്ടി കവിത ചൊല്ലിയ മാതൃഭാഷയ്ക്കുവേണ്ടി തളരാതെ പോരാടിയ കവയിത്രി. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു. സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ എറ്റവും ഒടുവിൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയർത്തി. പ്രകൃതിസംരക്ഷണസമിതിയുടെയും 'അഭയ'യുടെയും സ്ഥാപക സെക്രട്ടറിയാണ് സുഗതകുമാരി ടീച്ചർ. കവിതയ്ക്കുള്ള അനേകം സാഹിത്യപുരസ്കാരങ്ങള്‍ നേടിയിട്ടുള്ള സുഗതകുമാരിയുടെ ആദ്യ ചലച്ചിത്രഗാനം അഭയം എന്ന ചിത്രത്തിലെ 'പാവം മാനവ ഹൃദയം' ആണ്‌.തുടർന്ന് കളിപ്പാവരാത്രിമഴ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും അവർ പാട്ടുകൾ എഴുതി. അച്ഛൻ ബോധേശ്വരിനിൽ നിന്നും കിട്ടിയ സാമൂഹ്യസേവന തൃഷ്ണയാണ്‌ സുഗതകുമാരിയെ, അനാഥരുടെ സ്ഥാപനങ്ങളിലെ മുഖ്യപ്രവര്‍ത്തകയാക്കിയത്‌..

പ്രധാന കൃതികള്‍-

കവിത : അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, രാത്രിമഴ, രാധയെവിടെ?, ദേവദാസി, കൃഷ്ണകവിതകള്‍, മണലെഴുത്ത്, സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം, തുലാവര്‍ഷപ്പച്ച, കുടത്തിലെ കടല്‍, പൂവഴി മരുവഴി, സഹ്യഹൃദയം
ബാലസാഹിത്യം : വാഴത്തേന്‍, ഒരു കുല പൂവുംകൂടി, അയലത്തു പറയുന്ന കഥകള്‍
ഉപന്യാസം :  കാവു തീണ്ടല്ലേ..., മേഘം വന്നു തൊട്ടപ്പോള്‍, വാരിയെല്ല്, കാടിനു കാവല്‍, ഉള്‍ച്ചൂട്‌

പുരസ്ക്കാരങ്ങൾ-

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പാതിരാപ്പൂക്കള്‍), സാഹിത്യ അക്കാദമി അവര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് (രാത്രിമഴ), ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ് (അമ്പലമണി), ആശാന്‍ സ്മാരക സമിതി (മദ്രാസ്) അവാര്‍ഡ് (കുറിഞ്ഞിപ്പൂക്കള്‍), വിശ്വദീപം അവാര്‍ഡ് (തുലാവര്‍ഷപ്പച്ച), വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, ബാലസാഹിത്യത്തിന്നുള്ള സമഗ്ര പുരസ്‌കാരം, പനമ്പിള്ളി പ്രതിഭാപുരസ്‌കാരം, സ്ത്രീശക്തി അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ് (രാധയെവിടെ?), ജന്മാഷ്ടമി പുരസ്‌കാരം (കൃഷ്ണകവിതകള്‍), സാമൂഹ്യസേവനത്തിനുള്ള ഭാട്ടിയ അവാര്‍ഡ്, സേക്രഡ് സോള്‍ അന്തര്‍ദ്ദേശീയ പുരസ്‌കാരം, പ്രകൃതിസംരക്ഷണങ്ങള്‍ക്കുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ആദ്യത്തെ വൃക്ഷമിത്ര അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ദുര്‍ഗാഭായ് ദേശ്മുഖ് അവാര്‍ഡ് (അഭയയുടെ സെക്രട്ടറിയെന്ന നിലയില്‍), എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ തുടങ്ങിയവ ലഭിച്ചു. 2006 -ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.

എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ, പരേതനായ ഡോ. കെ. വേലായുധന്‍ നായരായിരുന്നു സുഗതകുമാരിയുടെ ഭർത്താവ്. ഒരു മകൾ ലക്ഷി. എഴുത്തുകാരിയും അധ്യാപികയുമായിരുന്ന പരേതയായ ബി ഹൃദയകുമാരി, എഴുത്തുകാരിയും ചിന്തകയുമായിരുന്ന പരേതയായ സുജാതാ ദേവി എന്നിവര്‍ സഹോദരങ്ങളാണ്.  കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച സുഗതകുമാരി ടീച്ചർ 2020 ഡിസംബർ 23 -ന്  അന്തരിച്ചു.