പി എസ് നിവാസ്
ഛായാഗ്രഹണം, സംവിധാനം, നിർമാണം എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു പി.എസ്. നിവാസ്. 1970കളിൽ തുടങ്ങി മൂന്നു പതിറ്റാണ്ടോളം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാമേഖലകളിൽ ഇദ്ദേഹം നിറഞ്ഞുനിന്നു.
കോഴിക്കോട് ദേവഗിരി കോളജിൽനിന്ന് ബിരുദം നേടിയതിനുശേഷം മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മോഷൻ പിക്ചർ ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ നേടി. മലയാളസിനിമയ്ക്ക് വേറിട്ട ദിശാബോധം സമ്മാനിച്ച സംവിധായകൻ പി.എൻ. മേനോന്റെ കുട്ട്യേടത്തി എന്ന ചിത്രത്തിലൂടെ തുടക്കം. പ്രശസ്ത കാമറാമാനായിരുന്ന അശോക് കുമാറിന്റെ കീഴിൽ ഓപ്പറേറ്റീവ് കാമറാമാനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു ഇത്.
ബാബു നന്ദൻകോടിന്റെ സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്.
കോഴിക്കോട്ടുകാരനായ പി എസ് നിവാസ് 'മോഹിനിയാട്ടം' എന്ന ശ്രീകുമാരന്‍തമ്പി ചിത്രത്തിലെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. ഭാഗ്യരാജും ചിരഞ്ജീവിയും നായകന്മാരായി അരങ്ങേറിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനും നിവാസ് ആയിരുന്നു. തമിഴിലെ ലാന്റ്മാർക്ക് സിനിമകളായ '16 വയതിനിലേ', 'കിഴക്കേ പോകും റയില്‍', 'സികപ്പു റോജാക്കള്‍', തെലുങ്കിലെ 'സാഗര സംഗമം' തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും നിവാസ് ആയിരുന്നു. മലയാളത്തില്‍ 'സത്യത്തിന്റെ നിഴലില്‍', 'ശംഖുപുഷ്പം', 'സര്‍പ്പം', 'ലിസ' തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ ക്യാമറാമാനായിരുന്നു.. ഭാരതിരാജ ആദ്യമായി അഭിനയിച്ച 'കല്ലുക്കുള്‍ ഈരം' എന്ന സിനിമ സംവിധാനം ചെയ്തതും പി എസ് നിവാസ് ആയിരുന്നു.
2021 ഫെബ്രുവരി 1ന് മരണമടഞ്ഞു.