എസ് ഗോപാലകൃഷ്ണൻ
കൊല്ലം പ്രാക്കുളത്തു ജനിച്ച എസ് ഗോപാലകൃഷ്ണൻ, അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. സി.എൻ.ശ്രീകണ്ഠൻ നായരുടെ നാടകങ്ങളിലും കാവാലം നാരായണപ്പണിക്കരുടെ സോപാനം, തിരുവരങ്ങ് എന്നിവയിലും സജീവമായിരുന്നു. റബ്ബർ ബോർഡിൽ ജി.അരവിന്ദനൊപ്പം ജോലിചെയ്ത അദ്ദേഹം, അരവിന്ദന്റെ നാടക-സിനിമാ യാത്രകളിലും സഹചാരിയായി. ‘മാറാട്ടം’ എന്ന ഹ്രസ്വചിത്രം മുതൽ അരവിന്ദനൊപ്പം പ്രവർത്തിച്ചു. അരവിന്ദന്റെ വാസ്തുഹാര, ചിദംബരം, ഷാജി എൻ.കരുണിന്റെ, വാനപ്രസ്ഥം’, കെ.പി.കുമാരന്റെ തോറ്റം, എം.പി.സുകുമാരൻനായരുടെ ശയനം, ശരത്തിന്റെ സ്ഥിതി, കമലിന്റെ കറുത്ത പക്ഷികൾ എന്നിവയുൾപ്പെടെ പതിമൂന്ന് ചിത്രങ്ങളിൽ എസ് ഗോപാലകൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്.
രാജീവ് നാഥിന്റെ കടൽത്തീരത്ത് എന്ന സിനിമയിൽ എസ് ഗോപാലകൃഷ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഷാജി എൻ.കരുണിന്റെ ഓള് ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം. കരുണം, ഇംഗ്ലീഷ് ഓഗസ്റ്റ്(ബംഗാളി ചിത്രം) തുടങ്ങി പത്തോളം ചിത്രങ്ങൾക്ക് ശബ്ദം നൽകി ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന സിനിമയിൽ ഒ.മാധവന് ശബ്ദം നൽകിയത് എസ്.ഗോപാലകൃഷ്ണനായിരുന്നു. 2000 -ത്തിലെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിലൂടെ അദ്ദേഹത്തിനു ലഭിച്ചു
തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ നഗറിൽ താമസിച്ചിരുന്ന അദ്ദേഹം, ഫിലിം സൊസൈറ്റി സ്ക്രീനിങ്ങുകളിലും നാടക-സംഗീത വേദികളിലും നിറഞ്ഞുനിന്നിരുന്നു. 2023 ഏപ്രിൽ 25 -ന് എസ് ഗോപാലകൃഷ്ണൻ അന്തരിച്ചു