പി ടി അബ്ദുറഹ്മാൻ
1940 മെയ് 15 ആം തിയതി കോഴിക്കോട് വടകരയിൽ എ.വി. ഇബ്രാഹീമിന്റെയും പി.ടി. ആയിഷയുടേയും മകനായി പി.ടി. അബ്ദുറഹ്മാൻ ജനിച്ചു.
ചെറുപ്പത്തിലേ എഴുതി തുടങ്ങിയ അദ്ദേഹം സ്കൂൾ പഠനത്തിനു ശേഷം മലബാർ മാർക്കറ്റ് കമ്മിറ്റി ഓഫീസിൽ ജോലിനോക്കുമ്പോഴെല്ലാം എഴുതുമായിരുന്നു. കടത്തനാട് എന്നായിരുന്നു കയ്യെഴുത്തുപ്രതികളിൽ അന്നദ്ദേഹം പേരുവച്ചിരുന്നത്.
നാടകക്കാരനായ വടകര അബൂബക്കറാണ് നാട്ടുകാരനായ അബ്ദുറഹ്മാന്റെ രചനാവൈഭവം അറിഞ്ഞ് അവസരം കൊടക്കുന്നത്. അങ്ങിനെ അദ്ദേഹത്തിന്റെ നാടകത്തിൽ അബ്ദുറഹ്മാൻ ആദ്യമായി ഒരു പ്രഫഷനൽ ഗാനം എഴുതി.
ആ മാനത്തുള്ള മുറ്റത്ത്/ആ മേഘത്തിൻ തെറ്റത്ത്/ആരോ പൂണ്ടുവച്ചൊരു തേങ്ങാപ്പൂള്... എന്നുതുടങ്ങുന്ന ആ നാടകഗാനം നാട്ടുകാർ ഏറ്റെടുത്തു.
തുടർന്ന് അദേഹത്തിന്റെ ഓത്തു പള്ളീലന്നു നമ്മൾ എന്ന് തുടങ്ങുന്ന കവിതക്ക് ഗസൽ ആലാപനത്തിന്റെ ശൈലിയിൽ സംഗീത സംവിധാനം നിർവഹിച്ചു പാടികൊണ്ട് വടകര കൃഷ്ണദാസ് ആ കൂട്ടത്തിൽ വന്നതോടെ പി.ടിയുടെ വരികളും കൃഷ്ണദാസിന്റെ സംഗീതവും പിന്നീടങ്ങോട്ടു തേരോട്ടം തുടങ്ങി.
അക്കാലത്താണ് വടകരയിൽ ഭാവന തിയറ്റേഴ്സ് ഉദയംകൊള്ളുന്നത്. ഭാവനയിൽ പി.ടിയുടെ വരികൾക്കു സംഗീതം നൽകിയിരുന്നത് ബാബുരാജ് ആയിരുന്നു.
ലക്ഷക്കണക്കായ മാപ്പിളഗാനങ്ങളിൽ കവിതാംശം ഏറ്റവും കൂടുതലുള്ള വരികൾ എഴുതിയ കവി പി.ടിയാണ് അതെല്ലാം തന്നെ സൂപ്പർ ഹിറ്റുമാണ്. ഒട്ടകങ്ങൾ വരിവരി വരിയാൽ/മിഹ്റാജ് രാവിലെ/നിസ്കാരപ്പായ പൊതിർന്നു പൊടിഞ്ഞല്ലോ/കാഫ് മല കണ്ട പൂങ്കാറ്റേ/അറഫാ മലയ്ക്കു സലാം ചൊല്ലി/ പെറ്റെടുത്ത പൊന്നുമോനേ അങ്ങനെ നൂറുകണക്കിനു ഹിറ്റുകൾ.
രൂപവും ഭാവവും ഒരുപോലെ മനോഹരമായ വരികൾ എന്നതാണ് അദ്ദേഹത്തിന്റെ മാപ്പിളഗാന പ്രതിഭ. അത്രമാത്രം തത്വചിന്താപ്രധാനമാണ് അദ്ദേഹം എഴുതിയ വരികളെല്ലാം. നിമിഷകവി കൂടിയായ അദ്ദേഹം പാട്ടുകളല്ല മറിച്ച് കവിതകളാണ് എഴുതിയീട്ടുള്ളത്. അങ്ങിനെ നോക്കുമ്പോൾ ഇദ്ദേഹത്തെ തമിഴ് കവി കണ്ണദാസനോട് ഉപമിക്കേണ്ടതുണ്ട്.
കിസ്സ/കെസ്സ്/കത്ത്/ബദർ/മാല തുടങ്ങി മാപ്പിളപ്പാട്ടിന്റെ എല്ലാ മേഖലയിലും ഗാനങ്ങൾ രചിച്ച അദ്ദേഹം 1500 ൽ ഏറെ ഗാനങ്ങൾ മാപ്പിളഗാന ശാഖയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്.
രാഗമാലിക/നീലദർപ്പണം/യാത്രികർക്ക് ഒരു വെളിച്ചം/ഒരിന്ത്യൻ കവിയുടെ മനസ്സിൽ/ യോദ്ധാക്കളുടെ വരവ് (കവിതകൾ)/ പ്രേമഗാഥകൾ/കറുത്ത മുത്ത് (ഖണ്ഡകാവ്യം)/ കാവ്യസ്വപ്നങ്ങളുമായി കവരത്തിയിൽ (യാത്രാവിവരണം)/വ്രതഗീതങ്ങൾ/പച്ചക്കിളി (ഗാനങ്ങൾ)/അരിപ്പക്കുട (ബാലകവിതകൾ) എന്നിവയാണ് പ്രധാന കൃതികൾ.
ഈ കവിതാസമാഹാരങ്ങൾക്കു പുറമെ ആറ് ചലച്ചിത്രങ്ങൾക്കായി പതിനേഴ് ഗാനങ്ങളും രണ്ടു ആൽബങ്ങൾക്കായി നാലു ഗാനങ്ങളും എഴുതിയ അദ്ദേഹം വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി ഗാനരൂപത്തിലാക്കിയീട്ടുണ്ട്.
ചങ്ങമ്പുഴ പുരസ്കാരം/കക്കാട് അവാർഡ്/ സി.എച്ച്.മുഹമ്മദ് കോയ അവാർഡ്/ ഷാർജയിലെ മലയാണ്മ സാംസ്കാരിക സംഘടനയുടെ അവാർഡ്/മാല അവാർഡ്/ വാമദേവൻ ഏഴുമംഗലം അവാർഡ്/അബുദാബി മുസ്ലിം റൈറ്റേഴ്സ് ഫോറം അവാർഡ് എന്നിങ്ങനെയുള്ള ഒരു പിടി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്.
2003 ഫെബ്രുവരി 9 ആം തിയതി ഇദ്ദേഹം അന്തരിച്ചു.