കവിത നായർ
കോട്ടയം ജില്ലയിലാണ് കവിത നായർ ജനിച്ചത്. അച്ഛൻ സിവിൽ സപ്ലൈസിൽ ഉദ്യോഗസ്ഥനായിരുന്നു. Baker Memorial Girls High School ലായിരുന്നു കവിതയുടെ വിദ്യാഭ്യാസം. സൂര്യ ടിവിയിലെ പൊൻപുലരി എന്ന പരിപാടിയുടെ ഹോസ്റ്റായിട്ടയിരുന്നു കവിതയുടെ കരിയറിന്റെ തുടക്കം. പിന്നീട് പല ചാനൽ ഷോകളുടെയും അവാർഡ് നൈറ്റുകളുടെയും അവതാരികയായി പ്രേക്ഷക ശ്രദ്ധ നേടി.
2004 ൽ മാമ്പഴക്കാലം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് കവിത നായർ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് കൊച്ചി രാജാവ്, കുരുക്ഷേത്ര, ഹോട്ടൽ കാലിഫോർണിയ, ബാല്യകാലസഖി... എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ വിവിധ വേഷങ്ങൾ ചെയ്തു.
2006 ൽ സൂര്യ ടിവിയിലെ കളിവീട് എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് കവിത സീരിയൽ അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. തുടർന്ന് വാടകയ്ക്കൊരു ഹൃദയം, അയലത്തെ സുന്ദരി, തോന്ന്യാക്ഷരങ്ങൾ എന്നിവയുൾപ്പെടെ ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ചു. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത തോന്ന്യാക്ഷരങ്ങൾ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള 2019 ലെ സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരത്തിന് അർഹയായി.
അഭിനേത്രി മാത്രമല്ല കവിത നായർ എഴുത്തുകാരികൂടിയാണ്. ചെറുകഥകളും കവിതകളും എഴുതിയിട്ടുണ്ട്. കവിത എഴുതിയ സുന്ദരപതനങ്ങൾ എന്ന ചെറുകഥാ സമാഹാരം ശ്രദ്ധ നേടിയിരുന്നു.. കവിത നായർ വിവാഹിതയാണ്. വിപിൻ നന്ദൻ ആണ് ഭർത്താവ്.