മുക്ത ജോർജ്
മലയാള ചലച്ചിത്ര നടി. 1991 നവംബറിൽ എറണാംകുളം ജില്ലയിലെ കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും മകളായി ജനിച്ചു. എൽസ ജോർജ്ജ് എന്നായിരുന്നു യഥാർത്ഥ നാമം. കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്റ്രി സ്കൂളിലായിരുന്നു മുക്ത പഠിച്ചത്. ആറാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് മുക്ത തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അമൃത ടിവിയിലെ സ്വരം എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് മുക്ത സിനിമയിലേയ്ക്ക് പ്രവേശിച്ചു.
2006-ൽ ലാൽജോസ് സംവിധാനം ചെയ്ത് 2005-ൽ റിലീസായ അച്ഛനുറങ്ങാത്ത വീട് ആയിരുന്നു അഭിനയിച്ച ആദ്യ ചിത്രം. സിനിമയിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം വലിയതോതിൽ നിരൂപക പ്രശംസ നേടി. തുടർന്ന് തെലുങ്കു സിനിമ Photo- യിൽ അഭിനയിച്ചു. 2007-ൽ തമിഴ് ചിത്രമായ Thaamirabharani- യിൽ വിശാലിന്റെ നായികയായി അഭിനയിച്ചു. വലിയ വിജയമായ സിനിമ മുക്തയെ തമിഴ്നാട്ടിലും പ്രശസ്തയാക്കി. ഭാനു എന്ന പേരിലാണ് മുക്ത തമിഴിലും തെലുങ്കിലും അഭിനയിച്ചിരുന്നത്. 2013-ലാണ് കന്നഡ സിനിമയിൽ അഭിനയിയ്ക്കുന്നത്. Darling എന്നായിരുന്നു സിനിമയുടെ പേര്. ഇരുപതോളം മലയാള സിനിമകളിലും അത്രതന്നെ മറ്റു ഭാഷാ സിനിമകളിലും മുക്ത അഭിനയിച്ചിട്ടുണ്ട്. അഞ്ച് ടി വി സീരിയലുകളിലും, ചില ടെലിവിഷൻ ഷോകളിലും അഭിനയിച്ചിരുന്നു. നല്ലൊരു നർത്തകികൂടിയായ മുക്ത നിരവധി വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചുവരുന്നു.
2015 ഓഗസ്റ്റിലായിരുന്നു മുക്തയുടെ വിവാഹം. പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയായിരുന്നു വരൻ. 2016-ൽ അവർക്ക് ഒരു പെൺകുഞ്ഞു ജനിച്ചു. മുക്ത എറണാംകുളത്ത് ഒരു ബ്യൂട്ടി സലൂൺ നടത്തുന്നുണ്ട്.