താതന്റെ സന്നിധി
താതന്റെ സന്നിധി പുക്കൊരു നാൾ തന്റെ
വീതം ലഭിക്കേണമെന്നു ചൊന്നാൻ
ഓമനപ്പുത്രനു വേണ്ടിസ്സമസ്തവും
ഹോമിയ്ക്കുമച്ഛനതും കൊടുത്താൻ
കൂട്ടുകാരോടൊത്തു കൂടി കുടിച്ചവൻ
കൂത്താടി നൃത്തമാടി
വേർത്താ പിതാവു നേടിക്കൊടുത്തതു
ധൂർത്തടിച്ചേഴയായി
വീടുതോറും നടന്നവൻ പിച്ചതെണ്ടിയൊരുതുള്ളീ
ചൂടുവെള്ളം കുടിയ്ക്കുവാൻ കുമ്പിളും നീട്ടി
ഒന്നുമാരും കൊടുക്കാതെയവശനായൊരിടത്തു
പന്നി മേയ്ക്കും പണി ചെയ്തു കഴിഞ്ഞുകൂടി
അറിയാതെ ഞാൻ ചെയ്ത തെറ്റിന്റെ ഫലമിപ്പോൾ
അറിയുന്നച്ഛാ മാപ്പുനൽകണം കനിഞ്ഞുനീ
അവിടുന്നവിടത്തെ കന്നിനു കൊടുക്കുന്ന
തവിടും ലഭിയ്ക്കാതെ വലയുന്നിതാ പുത്രൻ
മകനേ നീ പോയൊരു നാളും തുടങ്ങിയെൻ
മനമെത്ര വേദന തിന്നുവെന്നോ
ധനമെല്ലാം പോകട്ടെ നീ മാത്രമാണെന്റെ
ധന, മെന്നെ വിട്ടിനിപ്പോകരുതെ
അച്ഛനും മകനുമൊത്തിണങ്ങിയാ
സ്വച്ഛമാം ഹൃദയവേഴ്ച്ചയിൽ
അത്യമൂല്യഗുണപാഠമായിതിനെ
മർത്ത്യരേ, ഹൃദി നിനയ്ക്കുവിനെന്നും.