ആനന്ദനടനം അപ്സരകന്യകൾതൻ

ആനന്ദനടനം അപ്‌സരകന്യകൾതൻ
അനുപമ ശൃംഗാരനടനം
ആനന്ദനടനം അപ്‌സരകന്യകൾതൻ
അനുപമ ശൃംഗാരനടനം

ഇന്ദ്രധനുസ്സുകൾതൻ പൂപ്പന്തലിൽ
ചന്ദ്രകാന്ത മണിമണ്ഡപത്തിൽ
സൂര്യനും ചന്ദ്രനും വിളക്കുകൾ കൊളുത്തിയ
സുന്ദര സങ്കൽപ്പ രാജാങ്കണത്തിൽ
ആനന്ദനടനം അപ്‌സരകന്യകൾതൻ
അനുപമ ശൃംഗാരനടനം

വാനവ ഗംഗയിലിളകിവരും
ലോലതരംഗ മൃദംഗധ്വനിയിൽ
പാവാടഞൊറികൾ പവനനിലുലഞ്ഞും
പൂവേണിയഴിഞ്ഞും പൂക്കൾ പൊഴിഞ്ഞും
ആനന്ദനടനം അപ്‌സരകന്യകൾതൻ
അനുപമ ശൃംഗാരനടനം

മദകര നന്ദനനളിനയിലൊഴുകും
മരാളകന്യക മേനക ഞാൻ
ഉലകീരേഴിനും അധിപതിമാരുടെ
ഉള്ളം കവർന്നിടും ഉർവശി ഞാൻ
ഉമ്പർകോനുടയ നൃത്തവേദിയിതിൽ
ഇമ്പമേറ്റിടും രംഭ ഞാൻ
വിലാസവതിയാം കലാരമണിയുടെ
ലലാടതിലകമീ തിലോത്തമ

വിണ്ണിലുള്ള വരവർണ്ണിനീമണികൾ
മന്ത്രഗാനസുധ തൂകവേ
മന്മഥോത്സവ മനോജ്ഞവേളയിതിൽ
മന്ദമന്ദം നടമാടി നാം

താരകനൂപുരങ്ങൾ താളമടിച്ചു
നീരദകഞ്ചുകത്തിൽ മാറിടം തുടിച്ചു
സ്വരരാഗസുധയിൽ നാം നീന്തിത്തുടിച്ചു
സ്വർഗ്ഗീയനർത്തനത്തിൽ ലഹരി വിതച്ചു
ആനന്ദനടനം അപ്‌സരകന്യകൾതൻ
അനുപമ ശൃംഗാരനടനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aananda nadanam

Additional Info

അനുബന്ധവർത്തമാനം