ജോയ് ജോൺ ആന്റണി

Joy Johan Antony

1974 മെയ് 5 ന് ജോൺ ആന്റണിയുടെയും വിക്ടോറിയ പവ്ലീനയുടെയും മകനായി കൊല്ലം ജില്ലയിലെ ചെമ്മങ്കാട് ജനിച്ചു. പെരിനാട് ജി എച്ച് എസിലായിരുന്നു ജോയ് ജോണിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കി. അതിനുശേഷം കൊച്ചിയിലേയ്ക് താമസം മാറ്റിയ ജോയ് എറണാംകുളം മഹാരാജാസ് ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടി. സ്ക്കൂൾ പഠനകാലത്തുതന്നെ ജോയ് മിമിക്രി ചെയ്യുവാനും നാട്ടിലെ പ്രോഗ്രാമുകളിൽ മിമിക്രി അവതരിപ്പിയ്ക്കുവാനും തുടങ്ങിയിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവെല്ലിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു. ജോയ് ജോൺ 1995 -ൽ മിമിക്രിയിൽ കേരള യൂണിവേഴ്സിറ്റിതലത്തിലും, 1997- 98 കാലത്ത് എം ജി യൂണിവേഴ്സിറ്റിതലത്തിലും യൂത്ത് ഫെസ്റ്റിവൽ വിജയിയായിരുന്നു.

കൊച്ചി സിറ്റി ചാനലിൽ കുസൃതിക്കുറുപ്പ് എന്ന പ്രോഗാം അവതരിപ്പിച്ചുകൊണ്ടാണ് ജോയ് ജോൺ തന്റെ കരിയർ ആരംഭിയ്കുന്നത്. തുടർന്ന് കൈരളി ടിവിയിലെ " തെന്നാലി രാമൻ ', ഏഷ്യാനെറ്റിലെ " വാൽക്കണ്ണാടി " എന്നിവയുൾപ്പെടെ നിരവധി പ്രോഗ്രാമുകൾ വിവിധ ചാനലുകളിൽ അവതരിപ്പിച്ചു. ബാഡ് സ്മെൽ എന്ന ഷോർട്ട് ഫിലിമിലും, ബക്കറ്റ് റാപ്പ്, സ്മൃതി എന്നീ ആൽബങ്ങളിലും ജോയ് അഭിനയിച്ചിട്ടുണ്ട്.

1996 ൽ ഇറങ്ങിയ സമാന്തരങ്ങൾ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു ജോയ്ജോണിന്റെ തുടക്കം. 2008 ൽ ലോലിപോപ്പ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രാഭിനയരംഗത്ത് അദ്ദേഹം സജീവമാകുന്നത്. തുടർന്ന് കുരുക്ഷേത്രപുതിയ മുഖംഹീറോ  എന്നിവയുൾപ്പെട പത്തിലധികം സിനിമകളിൽ അഭിനയിച്ചു. ശാന്തിതൻ ഉന്നൈ എന്ന തമിഴ് ചിത്രത്തിലും ജോയ് അഭിനയിച്ചിട്ടുണ്ട്.

ഫാഷൻ ഡിസൈനറായ നിഷ മോൾ ജെയിംസാണ് ജോയ് ജോണിന്റെ ഭാര്യ. അവർക്ക് ഒരു മകൾ ആൽഫിയ എൻ ജോയ്. സിനിമാഭിനയത്തോടൊപ്പം ജോയ് ജോൺ കേരള ഹൈക്കോടതിയിൽ  അഡ്വക്കറ്റായി പ്രാക്റ്റീസ് ചെയ്യുന്നുമുണ്ട്..