അനൂപ് ചന്ദ്രൻ

Anoop Chandran

മലയാള ചലച്ചിത്ര നടൻ. ആലപ്പുഴജില്ലയിലെ അർത്തുങ്കലിൽ രാമചന്ദ്ര പണിയ്ക്കരുടെയും ചന്ദ്രലേഖാദേവിയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ചേർത്തല എൻഎസ്എസ് കോളേജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു പഠനം.  ആലപ്പുഴയിലെ 'ഇപ്റ്റ തിയേറ്ററിന്റെ സംഘാടകരിലൊരാളായ അനൂപ് ബാലസംഘത്തിന്റെ സംസ്ഥാന പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.  ടി.കെ. രാജീവ്കുമാറിന്റെ സുന്ദരി എന്ന ചിത്രത്തിലാണ് അനൂപ് ചന്ദ്രൻ ആദ്യം അഭിനയിച്ചത്. പക്ഷേ ഈ ചിത്രം പുറത്തിറങ്ങിയില്ല.

2004- ൽ റിലീസായ രഞ്ജിത്ത് - മമ്മൂട്ടി ചിത്രമായ ബ്ലാക്ക് ആണ് അനൂപ് ചന്ദ്രന്റെ രണ്ടാമത്തെ സിനിമയും റിലീസായ ആദ്യത്തെ സിനിമയും. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. രസതന്ത്രം, ക്ലാസ്മേറ്റ്സ്, കറുത്ത പക്ഷികൾ.. തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അനൂപ് ചന്ദ്രൻ അഭിനയിച്ചവയിൽ കൂടുതലും കോമഡി റോളുകളായിരുന്നു.

2019 സെപ്റ്റംബറിലായിരുന്നു അനൂപ് ചന്ദ്രന്റെ വിവാഹം. ലക്ഷ്മി രാജഗോപാലിനെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്.