തിരുത്തിയാട് വിലാസിനി

Thiruthiyadu Vilasini

കോഴിക്കോട് വിലാസിനി എന്നും അറിയപ്പെടുന്നു.നാടകാചാര്യൻ കെ ടി മുഹമ്മദിന്റെ "വിത്ത്"  എന്ന നാടകത്തിലൂടെയാണ് തിരുത്തിയാട് വിലാസിനി  അഭിനയരംഗത്തെത്തുന്നത് . 1971 ൽ, കെ.ടിയുടെ തന്നെ "കളിത്തോക്ക്" എന്ന നാടകത്തിൽ പുരുഷവേഷം അവതരിപ്പിച്ചതോടെ ശ്രദ്ധേയയായി. തുടർന്ന്  നാടകവേദികളിൽ സക്രിയയായ വിലാസിനി അഞ്ഞൂറോളം നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. "ഇത് ഭൂമിയാണ്‌" , "കാഫർ" തുടങ്ങിയ നാടകങ്ങളിലെ നായികാവേഷങ്ങൾ ശ്രദ്ധേയം.കെ.ടിയുടെ നാടകങ്ങൾക്ക് പുറമേ വാസുപ്രദീപ്,തിക്കോടിയൻ,വിജയന് വി നായർ തുടങ്ങിയ പ്രമുഖരുടെയെല്ലാം നാടകങ്ങളിൽ ജീവസ്സുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.1996 ൽ, മലബാർ തിയറ്റേഴ്സിന്റെ,"തറവാട്ടച്ഛൻ"  എന്ന നാടകത്തിലെ മികച്ച പ്രകടനത്തിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാനപുരസ്കാരം സ്വന്തമാക്കി (സംവിധാനം:വിജയൻ വി നായർ ).
പി.ഭാസ്കരൻ സംവിധാനം ചെയ്ത, "ഒരു പിടി മണ്ണ്" എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത് . തുടർന്ന്  ഐ വി ശശിയുടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ചു.
രോഗാവസ്ഥ കാരണം അഭിനയവേദിയോട് താല്ക്കാലികമായി വിടപറഞ്ഞ വിലാസിനി,നീണ്ട ഇടവേളയ്ക്ക് ശേഷം,  "പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ" (സംവിധാനം:രഞ്ജിത് ) എന്ന സിനിമയിലൂടെയാണ് വീണ്ടും രംഗത്തെത്തുന്നത് . പിന്നീട് രഞ്ജിത്തിന്റെ തന്നെ ചില സിനിമകളിലും സത്യൻ അന്തിക്കാടിന്റെ "സ്നേഹവീട്" എന്നിവയിലും അഭിനയിച്ചു.
"പൊട്ടാസ് ബോംബ്","സലാല മൊബൈൽസ്" എന്നിവയാണ് അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമകൾ.

അർബുദ രോഗബാധയെത്തുടർന്നായിരുന്നു മരണം.
മക്കൾ: വിജിത്, വിജയശ്രീ