ടി പി രാധാമണി

T P Radhamani

ടി പി രാധാമണി - നിരവധി റേഡിയോ നാടകങ്ങളിലൂടെയും റേഡിയോ പ്രോഗ്രാമുകളിലൂടെയും മലയാളികൾക്ക് സുപരിചിത. പാട്ടുകാരിയായും അഭിനേത്രിയായും ആകാശവാണിയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി. രാധാമണിയുടെ അച്ഛന് സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് മകളെ സംഗീതം പഠിപ്പിക്കുവാൻ കാരണമായത്. 1950 ൽ സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണം പാസായി. ആ സമയത്ത് തന്നെ, തിരുവനന്തപുരം റേഡിയോ നിലയത്തിൽ ചെറിയ തോതിൽ കച്ചേരികൾ നടത്തുമായിരുന്നു അവർ. കച്ചേരിക്ക്‌ പുറമേ വഞ്ചിപ്പാട്ട്, കഥകളി പദങ്ങൾ എന്നിവയും അക്കാലത്ത് അവർ അവതരിപ്പിച്ചിരുന്നു. പിന്നീട് റേഡിയോ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. തിരുനയിനാര്‍ കുറിച്ചി മാധവന്‍നായരുടെ സത്യൻ നായകനായ കരിനിഴൽ എന്ന റേഡിയോ നാടകത്തിൽ നായികയായി. ആ നാടകം പ്രേക്ഷകർ അംഗീകരിക്കുകയും നല്ല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തതോടെ നാടകങ്ങളിൽ സജീവമായി മാറി. സ്റ്റേജിൽ അഭിനയിച്ചു ഒട്ടും പരിചയമില്ലാതിരുന്ന രാധാമണി പക്ഷേ റേഡിയോ നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. സാമൂഹിക നാടകങ്ങൾ, പുരാണ നാടകങ്ങൾ തുടങ്ങി നിരവധി നാടകങ്ങളിൽ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. ജരാസന്ധന്റെ പുത്രി, എസ് രമേശൻ നായർ എഴുതിയ ചിലപ്പതികാരം, കുന്തി, ഗാന്ധാരി, ഝാൻസി റാണി, ഉമയമ്മ റാണി തുടങ്ങിയവ രാധാമണി അഭിനയിച്ച പ്രശസ്തമായ റേഡിയോ നാടകങ്ങളാണ്. 

റേഡിയോ ആർട്ടിസ്റ്റും നടനുമായ കരമന ഗംഗാധരൻ നായരെയാണ് അവർ വിവാഹം കഴിച്ചത്. 43 വർഷം ആകാശവാണിയിൽ പ്രവർത്തിച്ച ശേഷമാണ് വിരമിച്ചത്. വിരമിച്ചതിനു ശേഷവും വിവിധ പരിപാടികളിലായി ആകാശവാണിയിൽ അവർ സജീവമാണ്. അറുപതോളം ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ദേവി കന്യാകുമാരിയിൽ ദേവിയായി അഭിനയിച്ച വിനോദിനിക്ക് ശബ്ദം നൽകിയത് രാധാമണിയായിരുന്നു. സത്യൻ അന്തിക്കാടിന്റെ നിർബന്ധത്തിനു വഴങ്ങി, രസതന്ത്രം എന്ന ചിത്രത്തിൽ ഒരു ചെറു വേഷത്തിലും അഭിനയിച്ചു. പിന്നീട് ഇന്നത്തെ ചിന്താവിഷയത്തിലും ഒരു ചെറു വേഷം ചെയ്തു. 1975 ൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം രാധാമണിക്ക് ലഭിച്ചു. ആദ്യമായി ആ പുരസ്‌കാരം ലഭിക്കുന്ന റേഡിയോ ആർട്ടിസ്സും അവർ തന്നെ. അതിനു പുറമേ ആകാശവാണിയിലെ അവർ അവതരിപ്പിച്ച നിരവധി പരിപാടികൾ അവാർഡിന് അർഹമായിട്ടുണ്ട്. 2018 മേയ് 17 നു പൂജപ്പുരയിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു. 

മക്കൾ: ചന്ദ്രമോഹൻ, ശ്രീകല, ജി ആർ കണ്ണൻ, നന്ദകുമാർ. മരുമക്കൾ ഹേമലത (ദൂരദർശനിലെ ന്യൂസ് റീഡർ), അമ്പിളി (ഡബ്ബിംഗ്)