സീമ

Seema

മലയാള ചലച്ചിത്ര താരം.  1957 മെയ് 22-ന് ചെന്നൈയിലെ പുരുഷവാക്കത്ത് മലയാളിദമ്പതികളായ മാധവൻ നമ്പ്യാരുടെയും വാസന്തിയുടെയും മകളായി ജനിച്ചു. ശാന്തകുമാരി നമ്പ്യാർ എന്നായിരുന്നു യഥാർത്ഥ നാമം. ശാന്തി എന്നായിരുന്നു വിളിപ്പേര്. ശാന്തിയുടെ ഏഴാമത്തെ വയസ്സിൽ അച്ഛൻ അമ്മയുമായി പിരിഞ്ഞ് വേറെ വിവാഹം ചെയ്തു. അമ്മയോടൊപ്പം വളർന്ന ശാന്തി വളരെ ചെറുപ്പത്തിലെ നൃത്തം അഭ്യസിച്ചിരുന്നു. ചെന്നൈ പി എൻ ധവാൻ ആദർശ് വിദ്യാലയയിലായിരുന്നു ശാന്തിയുടെ വിദ്യാഭ്യാസം.

തന്റെ പതിനാലാം വയസ്സിൽ തമിഴ് സിനിമകളിൽ നൃത്തം ചെയ്തുകൊണ്ടായിരുന്നു ശാന്തിയുടെ തുടക്കം. 1971-ൽ അച്ഛന്റെ ഭാര്യ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിൽ സീമ തുടക്കം കുറിയ്ക്കുന്നത്. 1973- ൽ നിഴലേ നീ സാക്ഷി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചെങ്കിലും ആ സിനിമ റിലീസായില്ല. നിഴലേ നീ സാക്ഷിയിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോളാണ് പ്രശസ്ത നടൻ വിജയൻ ശാന്തിയ്ക്ക് സീമ എന്നപേര് നൽകുന്നത്. തുടർന്ന് ചില മലയാളം,തമിഴ് സിനിമകളിൽ ചെറിയവേഷങ്ങൾ ചെയ്തു. 1978- ൽ ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകളിൽ നായികയായതോടെയാണ് സീമ പ്രശസ്തിയിലേയ്ക്കുയരുന്നത്. താമസിയാതെ സീമ മലയാളത്തിലെ മുൻനിര നായികയായി വളർന്നു.

പ്രേംനസീർ,ജയൻ,സോമൻ,സുകുമാരൻ,മമ്മൂട്ടി,മോഹൻലാൽ..എന്നിവരുടെയെല്ലാം നായികയായി സീമ അഭിനയിച്ചു. ജയനോടൊപ്പം നിരവധി ചിത്രങ്ങളിൽ സീമ അഭിനയിച്ചിരുന്നു. ജയൻ - സീമ ജോടികൾ ആ കാലത്തെ പ്രേക്ഷകരുടെ ഹരമായിരുന്നു. മമ്മൂട്ടിയോടൊപ്പം മുപ്പതിലധികം സിനിമകളിൽ സീമ നായികയായിട്ടുണ്ട്. 1989-വരെ സീമ മലയാള സിനിമകളിൽ നിറഞ്ഞുനിന്നു. 89- ൽ മഹായാനം എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനുശേഷം അഭിനയജീവിതത്തോട് താത്ക്കാലികമായി വിടപറഞ്ഞ സീമ 1999- ൽ മോഹൻലാൽ ചിത്രമായ ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ തിരിച്ചുവന്നു. 1984, 85 വർഷങ്ങളിൽ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സീമയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാള സിനിമകൾ കൂടാതെ തമിഴ്,തെലുങ്കു,കന്നഡ എന്നീ ഭാഷകളിലും നിരവധി സിനിമകളിൽ സീമ അഭിനയിച്ചിട്ടുണ്ട്. ദീദി ദാമോദരൻ രചിച്ച സീമയുടെ ജീവചരിത്രം "വിശുദ്ധ ശാന്തി" 2011-ൽ പ്രകാശനം ചെയ്തു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സീമ അഭിനയിച്ചിട്ടുണ്ട്.

1980-ൽ ആയിരുന്നു സീമയുടെ വിവാഹം. പ്രശസ്ത സംവിധായകൻ ഐ വി ശശിയാണ് സീമയെ വിവാഹം ചെയ്തത്. സീമ - ശശി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. അനു ശശി, അനി ശശി. ഐ വി ശശി സംവിധാനം ചെയ്ത സിംഫണി എന്ന സിനിമയിൽ മകൾ അനു അഭിനയിച്ചിട്ടുണ്ട്.

അവാർഡുകൾ- 

Kerala State Film Awards

1984: Best Actress - Aksharangal, Aalkuttathil Thaniye
1985: Best Actress - Anubandham

Tamil Nadu State Television Awards

2010 - Best character artist - Thangam

Filmfare Awards

1983: Best Actress -Aaroodam
1985: Best Actress - Anubandham
2011: Filmfare Lifetime Achievement Award – South

Sun Kudumbam Awards

2015 - Sun Kudumbam Viruthugal for Best Sister

Vanitha Film Awards

2018 -Life time achievement