റിയാസ് ഖാൻ

Riyas Khan

മലയാള ചലച്ചിത്ര നടൻ. 1972 സെപ്റ്റംബറിൽ റഷീദിന്റെയും റഷീദബാനുവിന്റെയും മകനായി എറണാംകുളം ഫോർട്ട് കൊച്ചിയിൽ ജനിച്ചു. റിയാസ് ഖാന്റെ അച്ഛൻ റഷീദ് സിനിമാ നിർമ്മാതാവായിരുന്നു. സിനിമാ നിർമ്മാണാവുമായി ബന്ധപ്പെട്ട് അവർ ചെന്നൈയിലേയ്ക്ക് താമസം മാറ്റി. റിയാസ് ഖാൻ പഠിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ബിരുദം നേടിയത് അമേരിയ്ക്കയിൽ നിന്നായിരുന്നു. 1991-ൽ Madhuranagarilo എന്ന തെലുങ്കു ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് റിയാസ് ഖാൻ തന്റെ സിനിമാഭിനയം തുടങ്ങുന്നത്. 1993-ൽ Athma എന്ന ചിത്രത്തിലൂടെ തമിഴിലും തുടക്കം കുറിച്ചു. 1994-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന സിനിമയിലൂടെയാണ് റിയാസ് ഖാൻ മലയാളത്തിലെത്തുന്നത്.

റിയാസ് ഖാൻ 2003-ൽ മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് മലയാളത്തിൽ ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് വേഷം, ജലോത്സവം, റൺവേ, കൊച്ചി രാജാവ്, ബഡാ ദോസ്ത് എന്നിവയുൽപ്പെടെ അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹായ് എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ചു. തമിഴ് ചിത്രമായ Ghajini യിലും അതിന്റെ ഹിന്ദി റീമെയ്ക്കിലും റിയാസ് ഖാൻ ശക്ത്മായ കഥാപാത്രത്തെ അവതരിപ്പിച്ചു. അൻപതിലധികം തമിഴ് ചിത്രങ്ങളിലും, പത്തിലധികം കന്നഡ ചിത്രങ്ങളിലും, രണ്ട് ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  

സിനിമകൾ കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും റിയാസ് ഖാൻ അഭിനയിച്ചിട്ടുണ്ട്. നന്ദിനി എന്ന സീരിയലിൽ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തു. 1992-ലായിരുന്നു റിയാസ് ഖാന്റെ വിവാഹം. ഉമയാണ് ഭാര്യ. രണ്ട് മക്കളാണുള്ളത്. ഷാരിഖ് ഹസ്സൻ, സമ്രാത് ഹസ്സൻ.  മകൻ ഷാരിഖ് ഹസ്സൻ അഭിനേതാവാണ്.