രശ്മി സോമൻ
മലയാള ചലച്ചിത്ര, സീരിയൽ നടി.. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ വെങ്കിടങ്ങ് സ്വദേശിയാണ്. എം ബി എ ഗ്രാജ്വേറ്റാണ് രശ്മി സോമൻ. പഠിയ്ക്കുന്ന സമയത്തു തന്നെ രശ്മി അഭിനയം തുടങ്ങിയിരുന്നു. 1990 ൽ നമ്മുടെ നാട് എന്ന സിനിമയിലൂടെയാണ് രശ്മി സോമൻ അഭിനയ ജീവിതത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് മഗ്രിബ്, ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ.. എന്നിവയുൾപ്പെടെയുള്ള ചില സിനിമകളിൽ അഭിനയിച്ച ശേഷം 1996 ൽ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിൽ നായികയായി. ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് രശ്മി സോമൻ കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടത്. ഹരി, താലി, അക്കരപ്പച്ച, അക്ഷയപാത്രം.. എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ അഭിനയിച്ച രശ്മി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി. അറുപതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
ഗോപിനാഥ് എന്നയാളെ വിവാഹം കഴിച്ച രശ്മി അദ്ദേഹത്തോടൊപ്പം വിദേശത്തേക്കു താമസം മാറി. അതോടെ തത്ക്കാലത്തേയ്ക്ക് അഭിനയരംഗം ഉപേക്ഷിച്ചു. പിന്നീട് ചില ചാനൽ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. മഴവിൽ മനോരമയിലെ അനുരാഗം എന്ന സീരിയലിലൂടെ രശ്മി അഭിനയരംഗത്തേയ്ക്ക് തിരിച്ചു വന്നു.