പി സ്റ്റാൻലി
കൊല്ലം ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പോളികാർപ്പിന്റേയും മേരിയുടേയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജേർണലിസവും സിനിമാ സംവിധാനത്തിൽ പരിശീലനവും നേടി.1965 -ൽ കൊല്ലത്ത് സിതാര പ്രിന്റേഴ്സ് ആരംഭിച്ചു. താമസിയാതെ പ്രവർത്തന മേഖല മഡ്രാസിലേക്ക് മാറ്റിയ സ്റ്റാൻലി തുടർന്ന് മൂന്ന് ദശാബ്ദകാലം എ.വിൻസന്റ്, തോപ്പിൽ ഭാസി.. തുടങ്ങിയ പ്രശസ്ത സംവിധായകർക്കൊപ്പം സംവിധനാ സഹായി, സഹ സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
നിരവധി സിനിമകളിൽ സ്റ്റാൻലി പ്രവർത്തിച്ചിട്ടുണ്ട്. വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, അനാവരണം.. എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചോളം ചിത്രങ്ങളിൽ സംവിധാസഹായിയായും സഹസംവിധായകനായും പ്രവർത്തിച്ചു. തൂവാനത്തുമ്പികൾ ഉൾപ്പെടെ നിരവധി സിനിമകളുടെ നിർമ്മാതാവായ സ്റ്റാൻലി വയനാടൻ തമ്പാൻ, തോൽക്കാൻ എനിക്ക് മനസ്സില്ല, രാജൻ പറഞ്ഞ കഥ തുടങ്ങിയ സിനിമകളുടെ വിതരണക്കാരനുമായിരുന്നു.
വാസ്തുകലാ പീഠം എന്ന കെട്ടിട നിർമ്മാണ സ്ഥാപനത്തിന്റെ ഡയറക്ടറും വാസ്തു കൺസൾടന്റുമായിരുന്നു സ്റ്റാൻലി. എഴുത്തുകാരൻ കൂടിയായ അദ്ദേഹം കനൽവഴിയിലെ നിഴലുകൾ, മാന്ത്രികപ്പുരത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നീ നോവലുകളും, ഒരിടത്തൊരു കാമുകി എന്ന കഥാസമാഹാരവും, വാസ്തു സമീക്ഷ എന്ന ശാസ്ത്ര പുസ്തകവും, ഓർമ്മകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിന്റെ അടിമക്കുറിപ്പുകൾ എന്നീ ഓർമ്മപ്പുസ്തകങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്റ്റാൻലിയുടെ ഭാര്യ സാലമ്മ. മക്കൾ ഷൈനി ജോയ്, ബെൻസൺ സ്റ്റാൻലി,സുനിൽ സ്റ്റാൻലി. 2025 ഒക്റ്റോബറിൽ പി.സ്റ്റാൻലി അന്തരിച്ചു.


