പി കുഞ്ഞിരാമൻ നായർ
പനയന്തട്ട തറവാട്ടിൽ അടിയോടി വീട്ടിൽ പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായി കാസർഗോഡ് കാഞ്ഞങ്ങാട്ടുള്ള വെള്ളിക്കോത്ത് ഗ്രാമത്തിൽ ജനിച്ചു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലുമായിരുന്നു കുഞ്ഞിരാമൻ നായരുടെ പഠനം. പഠന ശേഷം പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു.
അതിന് ശേഷം പത്രപ്രവർത്തകൻ എന്ന നിലയിൽ പല സ്ഥാപനങ്ങളിലും ജോലി ചെയ്തുവെങ്കിലും താമസിയാതെ കുഞ്ഞിരാമൻ നായർ കവിതാ രചനയിലേയ്ക്ക് തന്നെ പൂർണ്ണമായും സമർപ്പിക്കുകയായിരുന്നു. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതി മണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും പ്രപഞ്ചവും തമ്മിലുള്ള അസാധാരണമായ ഒരു തന്മയീഭാവം അവയിൽ സംഭവിക്കുന്നുണ്ട്. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുള്ള കുഞ്ഞിരാമൻ നായരുടെ ആത്മകഥാഗ്രന്ഥങ്ങളായ കവിയുടെ കാൽപ്പാടുകൾ, എന്നെ തിരയുന്ന ഞാൻ, നിത്യകന്യകയെത്തേടി എന്നിവ മലയാളഭാഷയിലെ കവിതാഗദ്യത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത,ചിലമ്പൊലി, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. അരനൂറ്റാണ്ടിലേറെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.
മഹാകവി പി കുഞ്ഞിരാമൻ നായരുടെ ചില കവിതകൾ ചലച്ചിത്ര ഗാനങ്ങളായി വന്നിട്ടുണ്ട്. 2012 -ൽ ഇത്രമാത്രം എന്ന സിനിമയിൽ "ആറ്റുനോറ്റാനെടും രാവിൽ.. എന്ന ഗാനം ജെയ്സൺ ജെ നായരുടെ സംഗീതത്തിലും, ഇവൻ മേഘരൂപൻ എന്ന സിനിമയിൽ "ഇന്നലെ ഞാനൊരു മുല്ലനട്ടു.. എന്ന ഗാനം ശരത്തിന്റെ സംഗീതത്തിലും ഇറങ്ങിയിരുന്നു. കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കാവ്യം ഇതേപേരിൽ ഫാറൂഖ് അബ്ദുൾ റഹ്മാന്റെ സംവിധാനത്തിൽ 2015 -ൽ നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ പുറത്തിറക്കിയിരുന്നു. അതിൽ കുഞ്ഞിരാമൻ നായരുടെ "മഞ്ഞിൽകുളിച്ചു എന്ന് തുടങ്ങുന്ന കവിത ബിജിബാൽ സംഗീതം നൽകി ഉൾപ്പെടുത്തിയിരുന്നു. പി കുഞ്ഞിരാമൻ നായർ എഴുതി എം കെ അർജ്ജുനൻ സംഗീതം നൽകി പി ജയചന്ദ്രൻ പാടിയ "മണ്ഡലമാസ പുലരികൾ പൂക്കും.. എന്ന അയ്യപ്പ ഭക്തിഗാനം വലിയ പ്രചാരം നേടിയ ഗാനമാണ്.
1978 മെയ് മാസത്തിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു.