സിദ് ശ്രീറാം
ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ സംഗീതജ്ഞനനും ഗായകനും സംഗീതരചയിതാവുമായ സിദ് ശ്രീറാം. ശ്രീറാമിന്റെയും ലതാ ശ്രീറാമിന്റെയും മകനായി ചെന്നൈയിലാണ് ജനിച്ചത്. മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ താമസമാക്കിയ സിദ് പഠിച്ചതും വളർന്നതും അവിടെയായിരുന്നു. ചെറിയകുട്ടിയായിരികുമ്പോൾ തന്നെ സംഗീത പഠനം തുടങ്ങിയ സിദ് ശ്രീറാം Berklee College of Music -ൽ നിന്നും മ്യൂസിക് പ്രൊഡക്ഷൻ ആൻഡ് എഞ്ചിനിയറിംഗിൽ ബിരുദം നേടി. ബിരുദ പഠനം പൂർത്തിയാക്കിയതിനുശേഷം സിദ് ഇടക്കിടെ ഇന്ത്യയിൽ വന്ന സംഗീത കച്ചേരികൾ അവതരിപ്പിക്കാൻ തുടങ്ങി.
മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന തമിഴ് ചിത്രത്തിൽ എ.ആർ റഹ്മാന്റെ സംഗീതത്തിൽ ഗാനമാലപിച്ചുകൊണ്ടായിരുന്നു സിദ് ശ്രീറാം സിനിമയിൽ തുടക്കമിടുന്നത്. പിന്നീട് ശങ്കറിന്റെ 'ഐ' എന്ന ചിത്രത്തിലെ 'എന്നോട് നീ ഇരുന്താൽ..' എന്ന ഗാനത്തിലൂടെ ചലച്ചിത്രലോകത്തിൽ സജീവമായി. 2018 -ൽ ഗീത ഗോവിന്ദം (ഡബ്ബിംഗ്) എന്ന ഡബ്ബിംഗ് ചിത്രത്തിലെ 'തഞ്ചും കൊഞ്ചും' ഗാനം ആലപിച്ചുകൊണ്ടാണ് സിദ് ശ്രീറാം മലയാളത്തിലെത്തുന്നത്. 2019 -ൽ ഇറങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിലെ 'പറയുവാൻ ഇതാദ്യമായ് വരികൾ മായേ..' എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാളത്തിൽ സജീവമായി.. തുടർന്ന് പത്തോളം മലയാള ചിത്രങ്ങളിൽ സിദ് ശ്രീറാം ഗാനങ്ങൾ ആലപിച്ചു. തമിഴ്, തെലുഗു സിനിമകളിലായി നിരവധി ഗാനങ്ങൾ സിദ് ശ്രീറാം ആലപിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, കന്നഡ, മറാത്തി ഭാഷകളിലും പാടിയിട്ടുണ്ട്.