ബിജു സോപാനം
1972 മെയ് 4 ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ ജനിച്ചു. കാവാലം നാരായണ പണിക്കരുടെ സോപാനം നാടക കളരിയിലൂടെയാണ് ബിജു സോപാനം തന്റെ കലാജീവിതത്തിന് തുടക്കംകുറിയ്കുന്നത്. സോപാനം നാടക വേദിയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് രാജ്യത്തിൽ പലസ്ഥലത്തുമായി മികച്ചവേദികളിൽ അഭിനയിക്കുവാൻ ബിജു സോപാനത്തിനു കഴിഞ്ഞു.
2005 ൽ രാജമാണിക്യം എന്ന സിനിമയിലൂടെയാണ് ബിജു സോപാനം സിനിമാഭിനയ രംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് c/o സൈറ ബാനു, ലെച്ച്മി, കുട്ടൻപിള്ളയുടെ ശിവരാത്രി, ലൗ ആക്ഷൻ ഡ്രാമ, ആദ്യരാത്രി എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ അമൃത ടിവിയിലെ "ബാക്ക് ബെഞ്ചേഴ്സ് " എന്ന സീരിയലിൽ ബെഞ്ചമിൻ ബ്രൂണോ എന്ന കോളേജ് പ്രിൻസിപ്പലിനെ അവതരിപ്പിച്ചുകൊണ്ട് ബിജു സോപാനം ടെലിവിഷൻ രംഗത്തും തുടക്കമിട്ടു. 2015 - 2021 കാലത്ത് ഫ്ലവേഴ്സ് റ്റിവി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന മെഗാ പരമ്പരയിൽ ബിജു സോപാനം അവതരിപ്പിച്ച ബാലു എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ സ്വീകാര്യത നേടുകയും, ബിജു സോപാനത്തിനെ പ്രശസ്തനാക്കുകയും ചെയ്തു. 2021 മുതൽ സീ കേരളത്തിലെ "എരിവും പുളിയും " എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ ചില ഷോർട്ട് ഫിലിമുകളിലും വെബ്ബ് സീരിസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.