തീക്കനൽ
മദ്യവും, മദിരാക്ഷിയും നിറഞ്ഞ ആഡംബര ജീവിതം നയിക്കുന്ന അവിവാഹിതനായ ഒരു ബിസിനസ്സ്കാരൻ തന്റെ സഹോദരിയുടെ ശാലീന സുന്ദരിയായ കൂട്ടുകാരിയെ കണ്ടപ്പോൾ അവളെ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാൻ തയ്യാറാകുന്നു. പക്ഷേ അവൾ അവന്റെ പ്രേമം നിരാകരിച്ചു. പകരം അയാളുടെ ഓഫീസിലെ ഒരു സാധാരണ ചെറുപ്പക്കാരനെ വിവാഹം കഴിക്കാനായിരുന്നു അവൾക്ക് താല്പര്യം കോപാകുലനായ അയാൾ ആ ചെറുപ്പക്കാരനെ കൊല്ലാൻ തുടങ്ങിയപ്പോൾ ആണ് ആ സത്യം മനസ്സിലാക്കിയത് അവൻ അയാളുടെ സ്വന്തം അനുജൻ ആണ്. സത്യം പുറത്തു പറയാതെ അവരുടെ വിവാഹം നടത്തി കൊടുക്കുകയും അവരുടെ ജീവിതം നല്ല നിലയിലേയ്ക്ക് വരാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മൂന്നു പേരുടെയും ജീവിതത്തിൽ പ്രതിസന്ധികൾ ഉടലെടുക്കുന്നു
Actors & Characters
Main Crew
കഥ സംഗ്രഹം
സുഖലോലുപനായ, ആഡംബര ജീവിതം നയിക്കുന്ന ഒരു ബിസിനസ്സ്കാരനാണ് മധു വലിയ ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത ഇയാൾ മദ്യത്തിലും യുവതികളിലും സന്തോഷം കണ്ടിരുന്നു. ഇയാൾക്ക് ഒരു സഹോദരി മാത്രമേ ഉള്ളു. വിഥുബാല. അവർ രണ്ടുപേരും അവിവാഹിതരാണ് ഒരു ദിവസം വളരെ യാദൃശ്ചികമായി തന്റെ വീട്ടിൽ വച്ച് അയാൾ സഹോദരിയുടെ സുഹൃത്തും സഹപാഠിയുമായ ശ്രീവിദ്യയെ കാണുന്നു. കണ്ട മാത്രയിൽ തന്നെ അവളുടെ ശാലീനത, സൗന്ദര്യം, പെരുമാറ്റം ഒക്കെ അയാളെ വല്ലാതെ ആകർഷിച്ചു. തന്റെ ഓഫീസിൽ ജോലി ചെയ്യുന്ന പ്യൂൺ ശങ്കരാടിയുടെ മകൾ ആണ് എന്നറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി വീണ്ടും പല സന്ദർഭങ്ങളിലായി വിദ്യയെ മധു തന്റെ വീട്ടിലും പുറത്തും കാണുന്നു. ഓരോ പ്രാവശ്യം കാണുമ്പോഴും അവളിലേയ്ക്ക് അടുക്കാനും സംസാരിക്കാനും അയാൾ ശ്രമിച്ചുവെങ്കിലും ഓരോ പ്രാവശ്യവും അവൾ അയാളിൽ നിന്നകലുവാനും സംസാരിക്കാതിരിക്കുവാനും പ്രയത്നിച്ചു.. അയാളുടെ പ്രേമം നിയന്ത്രണാതീതമായപ്പോൾ സഹോദരിയോട് പറയുന്നു. സഹോദരിക്ക് അതൊരു സന്തോഷവാർത്തയായിരുന്നു. തന്റെ കൂട്ടുകാരി ചേട്ടത്തിയായി വരുന്നത് അവൾക്ക് സ്വീകാര്യമാണ്. അവൾ ഉടൻതന്നെ വിദ്യയുടെ വീട്ടിൽ പോയി നേരിട്ട് വിദ്യയോട് ചേട്ടന്റെ പ്രേമാഭ്യർത്ഥന അറിയിച്ചു. വിദ്യ അച്ഛനോട് സംസാരിക്കാൻ ആവശ്യപ്പെട്ടു ശങ്കരാടിക്ക് അവിശ്വാസനീയമായി തോന്നി ആദ്യം, പിന്നീട് മനസ്സിലായി മുതലാളി കാര്യമായിതാന്നെയാണ് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. വന്നു കയറുന്ന സൗഭാഗ്യം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു ശങ്കരാടി. കല്യാണത്തിന് തന്റെ സമ്മതം മൂളി പക്ഷേ മകൾ വിദ്യയ്ക്ക് മധുവിനെ വിവാഹം ചെയ്യാൻ താല്പര്യമില്ല. സ്ത്രീലമ്പടനും, കുടിയനും ആയ ഒരു ഭർത്താവ് വേണ്ട എന്ന് അവൾ തെളിവാക്കി. അങ്ങനെ ആ വിവാഹാലോചന മുടങ്ങി. തൊഴിൽരഹിതനായ അഭ്യസ്ഥവിദ്യൻ മോഹൻ ജോലി തേടി മധുവിന്റെ ഓഫീസിൽ എത്തുന്നു.. താൻ ഒരു അനാഥനാണെന്നും പട്ടിണിയിലാണെന്നും എന്തു ജോലി ചെയ്യാനും താൻ തയ്യാറാണെന്നും അയാൾ യാചിച്ചു. ആദ്യം നിരസിച്ചുവെങ്കിലും അയാളോട് അൽപ്പം അലിവ് തോന്നിയ മധു അയാൾക്ക് ഒരു ജോലി നൽകി താമസിക്കാൻ വീടില്ലാത്ത അയാളെ സഹായിക്കാൻ ശങ്കരാടി മുന്നിലേക്ക് വന്നു. തങ്ങളുടെ വീട്ടിൽ അയാൾ കൂടെ കൂടുന്നതിൽ വിദ്യയ്ക്കും ഇഷ്ടമില്ലായ്മ ഒന്നും ഉണ്ടായില്ല ഓഫീസിൽ മോഹന് ചെറിയ പ്രമോഷൻ കിട്ടുന്നു. ശങ്കരാടിയുടെ വീട്ടിലാണ് താമസം എന്നറിഞ്ഞപ്പോൾ അൽപ്പം അസൂയ തോന്നിയ മധു അവനോട് ബാംഗ്ലാവിലുള്ള ഔട്ട്ഹൗസിലേയ്ക്ക് താമസം മാറ്റാൻ നിർദ്ദേശിച്ചു കൂടെ അവനെ തന്റെ പേർസണൽ അസിസ്റ്റന്റ് ആയി നിയമിക്കുന്നു വിദ്യയും മോഹനും അടുക്കരുത് എന്ന ദുരുദ്ദേശം കാരണം ആണ് അത് ചെയ്തത്. എന്നാൽ അത് തന്നെ സംഭവിച്ചു. മോഹനും വിദ്യയും അടുത്തു. ഒരു ദിവസം മോഹനെ കണ്ടു മടങ്ങുന്ന വിദ്യയെ മധു കണ്ടു, അവൾക്ക് വിട പറയുന്ന മോഹനെയും. അയാൾക്ക് അത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. വിദ്യയുടെ അച്ഛനെ വിളിച്ച് താക്കീത് നൽകി. പക്ഷേ വിദ്യ അച്ഛനോട് തുറന്നു പറഞ്ഞു എനിക്ക് മോഹനെ ഇഷ്ടമാണ് മോഹന് എന്നെയും. ഞങ്ങൾ വിവാഹം കഴിക്കാൻ അച്ഛൻ അനുമതി തരണം. അച്ഛൻ ആ വിവാഹത്തെ എതിർത്തു. മുതലാളിക്ക് ഇഷ്ട്ടമല്ലാത്ത ഒന്നും ശങ്കരാടി ചെയ്യുകയില്ല അയാൾ മുതലാളിയോട് പറഞ്ഞു. ഞാൻ അവളെ താക്കീത് ചെയ്തിട്ടുണ്ട്. ഇനി അവർ തമ്മിൽ കാണുകയില്ല. അങ്ങനെ കണ്ടാൽ മുതലാളി അവളെ വെടി വച്ച് കൊല്ലണം . മുതലാളി ഒരു രാത്രി അവരെ ഒരുമിച്ചു കണ്ടു. മഴ നനഞ്ഞു കുതിർന്ന രണ്ടു പേരും ഒരു ടാക്സിയിൽ കയറി പോകുന്നത്. കോപാകുലനായ അയാൾ വെടിവെച്ചു കൊല്ലാൻ തന്നെ തയ്യാറായി പക്ഷേ അവളെയല്ല മോഹനനെ. കയ്യിൽ തോക്കുമായി നേരെ ചെന്നത് അവന്റ വീട്ടിലേയ്ക്ക് അവൻ ഫോട്ടോയുടെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു. ആ ഫോട്ടോ കണ്ട മധു ഞെട്ടി. ഫോട്ടോയിൽ കണ്ടത് സ്വന്തം അമ്മയെയും അനുജനെയും. പഴയ കഥകൾ ഓർമ്മയിൽ തെളിഞ്ഞു കൊച്ചുകുട്ടിയായിരിക്കുമ്പോൾ ഒരു ഫോട്ടോയ്ക്ക് വേണ്ടി അനുജന്റെ തല തല്ലി പൊട്ടിച്ചതിന് അമ്മ തല്ലിയപ്പോൾ ഇനി വീട്ടിലേയ്ക്ക് വരില്ല എന്ന് പറഞ്ഞ് വീട് വിട്ടോടിയത്. ടിക്കറ്റ് ഇല്ലാതെ ട്രെയിൻ യാത്ര ചെയ്തപ്പോൾ സഹായിച്ചത് ഒരു നല്ല മനുഷ്യൻ. കള്ളക്കടത്തു നടത്തുന്ന അയാൾ സ്വന്തം മകനെപ്പോലെ സംരക്ഷിച്ചു. അയാളുടെ മകൾക്ക് സഹോദരനായി. അമ്മ മരിച്ചതും അനുജൻ കാണാതായതും ആ മനുഷ്യൻ നാട്ടിൽ പോയി തിരക്കി അറിഞ്ഞു അദ്ദേഹത്തിന്റെ മരണ ശേഷം ബിസിനസ്സ് സ്വന്തം ചുമതലയിലായി. മരണശയ്യയിൽ ആ മനുഷ്യന് വാക്ക് കൊടുത്തതാണ് തന്റെ പൂർവ്വകാല ജീവിതം ആരോടും പറയുകയില്ല എന്ന്. വിധുബാലയുടെ സഹോദരനായി മാത്രം അറിയപ്പെടും മോഹൻ സ്വന്തം സഹോദരനാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. പക്ഷേ അത് പുറത്തു പറയാൻ സാദ്ധ്യമല്ല അവന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് മോഹന്റെയും വിദ്യയുടെയും വിവാഹം നടത്തി കൊടുത്തു. ഒരു വിശാലമായ പുതിയ വീട്ടിലേയ്ക്ക് അവർ താമസം തുടങ്ങി ഓഫീസിൽ എല്ലാ ചുമതലകളും മോഹനെ എൽപ്പിച്ച് അവന് ബിസിനസ്സിൽ പരിശീലനം നൽകി എന്നാൽ ഓഫീസിലെ മാനേജർക്കും മധുവിന്റെ പഴയ കാമുകി കനക ദുർഗ്ഗയ്ക്കും ഇത് ഇഷ്ടപ്പെടുന്നില്ല. മാനേജർക്ക് അധികാരം തന്റെ കയ്യിൽ നിന്നും നഷ്ടപ്പെടുന്നത് മൂലം ധനനഷ്ട്ടം ഉണ്ടാകുന്നു. കനകയ്ക്ക് മോഹൻ വന്ന ശേഷം മധു അവളുടെ വീട്ടിൽ പോകുന്നത് ഒഴിവാക്കിയത് കാരണം പണം കിട്ടുന്നത് നിലച്ചു. രണ്ടു തുല്യ ദുഖിതർ. അവർ ചില പോംവഴികൾ ആലോചിച്ചു. ഒരു ബിസിനസ്സ് ആവശ്യത്തിനായി മോഹൻ മാനേജരോടൊപ്പം ബോംബെയിലേക്ക് പോകുന്നു. മുതലാളി അറിയാതെ കനകയെയും മാനേജർ കൂടെ കൂട്ടുന്നു അവിടെ ചിലർ മുതലാളിയെയും വിദ്യയെയും ചേർത്ത് സംസാരിച്ചു. മുതലാളി പ്രേമിച്ച, വിവാഹം ചെയ്യാൻ ആഗ്രഹിച്ച പെണ്ണിനെ തന്റെ ഓഫീസിൽ ജോലി ചെയ്യുന്ന സാധാരണക്കാരനെക്കൊണ്ട് കല്യാണം കഴിപ്പിച്ച് അയാൾക്ക് അനർഹമായ പ്രമോഷൻ നൽകുന്നതിന്റെ പിന്നിൽ എന്താണ് ഉദ്ദേശം എന്ന് അവർ സംസാരിക്കുന്നത് മോഹൻ കേട്ടു അവന്റ ഉള്ളിൽ സംശയം നാമ്പിട്ടു. ഈ സമയത്ത് മാനേജർ കനകയെ മോഹന് പരിചയപ്പെടുത്തി. അവൾ മോഹന് ജീവിതത്തിലെ ആദ്യത്തെ മദ്യം വിളമ്പി. അവനോടൊപ്പം കിടക്ക പങ്കിട്ടു. കുറേശ്ശെ കുറേശ്ശേ ആയി മോഹൻ മദ്യത്തിനടിമയായിത്തുടങ്ങി. രാത്രിയിൽ വീട്ടിൽ വരാതിരിക്കുക, മദ്യപിച്ച് വരിക ഇതൊക്കെ ശീലമായി. ഒരു ദിവസം കനക കുടിച്ചു ബോധം കേട്ട മോഹനെ വീട്ടിൽ കൊണ്ടാക്കി. അത് കണ്ട വിദ്യയുടെ സർവ്വ നിയന്ത്രണങ്ങളും തെറ്റി . അവൾ നേരെ ചെന്ന് മുതലാളിയോട് ഏറ്റുമുട്ടി. നിങ്ങളെ വിവാഹം ചെയ്യാൻ ഇഷ്ട്ടമല്ല എന്ന് പറഞ്ഞതിന് പകരം വീട്ടുകയാണോ, എന്റെ ഭർത്താവിനെ നിങ്ങളെപ്പോലെ ആക്കി തീർത്തു. ഇപ്പോൾ എന്റെ ഭർത്താവ് കുടിയനും സ്ത്രീലമ്പടനുമാണ്. കനകയുടെ വീട്ടിലാണ് രാപ്പാർക്കുന്നത്. മുതലാളിക്ക് ഇതൊന്നും അറിയില്ല അയാൾ തന്റെ നിരപരാധിത്വം അവളോട് വിശദീകരിച്ചു. ഇപ്പോൾ വിദ്യക്ക് മനസ്സിലായി തെറ്റുകാരൻ സ്വന്തം ഭർത്താവ് ആണ് മുതലാളി മാനേജരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കനകയെ ഭീഷണിപ്പെടുത്തി, ഇനി മോഹനെ കണ്ടാൽ കൊന്നു കളയും എന്ന് താക്കീത് നൽകി വിദ്യയുടെ വീട്ടിൽ നിന്നും ഫോൺ വരുന്നു വിദ്യ അസുഖമായി കിടപ്പിലാണെന്നും മൂന്നു ദിവസമായി മോഹൻ വീട്ടിൽ വന്നിട്ടില്ല എന്നും. മധു അവിടെയ്ക്ക് പോയി വിദ്യയെ കണ്ട് സംസാരിച്ചിരിക്കുമ്പോൾ മദ്യപിച്ച മോഹൻ അവിടെ എത്തുന്നു അയാൾ വിദ്യയെയും മുതലാളിയെയും ഒരുമിച്ചു കണ്ട് അരുതാത്തതൊക്കെ വിളിച്ചു പറയുന്നു. നിരാശനായ മധു അവിടെ നിന്നും മടങ്ങി