നൈറ്റ് ഡ്യൂട്ടി
രണ്ടാനമ്മയുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ ഒരു യുവതി ഒളിച്ചോടുന്നു. സുന്ദരിയായ ഒരു യുവതിയെ തനിയെക്കണ്ടാൽ സമൂഹം വെറുതെ വിടുമോ? അവരുടെ കാമാർത്തമായ കണ്ണുകളിൽ നിന്നും അവൾ രക്ഷപ്പെടുമോ? അവൾക്കൊരു നല്ല ജീവിതം നയിക്കാൻ കഴിയുമോ?
Actors & Characters
Actors | Character |
---|---|
രാധാകൃഷ്ണൻ | |
വിമല | |
പത്മനാഭ പണിക്കർ | |
രാജമ്മ | |
വാര്യർ | |
കുട്ടൻ പിള്ള | |
കൃഷ്ണൻകുട്ടി | |
ദേവകിയമ്മ | |
സാവിത്രിയമ്മ | |
കമലമ്മ | |
അമ്മിണിക്കുട്ടി |
കഥ സംഗ്രഹം
അന്ധയായ സാവിത്രിയമ്മയോട് (കവിയൂർ പൊന്നമ്മ) പറഞ്ഞ് കോൺസ്റ്റബിൾ രാധാകൃഷ്ണൻ (പ്രേംനസീർ) നൈറ്റ് ഡ്യൂട്ടിക്ക് ഇറങ്ങുമ്പോൾ അയൽവക്കത്തെ ദേവകിയമ്മ (ടി.ആർ.ഓമന) കയറിവന്ന് നെടുവീർപ്പിടുന്നു. കാര്യമെന്തെന്ന് സാവിത്രിയമ്മ തിരക്കുമ്പോൾ, പൊലീസുകാരനായ തന്റെ ഭർത്താവ് കുട്ടൻപിള്ള (ശങ്കരാടി) സസ്പെന്ഷൻ കിട്ടി അഞ്ചു വർഷമായി വീട്ടിലിരിക്കുന്നതിന്റെ കാര്യമോർത്താണെന്നവർ പറയുന്നു. സാവിത്രിയമ്മയ്ക്ക് കൂട്ടായുള്ളത് കുട്ടിക്കുറുമ്പി അമ്മിണിക്കുട്ടിയാണ് (ശോഭ). വഴിക്കുവെച്ച് കുടിച്ച് ലക്കില്ലാതെ വരുന്ന കുട്ടൻപിള്ളയെക്കണ്ട് എവിടെപ്പോയി വരുന്നുവെന്ന് രാധകൃഷ്ണൻ ചോദിക്കുമ്പോൾ, പോലീസ് സ്റ്റേഷൻ വരെപ്പോയി സസ്പെന്ഷൻ പിൻവലിക്കുന്ന കാര്യം ഏതുവരെയായി എന്നന്വേഷിക്കാൻ പോയതാണെന്നദ്ദേഹം പറയുന്നു. കുട്ടൻ പിള്ളയുടെ മകൾ രാജമ്മ (ശ്രീലത) തുന്നൽപ്പണി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് അവരുടെ കുടുംബം കഴിഞ്ഞു പോവുന്നത്.
പത്മനാഭ പണിക്കരും (അടൂർഭാസി) രണ്ടാം ഭാര്യ കമലമ്മയും (മീന) തമ്മിൽ എപ്പോഴും വഴക്കാണ്. പത്മനാഭ പണിക്കരെ മാത്രമല്ല, ആദ്യ ഭാര്യയിലെ മക്കളായ കൃഷ്ണൻകുട്ടിയെയും (ബഹദൂർ), വിമലയെയും (ജയഭാരതി) കമലമ്മയ്ക്ക് കണ്ണിൽ കണ്ടുകൂടാ. വിമല ടൈപ്പ്റൈറ്റിങ്ങിന് പഠിച്ചുകൊണ്ടിരിക്കുന്നു. അവളെ എത്രയും പെട്ടെന്ന് മൂന്നുകെട്ടു കഴിഞ്ഞ വയസ്സനായ റേഷൻ കടക്കാരൻ ഭാസ്കരപ്പിള്ളയ്ക്ക് കല്യാണം കഴിച്ചു കൊടുക്കണം എന്ന് പറഞ്ഞ് പത്മനാഭ പണിക്കരെ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു കമലമ്മ. കൃഷ്ണൻകുട്ടി അതിനെ എതിർക്കുന്നെങ്കിലും, അവന്റെ വാക്കിന് അവിടെ ഒരു വിലയുമില്ല. കമലമ്മയ്ക്ക് ഭാസ്കരപ്പിള്ളയുമായി രഹസ്യ ബന്ധമുണ്ട്. അങ്ങേരുടെ ഔദാര്യത്തിലാണ് ആ കുടുംബം കഴിഞ്ഞു പോവുന്നത്.
ഭാസ്കരപിള്ള പതിവുപോലെ കമലമ്മയെ കാണാൻ വരുമ്പോൾ, വിമലയെ തന്റെ പക്കൽ പറഞ്ഞുവിടാനായി കമലമ്മയെ നിർബന്ധിക്കുന്നു. അതനുസരിച്ച് കമലമ്മ ഭാസ്കരപിള്ളയ്ക്ക് കാപ്പി കൊടുക്കാനായി വിമലയെ പറഞ്ഞുവിടുന്നു. ഭാസ്കരപിള്ള വിമലയെ ബലംപ്രയോഗിച്ച് കീഴടക്കാൻ ശ്രമിക്കുമ്പോൾ, കൃഷ്ണൻകുട്ടി വന്ന് അവളെ രക്ഷിക്കുകയും, ഭാസ്കരപിള്ളയെ അടിച്ചു പുറത്താക്കുകയും ചെയ്യുന്നു. നിലവിളികേട്ട് ഓടിവരുന്ന പത്മനാഭ പണിക്കർ കാര്യമെന്തെന്ന് തിരക്കുമ്പോൾ, ഇളയമ്മ വിമലയെ ഭാസ്കരപിള്ളയ്ക്ക് വിൽക്കാൻ ശ്രമിച്ച കാര്യം കൃഷ്ണൻകുട്ടി പറയുന്നു. പത്മനാഭ പണിക്കർ ഒന്നും ചെയ്യാൻ കഴിയാതെ വിഷമിക്കുന്നു.
അടികൊണ്ടിട്ടും ഭാസ്കരപ്പിള്ളയ്ക്ക് വിമലയോടുള്ള മോഹം അടങ്ങുന്നില്ല. ആ ആഗ്രഹം അദ്ദേഹം കമലമ്മയോട് പറയുമ്പോൾ, സന്ധ്യ മയങ്ങിയ ശേഷം വിമല ആൽത്തറയിൽ വിളക്ക് കത്തിക്കാൻ പോവുമെന്നും, ആ നേരത്ത് അവിടെ ഒളിച്ചിരുന്ന് കാര്യം സാധിച്ചുകൊള്ളണമെന്നും കമലമ്മ പറയുന്നു. പറഞ്ഞത് പോലെ വിമല വിളക്ക് കൊടുത്താൻ വരുമ്പോൾ ഒളിച്ചിരിക്കുന്ന ഭാസ്കരപിള്ള അവളെക്കയറിപ്പിടിക്കുകയും, വായ പൊത്തിപ്പിടിക്കുകയും ചെയ്യുന്നു. ആ നേരത്ത് ആരോ ഒരാൾ ഭാസ്കരപിള്ളയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുന്നു. പിള്ളയുടെ നിലവിളി കേട്ട് ഓടിയെത്തുന്ന കമലമ്മ കാണുന്നത് ചോര ഒലിക്കുന്ന കത്തിയുമായി നിൽക്കുന്ന കൃഷ്ണൻകുട്ടിയെയാണ്. കൃഷ്ണൻകുട്ടി അവിടുന്ന് ഓടിപ്പോവുകയും ചെയ്യുന്നു. അന്വേഷണത്തിനായി പോലീസ് എത്തി പിള്ളയെ കൊല ചെയ്യുന്നത് നിങ്ങൾ കണ്ടുവോ എന്ന് കമലമ്മയോട് ചോദിക്കുമ്പോൾ, താൻ കണ്ടില്ലെന്നും, നിലവിളി കേട്ട് ഓടിച്ചെന്ന് നോക്കുമ്പോൾ കത്തിയുമായി നിൽക്കുന്ന കൃഷ്ണൻകുട്ടിയെയാണ് കണ്ടതെന്നവർ പറയുന്നു. ആ സമയത്ത് പിള്ള അവിടെ എന്തിന് വന്നുവെന്ന് വീണ്ടും പൊലീസ് ചോദിക്കുമ്പോൾ, ഒന്ന് പരുങ്ങിയ ശേഷം തനിക്കറിയില്ലെന്ന് കമലമ്മ പറയുന്നു. കൃഷ്ണൻകുട്ടി വേഷംമാറി സുവിശേഷ പ്രസംഗം നടത്തുന്ന ഒരു ക്രിസ്ത്യാനിടെ കൂടെ കൂടുന്നു. പ്രസംഗത്തിനിടെ പൊലീസുകാരൻ അവിടെ വരുമ്പോൾ കൃഷ്ണൻകുട്ടി പതുക്കെ അവിടുന്നും ഓടി രക്ഷപ്പെടുന്നു.
പൊന്നുവേലൻ (മുതുകുളം രാഘവൻ പിള്ള) വിമലയ്ക്ക് തളർവാതം പിടിച്ച് കിടക്കുന്ന ഒരാളുടെ വിവാഹാലോചനയുമായി വരുമ്പോൾ, അയ്യായിരം രൂപാ തന്നാൽ ആലോചിക്കാമെന്ന് കമലമ്മ പറയുന്നു. അയ്യായിരം കൂടുതലാണെന്നും, മുവ്വായിരത്തിൽ കാര്യം ഉറപ്പിക്കണമെന്നും പൊന്നുവേലൻ പറയുമ്പോൾ, കമലമ്മ സമ്മതിക്കുന്നു. അടുത്താഴ്ച പണവുമായി വരാമെന്ന് പറഞ്ഞ് പൊന്നുവേലൻ പോവുമ്പോൾ പത്മനാഭ പണിക്കർ കയറി വരുന്നു. കമലമ്മയോട് എന്താ കാര്യമെന്ന് തിരക്കുമ്പോൾ, മുവ്വായിരം തന്ന് കല്യാണം കഴിക്കാൻ ഒരാൾ വന്നിട്ടുണ്ടെന്ന് കമലമ്മ പറയുന്നു. കൊലക്കേസിൽ മകൻ ഒളിവിലായത് കൊണ്ടും, കുടുംബത്തിന്റെ ദയനീയ സ്ഥിതി ഓർത്തും പണിക്കർക്ക് എതിർത്തൊന്നും പറയാൻ കഴിയാതെ പോവുന്നത് കൊണ്ട്, നിന്റെ ഇഷ്ടം പോലെ നടക്കട്ടെയെന്ന് കമലമ്മയോട് പറയുന്നു. ഇതിലും ഭേദം തന്നെ കൊല്ലുന്നതായിരിക്കുമെന്ന് വിമല പണിക്കരോട് പറയുമ്പോൾ, കമലമ്മ ഇത് നടത്തിയേ തീരുവെന്ന് പറഞ്ഞ് അവളെ പിടിച്ചുവലിച്ചുകൊണ്ട് അകത്തേക്ക് പോവുന്നു. പണിക്കർ നിസ്സഹായനായി നോക്കി നിൽക്കുന്നു.
കൃഷ്ണൻകുട്ടി ദൂരെയെവിടെയോ വാർക്കപ്പണി ചെയ്തും, സൈക്കിൾറിക്ഷ ഓടിച്ചും, മറ്റു പല ജോലികൾ ചെയ്തും ജീവിക്കുന്നു. പറഞ്ഞത് പോലെ പൊന്നുവേലൻ പണവുമായി എത്തുന്നു. കല്യാണം വളരെ ലളിതമായി നടത്തിയാൽ മതിയെന്നും, ആരുമറിയാതെ രഹസ്യമായി അമ്പലത്തിൽ വെച്ച് താലി കെട്ടിയാൽ മതിയെന്നും അദ്ദേഹം പറയുമ്പോൾ കമലമ്മ എതിർപ്പൊന്നും പറയുന്നില്ല. നല്ലൊരു നാൾ നോക്കി വിവരമറിയിക്കാമെന്ന് പറഞ്ഞ് പൊന്നുവേലൻ പോവുന്നു. കൃഷ്ണൻകുട്ടി ഒളിവിലായത് കൊണ്ടും, അച്ഛൻ നിസ്സഹായനായത് കൊണ്ടും, കമലമ്മയെ എതിർത്ത് നിൽക്കാൻ കഴിയാത്തത് കൊണ്ടും താൻ വീട് വിട്ടു പോവുകയാണെന്നും, തന്നെ ആരും അന്വേഷിക്കേണ്ടന്നും പറഞ്ഞ് കത്തെഴുതി വെച്ച് ഒളിച്ചോടുന്നു.
ഓടിപ്പോവുന്ന വിമലയെ ഒരു അമ്പലത്തിലെ ശാന്തിക്കാരൻ തിരുമേനി വയോധിക ദമ്പതിമാരായ വാര്യർ (ടി.എസ്.മുത്തയ്യ), നങ്ങേലിമാരുടെ സംരക്ഷണത്തിലാക്കുന്നു. തിരുവാതിരക്കളി പഠിപ്പിച്ചു കൊടുക്കൽ എന്ന മറവിൽ അവിടെ നടക്കുന്നത് ശാന്തിക്കാരൻ തിരുമേനിയുടെ രഹസ്യ സംബന്ധമാണ്. പണിക്കരും, കമലമ്മയും വിമലയെ തിരക്കിക്കണ്ടുപിടിക്കാനായി ഒരു ശ്രമം നടത്തുന്നു. ശാന്തിക്കാരൻ തിരുമേനി വിമലയെ ബലംപ്രയോഗിച്ച് കീഴടക്കാൻ ശ്രമിക്കുമ്പോൾ വിമല അവിടുന്ന് ഓടി രക്ഷപ്പെടുന്നു.
എവിടേക്കാണ് പോവേണ്ടതെന്നറിയാതെ അലയുന്നതിനിടയിൽ, ചുമട്ടു തൊഴിൽ ചെയ്യുന്ന സഹോദരൻ കൃഷ്ണൻകുട്ടിയുടെ അടുത്തുകൂടെ വിമല പോവുന്നുണ്ടെങ്കിലും രണ്ടുപേരും നേർക്കുനേർ കണ്ടുമുട്ടുന്നില്ല. വിജയനമായ വഴിയിലൂടെ രാത്രിയിൽ ഒറ്റയ്ക്ക് പോവുന്ന വിമലയുടെ പുറകെ ചില ചട്ടമ്പികൾ കൂടുമ്പോൾ വിമല ഓടുന്നു, ചട്ടമ്പികൾ അവളുടെ പുറകെയും. ഒരു കവലയിലെത്തുമ്പോൾ മുന്നിൽ റോന്ത് ചുറ്റുന്ന പൊലീസുകാരെ കണ്ടതും ചട്ടമ്പികൾ ഒരു ഭാഗത്തും, വിമല മറ്റൊരു ഭാഗത്തും ഓടുന്നു. വിമലയുടെ പുറകെ പോലീസുകാരും ഓടുന്നു. റോന്ത് ചുറ്റുന്ന രാധാകൃഷ്ണന്റെ മുന്നിലാണ് വിമല ചെന്നുപെടുന്നത്. നീ ആരാണെന്നും, എന്തിനാണ് ഓടുന്നതെന്നുമുള്ള രാധാകൃഷ്ണന്റെ ചോദ്യങ്ങൾക്ക്, എല്ലാം താൻ സാവകാശം പറയാമെന്നും, തൽക്കാലം തന്നെ തുരത്തിക്കൊണ്ടു വരുന്ന പോലീസുകാരിൽ നിന്നും തന്നെ രക്ഷിക്കണമെന്നും വിമല പറയുന്നു. അതനുസരിച്ച് രാധാകൃഷ്ണൻ വിമലയെ മറച്ചുവെച്ച് പൊലീസുകാർ ചോദിക്കുമ്പോൾ തനിക്കറിയില്ലെന്നും, മുന്നിലുള്ള റോഡിലേക്ക് ചൂണ്ടിക്കാണിച്ച് ഇതുവഴി പോയിട്ടുണ്ടാവുമെന്നും പറയുമ്പോൾ അവർ ആ വഴിക്ക് ഓടുന്നു.
വിമല രാധാകൃഷ്ണനോട് നടന്ന കാര്യങ്ങളെല്ലാം പറയുമ്പോൾ, നീ പറഞ്ഞത് സത്യമാണെന്ന് വിശ്വസിച്ചുകൊണ്ട് നിന്നെ വെറുതെ വിട്ടിരിക്കുന്നു, നീ പൊയ്ക്കോളൂ എന്ന് രാധാകൃഷ്ണൻ പറയുമ്പോൾ, ഈ രാത്രിയിൽ താൻ എവിടെ പോവാനാണ്, അങ്ങിനെ പോയാലും ഇനിയും ആരെങ്കിലും തന്റെ പുറകെ കൂടിയാൽ താൻ എന്ത് ചെയ്യുമെന്ന് ചോദിക്കുമ്പോൾ, പോലീസ് സ്റ്റേഷനിൽ കൊണ്ടാക്കാമെന്ന് രാധാകൃഷ്ണൻ പറയുന്നു. അതുവേണ്ടെന്നും, തനിക്ക് പേടിയാണെന്നും വിമല പറയുമ്പോൾ, മറ്റു മാർഗ്ഗമില്ലാതെ അന്നത്തെ രാത്രി തന്റെ വീട്ടിൽ താമസിപ്പിക്കാമെന്നും, നേരം പുലർന്നതും വീട്ടിൽ നിന്നും പൊയ്ക്കോണമെന്നും രാധാകൃഷ്ണൻ പറയുന്നു. രാധാകൃഷ്ണൻ വിമലയെ വീട്ടിൽ കൊണ്ടാക്കി, അമ്മിണിയോട് ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോവരുതെന്നു പറയുന്നു. തുടർന്ന്, നേരം പുലർന്നാൽ എവിടേക്കെങ്കിലും പൊയ്ക്കൊള്ളുവെന്നും, താൻ ഡ്യൂട്ടിയിൽ നിന്നും മടങ്ങുന്നത് വരെ കാത്തുനിൽക്കേണ്ടെന്നും പറഞ്ഞ് ഡ്യൂട്ടിക്ക് പോവുന്നു.
രാധാകൃഷ്ണൻ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ തിരിച്ചു വരുമ്പോഴേക്കും വിമലയെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്ന വിവരം അമ്മ അറിയുകയും, വിമലയിൽ നിന്നും അവൾ വീട്ടിൽ നിന്നും ഒളിച്ചോടിയതിന്റെ കാര്യം അറിയുകയും ചെയ്തതിനാൽ വിമല ഇവിടെത്തന്നെ താമസിക്കട്ടെയെന്ന് അമ്മ പറയുന്നു. അപ്പോൾ, വിമല പറയുന്നത് കള്ളമാണെങ്കിലോ എന്ന് രാധാകൃഷ്ണൻ ചോദിക്കുമ്പോൾ, ഇപ്പോ തന്നെ ഈശ്വരന്റെ മുന്നിൽ വെച്ച് പരീക്ഷിച്ചേക്കാമെന്ന് അമ്മ പറയുന്നു. രാധാകൃഷ്ണന്റെ കൗശലം കൊണ്ട് അമ്മയുടെ പരീക്ഷണം വിജയിക്കുന്നത് കൊണ്ട് വിമല രാധാകൃഷ്ണന്റെ വീട്ടിൽ തന്നെ താമസിക്കുന്നു. അയൽക്കാരോടൊക്കെ സാവിത്രിയമ്മ വിമലയെ പരിചയപ്പെടുത്തുന്നത് തന്റെ സഹോദരന്റെ മകനാണെന്നാണ്. വിമലയെ രാധാകൃഷ്ണന് വിവാഹം ചെയ്തുകൊടുക്കണമെന്ന ആഗ്രഹവും അവരുടെ മനസ്സിൽ ഉടലെടുക്കുന്നു.
കൃഷ്ണൻകുട്ടി റോഡരികിൽ ഗാംബ്ലിങ് നടത്തുമ്പോൾ, അതിൽ പണം വെച്ച് കളിക്കുന്ന കുട്ടൻ പിള്ള, എല്ലാം നഷ്ടപ്പെടുമ്പോൾ പണം തിരിച്ചു തരാൻ പറഞ്ഞ് കൃഷ്ണൻകുട്ടിയുടെ വഴക്കിടുമ്പോൾ അവിടേക്ക് രാധാകൃഷ്ണൻ വരുന്നു. രണ്ടിനെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുമെന്ന് രാധാകൃഷ്ണൻ പറയുമ്പോൾ, രണ്ടുപേരും അതുവേണ്ടെന്ന് പറഞ്ഞ് കെഞ്ചുന്നു. രാധാകൃഷ്ണൻ കൃഷ്ണൻകുട്ടിയോട് കുട്ടൻ പിള്ളയുടെ പണം തിരികെ നൽകാൻ പറയുകയും, ഇനി മുതൽ വേറെ വല്ല നല്ല പണിയും ചെയ്ത് ജീവിക്കാൻ പറയുകയും ചെയ്യുന്നു. കൃഷ്ണൻകുട്ടി പിന്നീട് റോഡരികിൽ റെഡിമേഡ് വസ്ത്രങ്ങൾ വിറ്റു ജീവിക്കുന്നു. അമ്മ പറഞ്ഞതനുസരിച്ച് രാധാകൃഷ്ണൻ വിമലക്കുള്ള സാരിയും, കൃഷ്ണൻകുട്ടിയിൽ നിന്നും ബ്ലൗസും മറ്റും വാങ്ങിച്ചു പോവുന്നു. കുട്ടൻപിള്ള കൃഷ്ണൻകുട്ടിയെ കാണുകയും, പുതിയ ബിസിനസ്സിന്റെ കാര്യം അറിയുകയും, തന്റെ മകളിൽ നിന്നും വസ്ത്രങ്ങൾ തുന്നി വാങ്ങി വിൽക്കാനുള്ള കരാറിലെത്തുകയും ചെയ്യുന്നു.
രാധാകൃഷ്ണനും, വിമലയും പ്രേമിച്ച് തുടങ്ങുന്നു. ഒരു ദിവസം അവർ തമ്മിൽ ആശ്ലേഷഭരിതരായി നിൽക്കുന്നത് അമ്മിണി കാണുന്നു. അമ്മിണിയോട് ഞങ്ങൾ തമ്മിൽ ആശ്ലേഷഭരിതരായി നിന്ന വിവരം അമ്മയോട് പറയരുതെന്ന് രാധാകൃഷ്ണൻ പറയുന്നത് സാവിത്രിയമ്മ കേൾക്കുന്നു. പിന്നീടൊരു ദിവസം രാത്രി രാധാകൃഷ്ണനും വിമലയും വീടിന് പുറത്തുപോയി ഉല്ലസിച്ചിരിക്കുന്നത് അമ്മിണിയുടെ സാവിത്രിയമ്മ അറിയുന്നു. സാവിത്രിയമ്മ കുട്ടൻപിള്ളയോട് ഇതിനെക്കുറിച്ച് സംസാരിച്ച് രാധാകൃഷ്ണനും വിമലയും തമ്മിലുള്ള വിവാഹ തിയ്യതിയും നിശ്ചയിക്കുന്നു. കൃഷ്ണൻകുട്ടിയും രാജമ്മയും തമ്മിൽ അടുക്കുന്നു. രാജമ്മ വിവാഹത്തിനെക്കുറിച്ച് പറയുമ്പോൾ, തനിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും, അതൊന്ന് ശരിയാകുന്നതുവരെ കാത്തിരിക്കണമെന്നും, താൻ രാജമ്മയെ ചതിക്കില്ലെന്നും കൃഷ്ണൻകുട്ടി പറയുന്നു.
കൃഷ്ണൻകുട്ടി രാജമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വിമലയെക്കാണുന്നു. വിമലയും കൃഷ്ണൻകുട്ടിയെ കാണുന്നുണ്ടെങ്കിലും, ഒന്നും മിണ്ടരുതെന്ന് കൃഷ്ണൻകുട്ടി ആംഗ്യം കാണിക്കുന്നു. പിന്നീട് രാജമ്മയോട് തിരക്കുമ്പോൾ, വിമല എവിടുന്നോ വന്നുകേറിയ പെണ്ണാണെന്നും, അവളെ കോൺസ്റ്റബിൾ രാധാകൃഷ്ണൻ വിവാഹം കഴിക്കാനിരിക്കുകയാണെന്നും മനസ്സിലാക്കുന്നു. അവിടെ ചെന്നാൽ വല്ല ബിസിനസ്സും തരപ്പെടും എന്ന വ്യാജേന കൃഷ്ണൻകുട്ടി വിമലയെ കാണാൻ പോകുന്നു. കൃഷ്ണൻകുട്ടിയുടെ ഒച്ചകേട്ട് വിമലയും, അമ്മിണിയും, സാവിത്രിയമ്മയും പുറത്തേക്ക് വരുന്നു. പിന്നീട് രാധാകൃഷ്ണനും അപ്പോഴേക്കും അവിടെ എത്തിച്ചേരുന്നു. തന്റെ റെഡിമേഡ് വസ്ത്രങ്ങളൊന്നും വേണ്ടെന്നും, വിവാഹ വസ്ത്രങ്ങൾ എടുക്കാൻ പോവുകയാണെന്നും രാധാകൃഷ്ണൻ പറയുമ്പോൾ, വിമലയ്ക്ക് മാത്രം രണ്ട് ബ്ലൗസ് വാങ്ങു എന്ന് സാവിത്രിയമ്മ പറയുന്നു.
വിമലയും കൃഷ്ണൻകുട്ടിയും ആരുമറിയാതെ കണ്ടുമുട്ടുന്നു. അനിയത്തിയെ കണ്ടുമുട്ടിയതിലും, അവൾക്ക് വിവാഹം നടക്കാൻ പോവുന്നതിലും കൃഷ്ണൻകുട്ടി സന്തോഷിക്കുന്നു. തന്റെ വിവാഹത്തിൽ ചേട്ടൻ പങ്കെടുക്കണമെന്ന് വിമല പറയുമ്പോൾ, ഒരു കുറ്റവാളിയായ താൻ പൊലീസുകാരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും, താൻ ഈ സ്ഥലം വിടാൻ പോവുകയാണെന്നും കൃഷ്ണൻകുട്ടി പറയുന്നു. പോവുന്നതിന് മുൻപ് വിമലയുടെ കൈയ്യിൽ കുറച്ച് പണം വിവാഹ സമ്മാനമായി നൽകി കൃഷ്ണൻകുട്ടി വിടപറയുന്നു. ഇതെല്ലാം അമ്മിണി ഒളിഞ്ഞിരുന്നു കാണുന്നു.
ഈ നേരത്ത്, തങ്ങളെ പറ്റിച്ച പക്ഷി ജ്യോൽസ്യക്കാരിയെ അന്വേഷിച്ചു നടക്കുന്നതിനിടയിൽ പത്മനാഭ പണിക്കരും, കമലമ്മയും കുട്ടൻപിള്ളയെ കണ്ടുമുട്ടുന്നു. കുട്ടൻപിള്ളയുമായി സംസാരിക്കുന്നതിനിടയിൽ, വിമലയെ അന്വേഷിച്ചിറങ്ങിയ വിവരം പറയുമ്പോൾ, ലക്ഷണങ്ങളും മറ്റും അന്വേഷിക്കുന്ന കുട്ടൻപിള്ള, നിങ്ങൾ അന്വേഷിക്കുന്ന പോലുള്ള ഒരു പെണ്ണിവിടെ അടുത്തുണ്ടെന്നും, അവൾ തന്നെയാണോ എന്നോ നോക്കിക്കൊള്ളു എന്ന് പറഞ്ഞ് കൂടെക്കൊണ്ടു പോവുന്നു.
രാധാകൃഷ്ണൻ മൂലം പൊറുതി മുട്ടിയ ചില റൗഡികൾ രാധാകൃഷ്ണനോട് പകരം വീട്ടാൻ നിശ്ചയിക്കുന്നു. നൈറ്റ് ഡ്യൂട്ടിക്കിറങ്ങുമ്പോൾ രാധാകൃഷ്ണനെ ആക്രമിക്കാനവർ തീരുമാനിക്കുന്നു.