വിളയിൽ വത്സല
ഉള്ളാട്ടുതൊടി കേളന്റെയും ചെറുപെണ്ണിന്റെയും മകളായി മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ആണ് വത്സല ജനിച്ചത്. മാപ്പിളപാട്ടുകൾ പാടിക്കൊണ്ടാണ് വത്സല കലാരംഗത്ത് പ്രശസ്തയായത്. 1970 -ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിളയിൽ വത്സല മാപ്പിളപ്പാട്ടിന്റെ ലോകത്തേക്കെത്തുന്നത്. അന്തരിച്ച പ്രശസ്ത മാപ്പിളപാട്ട് കലാകാരൻ വി എം കുട്ടിയായിരുന്നു വത്സലയെ സംഗീതരംഗത്തേക്കുള്ള വഴിനടത്തിയത്.
കിരികിരി ചെരിപ്പുമ്മൽ, അണഞ്ഞുള്ള പുതുനാരി, ആമിന ബീവിക്കോമന മോനേ, ഹജ്ജിന്‍റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു, ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരിൽ മുങ്ങി, മണിമഞ്ചലിൽ, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുൽ ഖുറാവിൽ, യത്തീമെന്നെ, മക്കത്ത് പോണോരെ... തുടങ്ങിയവയാണ് വിളയിൽ വത്സ്ലയുടെ പ്രസിദ്ധമായ പാട്ടുകൾ..ഫോക് ലോര്‍ അക്കാദമി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, മാപ്പിള കലാരത്‌നം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വത്സ്ല പിന്നീട് ഇസ്‍ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു.
മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തിൽ പി.ടി അബ്ദുറഹ്മാന്റെ രചനയായ 'അഹദവനായ പെരിയോനേ.... എന്ന ഗാനം എം.എസ് വിശ്വനാഥന്റെ സംഗീതത്തിൽ പാടിക്കൊണ്ടാണ് വിളയിൽ ഫസീല ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. തുടർന്ന് പതിനാലാം രാവ്, 1921 എന്നിവയുൾപ്പെടെ നാല് സിനിമകളിൽ അവർ ഗാനങ്ങൾ ആലപിച്ചു. പതിനാലാം രാവ്, ഉൽപ്പത്തി എന്നീ സിനിമകളിൽ ഫസീല അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
വലിയ പറമ്പിൽ ടികെ മുഹമ്മദലിയാണ് വിളയിൽ ഫസീലയുടെ ഭർത്താവ്. 2023 ഓഗസ്റ്റ് 11 -ന് വിളയിൽ ഫസീല അന്തരിച്ചു.