കൊടുങ്ങല്ലൂർ അമ്മിണി
1925 -ൽ കൊടുങ്ങല്ലൂരിൽ ചേന്ദമംഗലം മുണ്ടിയത്ത് ശങ്കരമേനോന്റെയും മീനാക്ഷി അമ്മയുടെയും മകളായി ജനിച്ചു. ബാല്യകാലം മുതൽക്കുതന്നെ അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന അമ്മിണി, പതിനേഴാം വയസ്സിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ചാണ് ജീവിത പ്രാരബ്ധങ്ങൾ മൂലം നാടകാഭിനയത്തിലേക്ക് കടന്നുവന്നത്. 1943 -ൽ തൃപ്പൂണിത്തുറ രാഘവമേനോന്റെ 'പൂക്കാരി' എന്ന നാടകത്തിലെ ലീലയുടെ വേഷം അഭിനയിച്ചുകൊണ്ടാണ് അഭിനയ ലോകത്ത് എത്തുന്നത്. തുടർന്ന് തിക്കുറിശ്ശിയുടെ നാടകത്തിൽ വേഷമിട്ട അമ്മിണി ഒട്ടേറെ നാടകങ്ങളിലെ അഭിനയശേഷം ഇരുപത്തിമൂന്നാം വയസ്സിൽ കലാനിലയത്തിലെത്തി.
ഒരു പതിറ്റാണ്ടുകാലം രക്തരക്ഷസ്സിലെ പോലീസ് കമ്മീഷണറുടെ മകളായ കൃഷ്ണകുമാരിയുടെ വേഷം അനശ്വരമാക്കിയ അമ്മിണി കായംകുളം കൊച്ചുണ്ണി, ഉമ്മിണിത്തങ്ക, രക്തരക്ഷസ്സ്, ഗുരുവായൂരപ്പൻ, കടമറ്റത്ത് കത്തനാർ, ശ്രീഅയ്യപ്പൻ, ഇളയേടത്തുറാണി, നാരദൻ തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാടകങ്ങളിൽ അഭിനയിച്ചിരുന്ന സമയത്തുതന്നെയാണ് അവർ സിനിമാഭിനയരംഗത്തും അരങ്ങേറിയത്. 1950 -ൽ പ്രസന്ന എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാഭിനയത്തിന്റെ തുടക്കം. തുടർന്ന് വനമാല, നീലക്കുയിൽ. പിറവി എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അമ്മിണിയമ്മ അഭിനയിച്ചു.
കേരള സംഗീത നാടക അക്കാദമി അവാർഡ്, തിരുവിതാംകൂർ ദേവസ്വത്തിന്റെ കലാരത്ന അവാർഡ്, തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക പുരസ്കാരം എന്നിങ്ങനെയുള്ള നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അമ്മിണിയമ്മ 2012 ഫെബ്രുവരി 26 -ന് തന്റെ എൺപത്തിയേഴാം വയസ്സിൽ അന്തരിച്ചു.