പരീക്ഷ
ആദർശനിഷ്ഠയുള്ള ഒരു ഹെഡ്മാസ്റ്റർ. അനുസരണയുള്ള യുവതിയായ അദ്ദേഹത്തിന്റെ മകൾ. മകളുടെ ഭാവി വരനായി അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഹെഡ്മാസ്റ്ററുടെ പൂർവ്വവിദ്യാർത്ഥിയായ യുവാവ്. യുവാവിന്റെ വരവോടെ ഹെഡ്മാസ്റ്ററിന് തന്റെ ആദർശത്തിൽ നിന്നും വ്യതിചലിക്കേണ്ടി വരുമോ? അതോ ആദർശത്തിന് വേണ്ടി പലതും ത്യജിക്കേണ്ടി വരുമോ?
Actors & Characters
Actors | Character |
---|---|
ജനാർദ്ദനൻ പിള്ള | |
വിജയൻ | |
അയ്യപ്പന് പിള്ള | |
നീലകണ്ഠപിള്ള | |
യമുന | |
ലക്ഷ്മി അമ്മ | |
അപ്പു | |
ഭാഗീരഥി അമ്മ | |
ഹരിഹര സുബ്രഹ്മണ്യൻ | |
പങ്കജം | |
പാർവതി | |
മാധവിയമ്മ | |
Main Crew
കഥ സംഗ്രഹം
പത്താം ക്ലാസ്സ് പരീക്ഷാ ഫലം വന്നതും മകൻ അപ്പുവിന്റെ (ലത്തീഫ്) ഫലം അറിയാൻ ആകാംക്ഷയോടെ നീലകണ്ഠപിള്ള (പി.ജെ.ആൻ്റണി) ദിനപ്പത്രം വാങ്ങിച്ചു നോക്കി. ഫലം എന്തെന്നറിയാനുള്ള ആകാംക്ഷയിൽ അപ്പുവും, നീലകണ്ഠപ്പിള്ളയുടെ അമ്മയും അടുത്തെത്തി. പത്താം ക്ലാസ്സ് പാസായി ഏതെങ്കിലും ജോലി ചെയ്ത് ദുരിതപ്പാടിൽ കഴിയുന്ന വീടിനെ മകൻ കരകയറ്റും എന്ന് വിശ്വസിച്ചിരുന്ന നീലകണ്ഠപിള്ള, അപ്പു ഇത്തവണയും തോറ്റതിൽ ദേഷ്യപ്പെട്ട് ശകാരിക്കുന്നു. അതിൽ മനംനൊന്ത് അപ്പു രാത്രിയിൽ ആരുമറിയാതെ തീവണ്ടി കയറി നാടുവിടാനായി ഇറങ്ങുന്നു. ഭാഗ്യത്തിന് കൽക്കത്തയിൽ നിന്നും ജോലി മാറ്റം ലഭിച്ച് നാട്ടിലേക്ക് മടങ്ങുന്ന അനന്തിരവൻ വിജയൻ അപ്പുവിനെ റയിൽവേ സ്റ്റേഷനിൽ കാണാനിടയാകുകയും, അവനെ സമാധാനപ്പെടുത്തി വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നു. വിജയൻ അമ്മാവൻ നീലകണ്ഠപിള്ളയോട്, തനിക്ക് എറണാകുളത്തിലേക്ക് ജോലിമാറ്റം ലഭിച്ച വിവരം പറഞ്ഞ്, അപ്പുവിനെ തന്റെ കൂടെ കൊണ്ടുപോയി അവിടുത്തെ നല്ല ട്യൂട്ടോറിയൽ കോളേജിൽ ചേർത്ത് പഠിപ്പിക്കാം എന്നും പറയുന്നു. നീലകണ്ഠപ്പിള്ളയും അതിന് സമ്മതിക്കുന്നു.
വിജയൻ അമ്മ ലക്ഷ്മിയമ്മയെക്കണ്ട് (ആറന്മുള പൊന്നമ്മ) തനിക്ക് എറണാകുളത്തിലേക്ക് ജോലിമാറ്റമായ വിവരം അറിയിക്കുന്നു. ലക്ഷ്മിയമ്മ മകന്റെ വിവാഹം എത്രയും പെട്ടെന്ന് തന്നെ നടത്തണം എന്ന് തീരുമാനിക്കുന്നു. അതിനാൽ, മകനോട് ഏതെങ്കിലും പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ടെങ്കിൽ അത് ഒരു മാസത്തിനുള്ളിൽ തന്നെ അറിയിക്കണമെന്നും, അല്ലാത്ത പക്ഷം താൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നും താക്കീത് ചെയ്യുന്നു. വിജയൻ നല്ലൊരു കവി കൂടിയാണ്. താൻ കവിയാണെന്ന കാര്യം അമ്മയ്ക്ക് മാത്രമേ അറിയുള്ളു എന്നാണ് വിജയൻ ധരിച്ചിരുന്നത്. എന്നാൽ വിജയൻ എഴുതിയ കവിതകളുടെ കട്ടിങ്ങുകൾ ഒക്കെ അമ്മയ്ക്ക് അയച്ചുകൊടുക്കുമ്പോൾ അതൊക്കെ ലക്ഷ്മിയമ്മയ്ക്ക് വായിച്ചു കേൾപ്പിച്ചിരുന്നത് അപ്പുവായത് കൊണ്ട് അപ്പുവിനും അതറിയാം എന്ന് അപ്പു പറയുമ്പോഴാണ് വിജയൻ അറിയുന്നത്. "വിഹാരി" എന്ന അപരനാമത്തിൽ എഴുതുന്ന കവി താനാണെന്ന കാര്യം ആരോടും പറയരുതെന്നും, വളരെ രഹസ്യമായിരിക്കണം എന്നും വിജയൻ അപ്പുവിനോട് പറയുന്നു.
എറണാകുളത്തിലെത്തിയ വിജയൻ ഒരു ഹോട്ടലിൽ മുറിയെടുത്തു താമസിക്കുന്നു. അപ്പുവിനെ അടുത്തുള്ള അറിയപ്പെടുന്ന ഒരു ട്യൂട്ടോറിയൽ കോളേജിൽ ചേർക്കുകയും ചെയ്യുന്നു. തന്റെ പുതിയ കവിതാ സമാഹാരമായ "ദാഹിക്കുന്ന ഹൃദയം" എന്ന പുസ്തകം അച്ചടിച്ചു വന്നുവോ എന്നന്വേഷിക്കാനായി ഒരു പുസ്തകക്കടയിൽ ചെല്ലുമ്പോൾ അവിടെ വെച്ച് സ്ഥലത്തെ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ ജനാർദ്ദനൻ പിള്ളയുടെ (തിക്കുറിശ്ശി സുകുമാരൻ നായർ) മകൾ യമുനയെ (ശാരദ) പരിചയപ്പെടുന്നു. കടയുടമയായ ഹരിഹരസുബ്രഹ്മണ്യയ്യർ (പഞ്ചാബി) ചില്ലറ മാറ്റാനായി പുറത്തു പോവുമ്പോൾ വിജയനെ കടയുടെ മേൽനോട്ടചുമതല ഏൽപ്പിച്ചു പോവുമ്പോഴാണ് രണ്ടുപേരും കണ്ടുമുട്ടുന്നത്. യമുന വിജയനെ കടയുടമയെന്ന് തെറ്റിദ്ധരിക്കുന്നു. "വിഹാരി"യുടെ കടുത്ത ആരാധികയായ യമുന "ദാഹിക്കുന്ന ഹൃദയം" പബ്ലിഷ് ആയോ എന്നന്വേഷിക്കാൻ വന്നതാണ്. പബ്ലിഷ് ആയിട്ടില്ലെന്നും, സ്റ്റോക്ക് വന്നയുടൻ അറിയിക്കാം എന്നും പറഞ്ഞ് യമുനയുടെ വിലാസം എഴുതി വാങ്ങിക്കുമ്പോൾ, അവർ തമ്മിൽ നേരത്തെ പരിചയമുണ്ടെന്നും, ജനാർദ്ദനൻ പിള്ള തന്നെ പഠിപ്പിച്ച സാറാണെന്നും മനസ്സിലാക്കുന്ന വിജയൻ ആ കാര്യം യമുനയെ അറിയിക്കുന്നു. എന്നാൽ താനാണ് വിഹാരിയെന്ന സത്യം യമുനയിൽ നിന്നും വിജയൻ ഒളിക്കുന്നു.
അച്ചടിച്ച് വന്ന പുതിയ കവിതാ സമാഹാര പുസ്തകം യമുനയെ ഏൽപ്പിക്കാനായി വിജയൻ അവളുടെ വീട്ടിലേക്ക് ചെല്ലുന്നു. അതിന് കാശൊന്നും വേണ്ടെന്നും, വിഹാരി സമ്മാനമായി അയച്ചു തന്നതാണെന്നും യമുനയോട് പറയുന്നു. അവിടെ ജനാർദ്ദനൻ പിള്ളയെ പരിചയപ്പെട്ട് സംസാരിക്കുമ്പോഴാണറിയുന്നത് അദ്ദേഹം വിജയൻറെ അമ്മാവന്റെ വീട്ടിൽ കുറേക്കാലം താമസിച്ചിരുന്നു എന്ന വിവരം. തന്റെ അടുത്ത സുഹൃത്തിന്റെ അനന്തിരവനാണെന്നറിയുന്ന ജനാർദ്ദനൻ പിള്ള, വിജയനെ ഹോട്ടൽ താമസം മതിയാക്കി തന്റെ ഔട്ട്ഹൗസിൽ താമസിക്കാൻ നിർബന്ധിക്കുന്നു. അതനുസരിച്ച് വിജയനും അപ്പുവും അടുത്ത ദിവസം തന്നെ ഔട്ട്ഹൗസിലേക്ക് താമസം മാറ്റുന്നു. താമസിക്കാൻ തുടങ്ങിയ ഉടൻ തന്നെ വിജയനും യമുനയും മനസ്സുകൊണ്ട് അടുക്കുന്നു.
യമുന മെമ്പർ ആയിട്ടുള്ള മഹിളാ സമാജത്തിന്റെ വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കാനായി വിഹരിയെ ക്ഷണിക്കുകയും, അദ്ദേഹം ക്ഷണം ഏറ്റ് വരാം എന്ന് സമ്മതിക്കുകയും ചെയ്യുന്നു. പരിപാടിയിൽ വിജയൻ പങ്കെടുക്കുമ്പോഴാണ് യമുന അറിയുന്നത് വിജയനാണ് വിഹരിയാണെന്ന സത്യം. പരിപാടിയിൽ പ്രസംഗത്തിന് പകരം വിജയൻ അവതരിപ്പിച്ച ഗാനം യമുനയെ വിജയനുമായി കൂടുതൽ അടുപ്പിക്കുന്നു. അവർ പ്രണയിക്കുന്ന വിവരം യമുനയുടെ അമ്മ ഭാഗീരഥിയമ്മ (ടി.ആർ.ഓമന) അറിയുകയും, അവർ യഥാക്രമം അത് ജനാർദ്ദനൻ പിള്ളയെ അറിയിക്കുകയും ചെയ്യുന്നു. ജനാർദ്ദനൻ പിള്ള വിജയന്റെ അമ്മയെക്കണ്ട് സംസാരിക്കുന്നതിന് മുൻപ് വിജയനെ വിളിച്ച് ഈ കാര്യത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ, യമുനയെ തനിക്കിഷ്ടമാണെന്നും, വിവാഹം കഴിക്കാൻ തയ്യാറാണെന്നും, തന്റെ വീട്ടുകാർക്കും അതിൽ സമ്മതമായിരിക്കും എന്ന് അറിയിക്കുന്നു. അപ്പോൾ, യമുനയ്ക്ക് കൊടുക്കാനായിട്ട് തന്റെ കൈയ്യിൽ ഒന്നുമില്ലെന്നും, ഈ വീട് മാത്രമാണ് ആകെയുള്ള സ്വത്തെന്നും ജനാർദ്ദനൻ പിള്ള പറയുമ്പോൾ, താങ്കളുടെ ഏറ്റവും വലിയ നിധിയെ അല്ലെ എന്നെ ഏൽപ്പിക്കാൻ പോവുന്നതെന്ന് വിജയൻ പറയുന്നു.
ഇതേ സമയത്ത് നീലകണ്ഠപ്പിള്ള ലക്ഷ്മിയമ്മയെക്കണ്ട് തന്റെ മകൾ പാർവ്വതിയെ (ശോഭ) വിജയന് വിവാഹം കഴിച്ചുകൊടുക്കാനുള്ള ആഗ്രഹം അറിയിക്കുന്നു. പാർവ്വതി മുറപ്പെണ്ണായത് കൊണ്ടും, വിജയൻ ദണ്ണം വന്ന് കിടപ്പിലായിരുന്നപ്പോൾ അവനെ ചികിത്സിച്ച് അവന് പുനർജ്ജന്മം നൽകിയ കടപ്പാടുള്ളത് കൊണ്ടും അവൻ ഈ ബന്ധത്തിന് എതിർപ്പൊന്നും പ്രകടിപ്പിക്കില്ലെന്ന് ലക്ഷ്മിയമ്മ പറയുന്നു. എന്നാലും, വിജയനെക്കണ്ട് അവന്റെ അഭിപ്രായം കൂടി അറിഞ്ഞു വരാൻ വേണ്ടി നീലകണ്ഠപ്പിള്ള എറണാകുളത്തിലേക്ക് പുറപ്പെടുന്നു. ആ നേരത്ത് ജനാർദ്ദനൻ പിള്ളയും, ഭാഗീരഥിയമ്മയും അവിടേക്ക് കടന്നു വരുന്നു. അവർ തമ്മിൽ കുശലം പറഞ്ഞ ശേഷം, ജനാർദ്ദനൻ പിള്ള യമുനയെ വിജയന് വിവാഹം കഴിച്ചു കൊടുക്കുന്നതിനുള്ള സമ്മതം വാങ്ങാൻ വന്ന കാര്യം അറിയിക്കുകയും, നീലകണ്ഠപ്പിള്ള ലക്ഷ്മിയമ്മയിൽ നിന്നും അതിനുള്ള സമ്മതം വാങ്ങിത്തരണം എന്നും പറയുന്നു. മകളെ വിജയന് വിവാഹം കഴിച്ചുകൊടുത്ത് കരകയറ്റാനുള്ള സന്ദർഭം കൈവിട്ടുപോവുന്നതിൽ നീലകണ്ഠപ്പിള്ളയ്ക്ക് വിഷമമുണ്ടെങ്കിലും, അദ്ദേഹം ലക്ഷ്മിയമ്മയെക്കണ്ട് വിജയനും യമുനയും തമ്മിലുള്ള വിവാഹത്തിന് സമ്മതം വാങ്ങിക്കുകയും, വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു.
പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകൾ പരിശോധിക്കുന്ന സമയം എത്തുന്നു. വിജയൻ ഓടിനടന്ന് പരിശ്രമിച്ചതിന്റെ ഫലമായി അപ്പുവിന് സയൻസ് പേപ്പർ ഒഴിച്ച് മറ്റു വിഷയങ്ങൾക്ക് ലഭിച്ച മാർക്കുകൾ ശേഖരിക്കുവാൻ സാധിക്കുന്നു, അതിലെല്ലാം നല്ല മാർക്കുകൾ ലഭിക്കുകയും ചെയ്തിരുന്നു. സയൻസിന് മാത്രം അപ്പുവിന് അല്പം സംശയം തോന്നിയിരുന്നു. സയൻസ് പേപ്പർ പരിശോധിക്കുന്നത് ജനാർദ്ദനൻ പിള്ളയാണെന്ന് അപ്പു പറയുമ്പോൾ, യമുയനോട് ചോദിച്ച് അറിയാമല്ലോ എന്ന് വിജയൻ പറയുമ്പോൾ, അപ്പു പേടിക്കുന്നത് കണ്ട്, ഇത്തവണ നീ ജയിച്ചത് തന്നെ, ഞാൻ ഏറ്റു എന്ന് വിജയൻ അപ്പുവിന് വിശ്വാസം പകരുന്നു. എന്നാലും, ജനാർദ്ദനൻ പിള്ളയെക്കണ്ട് തനിക്ക് വേണ്ടി സംസാരിക്കണം എന്ന് കാണിച്ച് അപ്പു നീലകണ്ഠപ്പിള്ളയ്ക്ക് കത്തെഴുതുന്നു. പാർവ്വതിയും അദ്ദേഹത്തെക്കണ്ട് അപ്പുവിന് വേണ്ടി സംസാരിക്കണം എന്ന് നിർബന്ധിക്കുമ്പോൾ നീലകണ്ഠപ്പിള്ള ജനാർദ്ദനൻ പിള്ളയെക്കണ്ട് സംസാരിക്കാൻ തീരുമാനിക്കുന്നു.