ഡോ കെ ഓമനക്കുട്ടി
കർണാടകസംഗീതജ്ഞനും ഹാർമോണിസ്റ്റുമായിരുന്ന മലബാർ ഗോപാലൻ നായരുടെയും സംഗീതാധ്യാപിക ഹരിപ്പാട് മേടയിൽ കമലാക്ഷിയമ്മയുടെയും മകളായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു. പ്രമുഖ സംഗീതഞ്ജനായ എം.ജി. രാധാകൃഷ്ണൻ, ഗായകൻ എം.ജി. ശ്രീകുമാർ എന്നിവർ സഹോദരങ്ങളാണ്. മാവേലിക്കര ആർ. പ്രഭാകര വർമ്മയാണ് ഓമനക്കുട്ടിയുടെ ആദ്യ ഗുരു. ബോട്ടണിയിൽ ബിരുദം നേടിയിരുന്ന ഓമനക്കുട്ടിയെ ഗാനപ്രവീണക്ക് ചേരാൻ പ്രോത്സാഹിപ്പിച്ചത് അന്ന് അക്കാദമിയുടെ മേധാവിയായിരുന്ന ആചാര്യൻ ശെമ്മങ്കുടി ശ്രീനിവാസ അയ്യരും ജി.എൻ. ബാലസുബ്രമണ്യവും ആയിരുന്നു.
ആകാശവാണിയിൽ അനൗൺസർ ജോലി കിട്ടിയ ഓമനക്കുട്ടി അച്ഛന്റെ നിർബന്ധത്തിന് രാജിവച്ച് നഗരത്തിലെതന്നെ ഗവൺമെൻറ് കോളേജ് ഫോർ വിമൻസിൽ സംഗീതാദ്ധ്യാപികയുടെ താൽക്കാലിക ഒഴിവിൽ ചേർന്നു. തുടർന്നവിടെ മുപ്പത്തിഏഴ് വർഷം ജോലി ചെയ്തു. പിന്നീട് കേരള സർവകലാശാലയിൽ സംഗീതവിഭാഗം മേധാവിയായി. ഇരുപത്തിനാലാം വയസ്സിൽ തന്നെ മദ്രാസ് മ്യൂസിക് അക്കാദമിയിൽ ഓമനക്കുട്ടി കച്ചേരിയവതരിപ്പിച്ചിട്ടുണ്ട്.
1988 ൽ സഹോദരൻ എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അയിത്തം എന്ന സിനിമയിലാണ് ഓമനക്കുട്ടി ആദ്യമായി പിന്നണി ഗാനം ആലപിക്കുന്നത്. പിന്നീട് വാനപ്രസ്ഥം, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നീ ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചു. ചില ലളിത ഗാനങ്ങൾക്ക് അവർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഒരേസമയം മികച്ച സംഗീതാദ്ധ്യാപികയും കച്ചേരികള്‍ നടത്തുന്ന സംഗീതജ്ഞയുമായ ഓമനക്കുട്ടി സ്വാതി തിരുനാള്‍ കൃതികള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കി. സംഗീതത്തിന്റെ പ്രയോഗത്തില്‍ നൂതനമായ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി പുതിയ തലമുറയെ സംഗീതത്തിലേക്ക് ആകര്‍ഷിക്കാന്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തി. സര്‍വകലാശാല തലത്തില്‍ സംഗീത പഠനത്തിന് ആവശ്യമായ പാഠ്യ പദ്ധതി രൂപപ്പെടുത്തുന്നതിലും അവർ വലിയ സംഭാവനകള്‍ നല്‍കി. 1997 ൽ സംഗീതഭാരതി എന്ന സ്ഥാപനം ആരംഭിച്ചു. കെ.എസ്. ചിത്രയടക്കം നിരവധി പ്രമുഖർ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു.
കഥകളിസംഗീതം - ഉത്ഭവവും വികാസവും എന്ന വിഷയത്തിൽ ഡോക്റ്ററേറ്റ് ലഭിച്ചിട്ടുള്ള ഓമനക്കുട്ടിയ്ക്ക് കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 1997 ൽ കേരള സംഗീത നാടക അക്കാദമി അവാർഡും നേടുകയുണ്ടായി. ശാസ്ത്രീയ സംഗീതത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ സ്വാതി പുരസ്‌കാരവും (2020) ലഭിച്ചിട്ടുണ്ട്.
ആൾ ഇന്ത്യ റേഡിയോയിൽ ചീഫ് എഞ്ചിനിയറായിരുന്ന എം പി ഗോപിനാഥൻ നായരായിരുന്നു ഓമനക്കുട്ടിയുടെ ഭർത്താവ്. ഏകമകൾ കമലാ ലക്ഷ്മി. അന്തരിച്ച സംഗീതജ്ഞൻ ആലപ്പുഴ കെ.എസ്. ശ്രീകുമാർ മരുമകനായിരുന്നു. ഇവരുടെ മക്കൾ. കെ.എസ്. ഹരിശങ്കർ (വായ്പ്പാട്ട്, സിനിമാഗായകൻ), കെ.എസ്. രവിശങ്കർ (വയലിൻ).