നാഞ്ചിയമ്മ

Nanjamma
nanjamma
നഞ്ചമ്മ
Nanchiyamma
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 8

കേരള,തമിഴ്നാട് അതിർത്തിയിൽ ആലങ്കട്ടി പുതൂർ എന്ന സ്ഥലത്ത് ആദിവാസി ഇരുള വിഭാഗത്തിലാണ് നാഞ്ചിയമ്മ ജനിച്ചത്. പാട്ടുകാരിയായ മുത്തശ്ശിയിൽനിന്നും നാല്, അഞ്ച് വയസ്സ് പ്രായത്തിൽ പാട്ടുകൾ കേട്ടു പഠിച്ചാണ് നാഞ്ചിയമ്മ പാട്ടുകാരിയായത്. മരണമായാലും കല്യാണമായാലും വിത്തിറക്കലായാലും എവിടെ പാട്ടുണ്ടോ അവിടെയെല്ലാം നാഞ്ചിയമ്മ എന്ന ബാലിക പാടാനുണ്ടാകും. പാട്ടിനോട് അത്രമാത്രം ഇഷ്ടമായിരുന്നു. ചെറുപ്രായത്തിൽ തന്നെ നാഞ്ചിയമ്മ സ്വന്തമായി പാട്ടുണ്ടാക്കി പാടാൻ തുടങ്ങിയിരുന്നു. എഴുത്തും വായനയും അറിയാത്തതുകൊണ്ട് പാട്ടുകളെല്ലാം അവർ മനസ്സിൽ സൂക്ഷിച്ചുവച്ചു.

പതിമൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ നഞ്ചപ്പനെ കല്യാണം കഴിച്ച് അട്ടപ്പാടിയിലെ നക്കുപ്പതിപ്പിരിവ് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അട്ടപ്പാടിയിൽ വന്നതിനുശേഷം ആടുമേക്കലായിരുന്നു നാഞ്ചിയമ്മയുടെ പ്രധാനതൊഴിൽ. ഭർത്താവ് നഞ്ചപ്പൻ പാട്ടിനൊപ്പം പൊറൈ വായിച്ചിരുന്ന പക്കമേളക്കാരനായിരുന്നൂ. ആദിവാസി ഊരുകളിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി കൂത്ത് നടക്കാറുണ്ട്. ഹരിശ്ചന്ദ്രൻ കൂത്ത്, രാമർ കൂത്ത്, കോവിലൻ കൂത്ത് തുടങ്ങിയവ. നാഞ്ചിയമ്മയൂടെ ജ്യേഷ്ഠനായ കാളി ഹരിശ്ചന്ദ്രൻ കൂത്തിലെ അഭിനേതാവും ഗായകനുമായിരുന്നു. ആ കാലത്ത് സത്രീകൾക്ക് കൂത്തുകളിൽ അഭിനയിക്കാനോ പാടാനോ അനുവാദമുണ്ടായിരുന്നില്ലെങ്കിലും നഞ്ചിയമ്മ കുത്തിലെ പാട്ടും പാട്ടുരീതികളും പഠിച്ചെടുത്തിരുന്നു.

നാഞ്ചിയമ്മ ആദ്യമായി ഒരു വേദിയിൽ പാടൂന്നത് 2004 ലാണ്. അഹാഡ്സ് സങ്കടിപ്പിച്ച ആദിവാസി സ്ത്രീകളുടെ കൂട്ടായ്മയുടെ വേദിയിലായിരുന്നൂ നാഞ്ചിയമ്മ പാടിയത്. അഹാഡ്സിന്റെ അസിസ്റ്റന്റ് ഡയറക്ടറും നർത്തകനും അഭിനേതാവുമൊക്കെയായിരുന്ന പഴനിസാമി നാഞ്ചിയമ്മയുടെ പാട്ട് കേൾക്കുകയും പാട്ടിഷ്ടപ്പെട്ട അദ്ദേഹം തന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആസാദ് കലാസംഘത്തിലേക്ക് തന്റെ ബന്ധൂകൂടിയായ നാഞ്ചിയമ്മയെ ക്ഷണിക്കുകയും ചെയ്തു. പതിയെ ആസാദ് കലാസംഘത്തിലെ പ്രധാനഗായികയായി നാഞ്ചിയമ്മ മാറി. തുടർന്ന് കേരളത്തിനകത്തും പുറത്തൂമുള്ള വേദികളിൽ അവർ നാടൻ പാട്ടുകൾ പാടി. നാടൻ പാട്ടുകളെ പ്രചരിപ്പിക്കാനും സംരക്ഷിക്കാനും നാഞ്ചിയമ്മ നടത്തിയ യാത്രകളാണ് 2010 ലെ ഫോക്ലോർ അവാർഡിന് അവരെ അർഹയാക്കിയത്.

വെളുത്ത രാത്രികൾ എന്ന സിനിമയിലൂടെയാണ് നാഞ്ചിയമ്മ ചലച്ചിത്ര പിന്നണി ഗായികയാകുന്നത്.  അതിനു ശേഷം അയ്യപ്പനും കോശിയും എന്ന സിനിമയിലാണ് പാടിയത്. പഴനിസാമി വഴിയാണ് സംവിധായകൻ സച്ചി നാഞ്ചിയമ്മയുടെ പാട്ടുകൾ കേൾക്കുന്നത്‌. പാട്ടിഷ്ടപ്പെട്ട സച്ചി തന്റെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനുവേണ്ടി ഒരു നാടൻ പാട്ട് ആവശ്യപ്പെട്ടു.. എഴുത്തും വായനയുമറിയാത്ത നാഞ്ചിയമ്മ തന്റെ മനസ്സിലെ താളുകളിൽ എഴൂതിയ വരികൾ ഇഷ്ടപ്പെട്ട സംവിധായകൻ സച്ചീ ആ ഗാനം നാഞ്ചിയമ്മയെ കൊണ്ട്തന്നെ  സിനിമയിൽ പാടിക്കുകയും ചെയ്തു. ജേക്സ് ബിജോയുടെ സംഗീതത്തിൽ ഇറങ്ങിയ നാഞ്ചിയമ്മയുടെ ഗാനം വലിയതോതിൽ ജനപ്രിയമായി എന്നുമാത്രമല്ല 2020 ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നാഞ്ചിയമ്മയക്ക് ഈ പാട്ടിലൂടെ ലഭിക്കുകയും ചെയ്തു. സ്റ്റേഷൻ 5ഇ എം ഐ, മ്..... എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. അയ്യപ്പനും കോശിയും, ചെക്കൻ എന്നീ സിനിമകളിൽ നാഞ്ചിയമ്മ അഭിനയിക്കുകയും ചെയ്തു.