മനോരമ

Manorama
Date of Birth: 
Wednesday, 26 May, 1937
Date of Death: 
Saturday, 10 October, 2015
ആച്ചി
പല്ലാത്തൂർ പപ്പ
ഗോപിശാന്ത
ആലപിച്ച ഗാനങ്ങൾ: 1

1937 മെയ് 26ന് കാശി കിലാകുഡൈയരുടെയും രാമാമൃതത്തിന്റെയും മകളായി തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ മന്നാർഗുഡിയിലാണ് ഗോപിശാന്ത എന്ന മനോരമയുടെ ജനനം. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ മന്നാര്‍ഗുഡയിലായിരുന്നു ഗോപിശാന്തയെന്ന മനോരമയുടെ ജനനം. കൊടിയ ദാരിദ്ര്യം മൂലം മനോരമക്ക് ആറാം ക്ലാസിൽ പഠനമുപേക്ഷിക്കേണ്ടി വന്നു.  പട്ടിണി സഹിക്കാതെയാണു അവരുടെ കുടുംബം നാടുവിട്ട് കരക്കുടിക്ക് സമീപം പള്ളാത്തൂരിലെത്തിയത്. പന്ത്രണ്ടാം വയസ്സ് മുതൽ അവർ നാടകങ്ങളിൽ പാടുവാൻ തുടങ്ങി. അക്കാലത്ത് പെണ്‍വേഷം കെട്ടിയാടിയ നായകന്മാര്‍ക്കുവേണ്ടി ഗോപിശാന്ത പാടുവാൻ തുടങ്ങി. നാടകങ്ങളിൽ പാടിയിരുന്നെങ്കിലും അരങ്ങത്ത് എത്തിയത് അവിചാരിതമായായിരുന്നു. വിധിയില്‍ വിചിത്രം എന്ന നാടകത്തില്‍ നടന്റെ പെണ്‍വേഷം ശരിയാകാതെ വന്നപ്പോള്‍ ഗോപിശാന്തയെ സംവിധായകൻ വേദിയിലെത്തിക്കുകയായിരുന്നു. ആ വേഷം സദസ്സിന്റെ കയ്യടി നേടിയതോടെ സംവിധായകൻ ആ വേഷത്തിലേക്ക് ഗോപിശാന്തയെ തന്നെ നിയോഗിച്ചു. ആ സമയത്താണു ഗോപിശാന്ത എന്ന പേരുമാറ്റി മനോരമ എന്ന പേര് അവർ സ്വീകരിച്ചത്. പ്രശസ്ത നാടകകാരനായ  തിരുവെങ്കിടവും ഹാര്‍ണമോണിയം വിദഗ്ദ്ധന്‍ ത്യാഗരാജനുമാണ് മനോരമയിലെ നടിയെ മിനുക്കിയെടുക്കാൻ സഹായിച്ചത്. നാടക  പിന്നണി ഗാനരംഗത്തും മനോരമ സജീവമായിരുന്നു. സംഭാഷണങ്ങള്‍ പറയാനുള്ള മനോരമയുടെ കഴിവ് കണ്ട എസ്. എസ്.രാജേന്ദ്രൻ തന്റെ എസ്.എസ്. ആര്‍. നാടക മണ്‍ട്രം കമ്പനിയിലേക്ക് അവരെ ക്ഷണിച്ചു, രാജേന്ദ്രന്റെ മണിമകുടം എന്ന നാടകത്തിലൂടെയാണ് മനോരമ പ്രശസ്തയാകുന്നത്. തമിഴിൽ പിന്നീട് പ്രശസ്ത നടനായി മാറിയ മുത്തുരാമനാണ് മനോരമയ്‌ക്കൊപ്പം അഭിനയിച്ചത്. ആ സമയത്ത് കരുണാനിധിയുടെയും അണ്ണാദുരൈയയുടെയുമെല്ലാം നാടകങ്ങളിലും മനോരമ അഭിനയിച്ചു. നാടക രംഗത്ത് സജീവമായ സമയത്ത് ആ ട്രൂപ്പിലെ അംഗമായിരുന്ന രാമനാഥനെ അവർ വിവാഹം ചെയ്തു. അവർക്കൊരു മകൻ ജനിച്ച് അധിക കാലം കഴിയുന്നതിനു മുന്നേ അവർ പിരിയുകയും ചെയ്തു.

എസ്.എസ്. രാജേന്ദ്രനും ദേവികയും അഭിനയിച്ച ഒരു ചിത്രത്തിൽ മനോരമ അഭിനയിച്ചുവെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് സിംഹള ചിത്രത്തിലും അവർ അഭിനയിച്ചു. 1958-ൽ കണ്ണദാസൻ നിർമ്മിച്ച മാലയിട്ട മങ്കൈയിലൂടെ മനോരമ തമിഴ് ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നു. ആ ചിത്രത്തിൽ അക്കാലത്തെ പ്രശസ്ത ഹാസ്യ നടനായ കാക്ക രാധാകൃഷ്ണനായിരുന്നു മനോരമയുടെ ജോഡി. 1963ല്‍ പുറത്തിറങ്ങിയ കൊഞ്ചും കുമാരിയിലാണ് അവർ ആദ്യമായി നായികയായത്. ചോ രാമസ്വാമിയും മനോരമയും അക്കാലത്തെ തിളങ്ങുന്ന താരജോഡികളായിരുന്നു. 1968 ൽ ഇറങ്ങിയ തില്ലാന മോഹനാബാളിലെ വേഷമാണ് മനോരമയെ തമിഴ് നാട്ടിലൊട്ടുക്കും പ്രശസ്തയാക്കിയത്. നിരവധി ചിത്രങ്ങളിൽ പിന്നീട് ശിവാജി ഗണേശനു തുല്യമായ വേഷങ്ങൾ മനോരമക്ക് ലഭിച്ചു. പില്‍ക്കാലത്ത് മനോരമയും ഹാസ്യത്തിന്റെ വഴിയിലെത്തി, പക്ഷേ ഹാസ്യ നടന്മാരുടെ നിഴലില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ മനോരമ പുറത്ത് വന്നു. സ്ത്രീകൾ ഹാസ്യം കൈകാര്യം ചെയ്യുന്ന പതിവില്ലായിരുന്ന സമയത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ അവർ മറ്റുള്ളവരിൽ നിന്നും വേറിട്ട്‌ നിന്നു. അത് കൊണ്ടു തന്നെ പലപ്പോഴും മനോരമയ്ക്ക് ലഭിച്ചത് ഒപ്പമുള്ള നടനേക്കാള്‍ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. തങ്കവേലു, നാഗേഷ്, എം. ആര്‍. രാധ, എം.ആര്‍.ആര്‍, വാസു, ചന്ദ്രബാബു, രാജഗോപാല്‍, തെങ്കായ് ശ്രീനിവാസന്‍, ചുരുളായി രാജന്‍, കൗണ്ടമണി, വടിവേലു, വിവേക് തുടങ്ങിയ ഹാസ്യതാരങ്ങളെല്ലാം മനോരമയോട് മത്സരിച്ചഭിനയിച്ചവർ ആയിരുന്നു. ജോഡിയായി അഭിനയിക്കുന്നവരെ നിഷ്പ്രഭമാക്കുന്ന മനോരമയുടെ പ്രകടനം കണ്ട് പഴയ നായകന്‍ ചോ രാമസ്വാമി അവർക്ക് പെണ്‍ ശിവാജിയെന്ന പേര് ചാര്‍ത്തിക്കൊടുത്തു. ഹിന്ദി ചിത്രമായ കുന്‍വാര ബാപ്പില്‍ മഹമൂദിന്റെ ഹാസ്യ ജോഡിയായി മനോരമ അഭിനയിച്ചു.  അണ്ണാദുരൈയും എം.ജി.ആറും കരുണാനിധിയും എന്‍.ടി.രാമറാവുവും ജയലളിതയും എന്നീ അഞ്ച് മുഖ്യമന്ത്രിമാര്‍ക്കൊപ്പം മനോരമ സിനിമയില്‍ പ്രവര്‍ത്തിച്ചു. 2013ല്‍ പുറത്തിറങ്ങിയ സിങ്കത്തിന്റെ രണ്ടാം ഭാഗമാണ് അവസാനത്തെ ചിത്രം.

1971ല്‍ പി.സുബ്രഹ്മണ്യത്തിന്റെ ആന വളര്‍ത്തിയ വാനമ്പാടിയിലൂടെയാണ് ആദ്യമായി മലയാളത്തില്‍ എത്തിയത്. പിന്നീട് ജോണ്‍ അബ്രഹാമിന്റെ വിദ്യാര്‍ഥികളെ ഇതിലെ ഇതിലെയില്‍ വേഷമിട്ടു.  എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ ആ ചിത്രത്തിൽ 'ചിഞ്ചില്ലം ചിലും ചിലും' എന്ന ഗാനവും അവർ ആലപിച്ചു. കൊച്ചിന്‍ ഹനീഫയുടെ ആണ്‍കിളിയുടെ താരാട്ട്, ബേബിയുടെ വീണ്ടും ലിസ, കമലഹാസന്റെ പ്രേമാഭിഷേകം എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. അഭിനയത്തിനു പുറമെ നിരവധി ചിത്രങ്ങളിൽ പാടിയിട്ടുമുണ്ട്. ഏതാണ്ട് 300 തമിഴ്ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇളയരാജയുടെ ഗുരുവായ ജി.കെ. വെങ്കിടേഷ് സംഗീതം പകർന്ന മകളെ ഉന്‍ സമത്തുവിലായിരുന്നു പിന്നണിഗാനരംഗത്തെ മനോരമയുടെ അരങ്ങേറ്റം. എം എസ് വിശ്വനാഥ്, ഇളയരാജ, എ ആർ റഹ്മാൻ, വിദ്യാസാഗർ തുടങ്ങി പ്രഗത്ഭരായ സംഗീത സംവിധായകർക്കു വേണ്ടി മനോരമ പാടിയിട്ടുണ്ട്.

സിനിമാലോകം സ്‌നേഹപൂര്‍വം മനോരമയെ  ആച്ചിയെന്ന് വിളിച്ചു. തമിഴിനു പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 1500ലധികം ചലച്ചിത്രങ്ങളിൽ അവർ പിന്നീട് അഭിനയിച്ചു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നടി എന്ന ലോകറെക്കോർഡിനും അവർ ഉടമയാണ്. അതിനു പുറമേ ആയിരത്തിലേറെ നാടകങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. 1989ല്‍ പുതിയ പാതൈയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് അവരെ തേടി എത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 1995ല്‍ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ സംഭാവനകളെ മുൻനിറുത്തി രാജ്യം 2002-ൽ പദ്മശ്രീ പുരസ്കാരം നൽകി അവരെ ആദരിച്ചു.

2015 ഒക്ടോബർ പത്തിന് ഹൃദസ്തംഭനംമൂലം ചെന്നൈയിലെ വസതിയില്‍ വച്ച് അന്തരിച്ചു. നടനും ഗായകനുമായ ഭൂപതി മകനാണ്.

അവലംബം : മാതൃഭൂമിയിൽ വന്ന ലേഖനം