പാപികളാല്‍ നിറയുന്നു
പാപികളാല്‍ നിറയുന്നു പാരഖിലം ദൈവസുതന്‍
ബെതല്‍ഹേമില്‍ പുല്‍ത്തൊഴുത്തില്‍ പിറന്നിടുന്നു
മന്നിലെങ്ങും സമാധാനം മനുഷ്യര്‍ക്കുറ്റസംപ്രീതി
ആട്ടിടയന്മാര്‍ വരുന്നു പുല്‍ത്തൊഴുത്തില്‍ സര്‍വ്വലോക -
രാട്ടിനെക്കണ്ടു വന്നിച്ചു മടങ്ങീടുന്നു
സ്തുതിക്കുന്നു പണ്ഡിതന്മാര്‍ തപിക്കുന്നു നൃപതീന്ദ്രന്‍
വധിക്കുവാന്‍ വിധിക്കുന്നു ശിശുലോകത്തെ
ഗമിക്കുന്നീ വാര്‍ത്ത കേട്ടു തമ്പുരാനും കുടുംബവും
സമസ്തവും കൈവെടിഞ്ഞിട്ടീജിപ്തിലേക്കായ്
യോഗവിത്താമഖിലേശന്‍ ത്യാഗിയായ് സഞ്ചരിക്കുന്നു
യോഹന്നാനില്‍ നിന്നുതന്നെ സ്നാനമേല്‍ക്കുന്നു
സര്‍വ്വലോകസംപ്രശസ്ത ഗിരിഭാഷ്യം പ്രവചിപ്പൂ
നിര്‍വ്വഹിക്കുന്നനേകമാമത്ഭുത കര്‍മ്മം
പച്ചവെള്ളം നറുംവീഞ്ഞായ് മാറ്റിടുന്നീതൊരു ദിക്കില്‍
പക്ഷവാതം പിടിച്ചോനെ സുഖമാക്കുന്നു
വെറും അഞ്ചപ്പമങ്ങയ്യായിരം പേര്‍ക്കായ് വിളമ്പുന്നു
അറിവില്ലാത്തലോകത്തിന്നറിവേകുന്നു
കൈവരിപ്പൂ ജനപ്രീതി യൂദവര്‍ഗ്ഗം മിശിഹായെ
കൈവിലങ്ങിട്ടു രാജാവിന്‍ മുമ്പില്‍ നിര്‍ത്തുന്നു
വിധിച്ചീടാന്‍ വിധി നിര്‍ബന്ധിതമായ് വാങ്ങിയത്യന്തം
മദിക്കുന്നു രക്തദാഹ മദമത്തന്മാര്‍
കാല്‍വരിക്കു മരക്രൂശുമേന്തി അയ്യോ ഗമിക്കുന്നു
കൈവരിഞ്ഞു മുള്‍ക്കിരീടം മുടിചൂടുന്നു
ജീവരക്തമൊഴുകുമാവേളയിലും തിരുവാക്യം
ഹാ പിതാവേ ഇവരിലായ് കരുണയേകൂ