ലക്ഷ്മി ശർമ്മ

Lakshmi Sharma

തെന്നിന്ത്യൻ ചലച്ചിത്ര നടി. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഒരു ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ചു. അച്ഛൻ തെലുങ്കനും അമ്മ കന്നഡ സ്വദേശിനിയുമായിരുന്നു. അച്ഛൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിലും അമ്മ APSRTC -യിലുമായിരുന്നു ജോലിചെയ്തിരുന്നത്. ലക്ഷ്മിയുടെ മാതാപിതാക്കളുടെ റിട്ടയർമെന്റിനു ശേഷം അവർ ഹൈദരാബാദിൽ താമസമാക്കി. തെലുങ്കു സിനിമയിലൂടെയാണ് ലക്ഷ്മി ശർമ്മ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2000-ൽ Ammo Okato Thareeku എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ്  തുടക്കം. തുടർന്ന് 2002-ൽ Manamiddaram, Vacchina Vaadu Suryudu  എന്നീ സിനിമകളിൽ നായികയായി അഭിനയിച്ചു. പക്ഷേ ആ സിനിമകൾ രണ്ടും സാമ്പത്തികമായി പരാജയപ്പെട്ടു.  ആ വർഷം തന്നെ ചിരഞ്ജീവി ചിത്രമായ Indra യിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. തുടർന്ന് അഞ്ചാറ് സിനിമകളിൽ അഭിനയിച്ചെങ്കിലും തെലുങ്കിൽ ഒരു സ്ഥാനമുറപ്പിയ്ക്കാൻ ലക്ഷ്മിയ്ക്ക് കഴിഞ്ഞില്ല.

ലക്ഷ്മി ശർമ്മ പിന്നീട് മലയാളത്തിൽ അഭിനയിയ്ക്കാൻ തുടങ്ങി. 2006-ൽ പളുങ്ക് എന്ന സിനിമയിലൂടെയാണ് ലക്ഷ്മി ശർമ്മ മലയാളത്തിൽ എത്തുന്നത്. തുടർന്ന് നാല്പതോളം മലയാള ചിത്രങ്ങളിൽ നായികയായും സ്വഭാവനടിയായും അവർ അഭിനയിച്ചു. ഏതാനും കന്നഡ സിനിമകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും മലയാളത്തിലുമായി ചില സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.