കീർത്തി സുരേഷ്

Keerthy Suresh

തെന്നിന്ത്യൻ ചലച്ചിത്രതാരം. 1992 ഒക്റ്റോബർ 17- ന്  മലയാളത്തിലെ മുൻകാല നടിയായ മേനകയുടേയും മലയാള ചലച്ചിത്ര നിർമ്മാതാവായ സുരേഷ് കുമാറിന്റേയും മകളായി ചെന്നൈയിൽ ജനിച്ചു. നാലാം ക്ലാസ് വരെ ചെന്നൈയിൽ പഠിച്ച കീർത്തി സുരേഷിന്റെ തുടർന്നുള്ള പഠനം തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. സ്ക്കൂൾ പഠനത്തിനുശേഷം പേൾ അക്കാഡമിയിൽ ഫാഷൻ ഡിസൈനിംഗിൽ ഡിഗ്രി ചെയ്തതിനു ശേഷം, സ്കോട്ട്ലാൻഡ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നും ഇന്റേണൽഷിപ്പും പൂർത്തിയാക്കി. 

സ്കൂൾ പഠനകാലത്തു തന്നെ ബാലതാരമായി അഭിനയിച്ചിരുന്നു. അച്ഛൻ സുരേഷ് കുമാർ നിർമ്മിച്ച് 2000- ത്തിൽ റിലീസ് ചെയ്ത പൈലറ്റ്സ് ആയിരുന്നു കീർത്തിയുടെ ആദ്യ ചിത്രം. പിന്നീട് അച്ഛനെയാണെനിക്കിഷ്ടം,കുബേരൻ എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. 2004 - 2006 വർഷങ്ങളിൽ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ സന്താനഗോപാലം, അമൃത ടിവിയിലെ കൃഷ്ണകൃപാ സാഗരം എന്നീ സീരിയലുകളിലാണ് അഭിനയിച്ചത്. 2013- ൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഗീതാഞ്ജലി യിൽ നായികയായാണ് കീർത്തി സുരേഷ് പതിനൊന്നുവർഷത്തിനുശേഷം സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. ഗീതയായും അഞ്ജലിയായും ഇരട്ടവേഷത്തിൽ ആ ചിത്രത്തിൽ അഭിനയിച്ചു. ഗീതാഞ്ജലി വിജയമായില്ലെങ്കിലും, 2014- ൽ ദിലീപിനോടൊപ്പം അഭിനയിച്ച റിംഗ് മാസ്റ്റർ വലിയ വിജയം നേടിയ ചിത്രമായിരുന്നു. അന്ധയായ പെൺകുട്ടിയായിട്ടായിരുന്നു അതിൽ അഭിനയിച്ചത്.

മലയാളത്തിനു പുറത്തേയ്ക്കുള്ള കീർത്തിയുടെ ചുവടുവെപ്പ് 2015- ൽ ഇതു എന്ന മായം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. തമിഴ് സിനിമയിലെ മികച്ച പുതുമുഖ നടിയ്ക്കുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നേടിയെടുത്തു. 2016- ലാണ് കീർത്തി സുരേഷ് തെലുങ്കു ചിത്രത്തിലഭിനയിക്കുന്നത്. നേനു ശൈലജ ആയിരുന്നു ആദ്യ ചിത്രം. ആ ചിത്രത്തിലെ കീർത്തിയുടെ അഭിനയം തെലുങ്കിലെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്തു.  ശിവ കാർത്തികേയനോടൊപ്പം അഭിനയിച്ച റെമോ, വിജയ്യോടൊപ്പം അഭിനയിച്ച ഭൈരവ, സർക്കാർ സൂര്യയോടൊപ്പം അഭിനയിച്ച താനാ സേർന്ത കൂട്ടം വിശാലിനോടൊപ്പം അഭിനയിച്ച സണ്ട കോഴി എന്നിവ കീർത്തിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. തെലുങ്കിലും നിരവധി ചിത്രങ്ങളിൽ കീർത്തി നായികയായിട്ടുണ്ട്. 2021- ൽ പ്രിയദർശൻ - മോഹൻലാൽ  ചിത്രമായ കുഞ്ഞാലി മരക്കാർ IV എന്ന മലയാള ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

2018- ൽ ഇറങ്ങിയ തെലുങ്കു ചിത്രമായ മഹാനടി കീർത്തിയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. തെലുങ്കിനോടൊപ്പം തമിഴിലും ഇറങ്ങിയ സിനിമ വലിയവിജയം നേടി. പഴയകാല സിനിമാതാരമായിരുന്ന സാവിത്രിയുടെ ജീവിത കഥ പറഞ്ഞ സിനിമയിൽ സാവിത്രിയായുള്ള കീർത്തിയുടെ അഭിനയം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയെടുത്തു. മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ മഹാനടിയിലൂടെ കീർത്തി സുരേഷിന് ലഭിച്ചു. മഹാനടിയുടെ വിജയം മൂലം തെന്നിന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാളായി കീർത്തി സുരേഷ് മാറി. സാമി സ്ക്വയർ എന്ന തമിഴ് ചിത്രത്തിലെ "പുതു മെട്രോ റെയിൽ...എന്ന ഗാനം വിക്രമിനോടൊപ്പം ആലപിച്ചുകൊണ്ട് ഒരു ഗായിക എന്ന നിലയിലും കീർത്തി തന്റെ കഴിവു തെളിയിച്ചു.

അവാർഡുകൾ-

3rd South Indian International Movie Awards Best Female Debut – Malayalam Geethaanjali
2016 5th South Indian International Movie Awards Best Female Debut - Tamil 
National Film Awards National Film Award for Best Actress Mahanati
8th South Indian International Movie Awards Best Actress – Telugu 
66th Filmfare Awards South Best Actress – Telug